കൊച്ചി: കേരളത്തിന് നഷ്ടമായ വികസനത്തിന്റെ തുടര്‍ച്ച വീണ്ടെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ ലോകത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളം കൈവരിച്ച മുന്നേറ്റം മറ്റ് മേഖലകളില്‍ സൃഷ്ടിക്കാനായില്ല. വിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിലാണെങ്കിലും ഐടി അടക്കമുള്ള രംഗങ്ങളില്‍ കേരളം പിന്നിലായതിന്റെ തിരിച്ചടി പരിഹരിക്കാന്‍ ദിശാബോധമുള്ള പ്രവര്‍ത്തനങ്ങളിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയും വ്യവസായ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ഐടി, ഇലക്ട്രോണിക്സ് സെമിനാറിന്റെ സമാപന സമ്മാളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മാറ്റത്തിനുള്ള വൈമുഖ്യമാണ് കേരളത്തെ പിന്നോട്ടടിച്ചത്. മറ്റ് സംസ്ഥാനങ്ങള്‍ കമ്പ്യൂട്ടറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയപ്പോള്‍ നമ്മള് അതിനെതിരെ സമരത്തിലായിരുന്നു. ഇന്റര്‍നെറ്റ് യുഗത്തിലും അവസരത്തിനൊത്തുയരാന്‍ കേരളത്തിന് കഴിഞ്ഞില്ല. ഇനി ഈ സ്മാര്‍ട്ട് ഫോണ്‍ യുഗത്തിലെങ്കിലും അവസരങ്ങള്‍ നഷ്ടപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ അവസരങ്ങളിലേക്ക് ലോകത്തെ ആകര്‍ഷിക്കാനുള്ള ശ്രമമമായിരുന്നു എമര്‍ജിങ് കേരള. ഇതൊരു നിക്ഷേപ സംഗമമാണെന്നും ഭൂമി വീതം വയ്ക്കലാണെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും ഏറ്റവും കുറവ് തൊഴില്‍ ദിന നഷ്ടം ഇവിടെയാണെന്നും ലോകത്തെ ബോധ്യപ്പെടുത്താന്‍ ഈ പരിപാടിയിലൂടെ കഴിഞ്ഞു. തൊഴില്‍ സമരം മൂലം ഒരു കമ്പനി പോലും കേരളത്തില്‍ അടുത്ത കാലത്ത് പൂട്ടിയിട്ടില്ല. മത്സരത്തില്‍ പിടിച്ചു നിന്നാല്‍ മാത്രമേ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുകയുള്ളൂ എന്ന തിരിച്ചറിവ് തൊഴിലാളികള്‍ക്കും തൊഴിലാളി യൂണിയനുകള്‍ക്കുമുണ്ട്.
കേരളത്തെ ഇലക്ട്രോണിക്സ് സംസ്ഥാനം എന്ന നിലയില്‍ രാജ്യത്തെ ലക്ഷ്യസ്ഥാനമാക്കി വളര്‍ത്തിയെടുക്കാനുള്ള പദ്ധതികളാണ് വ്യവസായ, ഐ.ടി വകുപ്പുകള്‍ നടപ്പാക്കുന്നതെന്ന് അധ്യക്ഷത വഹിച്ച വ്യവസായ, ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മന്ത്രി കെ.എം. മാണി, മന്ത്രി കെ. ബാബു, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, മേയര്‍ ടോണി ചമ്മിണി, കേരള ചേംബര്‍ ചെയര്മാന് കെ.എന്‍. മര്‍സൂഖ്, വി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: