ന്യൂദല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഇന്ത്യന്‍ സൈനികരുടെ വധവും നിരസിച്ചുപോരുന്ന പാക്കിസ്ഥാന് ഇപ്പോള്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത് സമാധാന ചര്‍ച്ചകളാണ്. സംഭവം നടന്ന ഈ മാസം മുതല്‍ പ്രകോപനമുണ്ടാക്കുന്ന പാക്കിസ്ഥാന് ഇപ്പോള്‍ വേണ്ടത് ചര്‍ച്ചകളാണ്. സര്‍ക്കാര്‍ അനാസ്ഥ കാണിച്ചാലും ഇന്ത്യയിലെ ജനങ്ങളുടെ ശക്തമായ പ്രതികരണങ്ങള്‍ പാക്കിസ്ഥാനില്‍ കൊള്ളേണ്ടവര്‍ക്ക് കൊണ്ടു. ഹോക്കി മല്‍സരത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കുമായി ഇന്ത്യന്‍ മണ്ണിലെത്തിയ പാക്കിസ്ഥാനികള്‍ക്ക് നിലം തൊടാനാകാതെ സ്വദേശത്തേക്ക് മടങ്ങി പോകേണ്ടി വന്നതും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് അയവുണ്ടാവാന്‍ കാരണമായി. പ്രതിപക്ഷ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വിസ കരാര്‍ നിര്‍ത്തിവച്ചത് പാക് പൗരന്മാരുടെ വ്യാവസായിക സ്വപ്നങ്ങള്‍ക്ക് പ്രതികൂലമാകുമെന്നും അവര്‍ തിരിച്ചറിഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് യുദ്ധവെറിയാണെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഹീന റബ്ബാനി ഖര് വിദേശത്ത് വച്ച് പ്രഖ്യാപിച്ചത്. പിന്നീട് ചര്‍ച്ച വേണമെന്നായി അവരുടെ ആവശ്യം. സൈനികരും രഷ്ട്രീയക്കാരും മാധ്യമങ്ങളും പാക്കിസ്ഥാനുമായി യുദ്ധം അഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ സൈനികരുടെ മൃഗീയമായ വധത്തിന് ശേഷം ആദ്യമായി സമാധാന ചര്‍ച്ച ആവശ്യപ്പെട്ടത് അന്നായിരുന്നു. ഇന്ത്യയുടെ തിരിച്ചടി പ്രത്യക്ഷമായി ഉണ്ടാവാന്‍ തുടങ്ങിയപ്പോഴുള്ള പാക് ഭരണകൂടത്തിന്റെ ആദ്യ ചുവടു മാറ്റം.
വ്യോമസേന തലവന്റേയും വിദേശകാര്യ മന്ത്രിയുടേയും ശക്തമായ താക്കീതുകള്‍ക്ക് ശേഷവും അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും വെടിവയ്പ്പും തുടര്‍ന്നു. ഒടുവില്‍ ബുധനാഴ്ച്ചയാണ് അതിര്‍ത്തി ചെറിയതോതിലെങ്കിലും ശാന്തമായത്. വിദേശകാര്യമന്ത്രിയുടെ പ്രതികരണമുണ്ടായ അന്നു മുതല്‍ വെടിവയ്പ്പൊന്നും അതിര്‍ത്തിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച്ച നിക്ഷേപക സംഗമമായ വൈബ്രന്റ് ഗുജറാത്തില്‍ പങ്കെടുക്കാനെത്തിയ കറാച്ചി ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രതിനിധി സംഘത്തെ ഗുജറാത്ത് സര്‍ക്കാര്‍ മടക്കി അയച്ചയച്ചതോടെയാണ് പാക്കിസ്ഥാന് ഭരണകൂടം അയഞ്ഞുതുടങ്ങിയത്. ഇവരെ പരിപാടിയില്‍ പങ്കെടുപ്പിക്കാതെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി മടക്കി അയക്കുകയായിരുന്നു. ഇതാണ് പാക്കിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ നടപടികള്‍ക്ക് ലഭിച്ച ആദ്യ മറുപടി.
ഇതിനു പുറമേയാണ് മുംബൈയില്‍ എച്ച്ഐഎല്‍ ഫ്രാഞ്ചൈസി മുംബൈ മെജിഷ്യന്സ് ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള നാലു പാക്കിസ്ഥാനി കളിക്കാരെ നിലം തൊടീക്കാതെ പാക്കിസ്ഥാനിലേക്ക് ശിവസേന മടക്കി അയച്ചത്. ശിവസേനയുടെ ശ്കതമായ പ്രതിഷേധത്തെ തുടര്‍ന്ന് ഹോക്കി ഇന്‍ഡ്യ ഇവരെ കളിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ബുധനാഴ്ച്ചയാണ് ഇവര്‍ മടങ്ങിയത്.
അടുത്ത മാസം മുംബൈയില്‍ തന്നെ നടക്കാനിരിക്കുന്ന വനിതാ ക്രിക്കറ്റ് ലോക കപ്പ് മല്‍സരം ഇപ്പോഴും അനിശ്ചിതമായി തുടരുന്നു. പാക്കിസ്ഥാന്റെ വനിതാ സംഘത്തേയും മുംബൈയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്നാണ് ശിവസേന പറഞ്ഞത്. ഇതുപ്രകാരം വേദി മുംബൈയില്‍ നിന്ന് അഹമദാബാദിലേക്ക് മാറ്റാന്‍ ബിസിസിഐ ശ്രമം നടത്തിയെങ്കിലും ഗുജറാത്ത് സര്‍ക്കാര്‍ അനുവദിച്ചില്ല. വേദി കൊല്‍ക്കത്തയിലേക്കോ ഹൈദരാബാദിലേക്കോ മാറ്റാനുള്ള ബിസിസിഐ ശ്രമത്തില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് അനിഷ്ടം അറിയിച്ചു. സുരക്ഷാ കാരണത്താല്‍ കളിക്കാരെ ഇന്ത്യലേക്ക് അയക്കാന്‍ സമ്മതക്കുറവുണ്ടെന്നാണ് ബോര്‍ഡ് അറിയിച്ചത്. ദക്ഷിണാഫ്രിക്കയിലേക്ക് വേദി മാറ്റണമെന്നാണ് അവരുടെ ആവശ്യം.
പാക് സൈനികര്‍ ക്രൂരമായി വധിച്ച് ശിരസ്സ് മുറിച്ച് മാറ്റിയ ലാന്‍സ്നായക് ഹേംരാജിന്റെ വീട് സന്ദര്‍ശിച്ച ശേഷം ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയോട് വിസ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചൊവാഴ്ച്ച നിലവില്‍ വരേണ്ട വിസ കരാര്‍ അന്നുതന്നെ സര്‍ക്കാരിന് മരവിപ്പിക്കേണ്ടി വന്നു. 65 വയസ്സ് കഴിഞ്ഞവര്‍ക്ക് വാഗ അതിര്‍ത്തി വഴി നടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ പ്രത്യേക അനുമതി നല്‍കുന്നതും ഇന്ത്യയിലെത്തുന്ന വ്യവസായികള്‍ക്ക് വ്യാവസായിക ആവശ്യങ്ങള്‍ക്ക് നിയമങ്ങള്‍ ഉദാരമാക്കുന്നതുമായിരുന്നു ഈ പുതിയ കരാര്‍. ഇതിനു പുറമേയാണ് പാക്കിസ്ഥാനുമായി ഇന്ത്യക്ക് പഴയപടിക്ക് പോകാനാവില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പ്രഖ്യാപിച്ചത്. അതിര്‍ത്തി കടന്നെത്തി ഇന്ത്യന്‍ മണ്ണില്‍ കുഴിബോംബുകള്‍ പാകിയതിന്റെ തെളിവുകള്‍ ഇന്ത്യന്‍ സൈന്യം കണ്ടെടുത്തതോടെ പാക്കിസ്ഥാന് തിരിച്ചടിയായി. ഇനിയും നിഷേധാത്മക നിലപാടുമായി മുന്നോട്ട് പോയാലുള്ള ആപത്ത് അവര്‍ മനസ്സിലാക്കി കഴിഞ്ഞു.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്നം സ്പോര്‍ട്സിനെ ബാധിക്കുന്നത് അംഗീകരിക്കാനാവില്ലെങ്കിലും ഈ പ്രതികരണങ്ങളൊക്കെ പാക്കിസ്ഥാന്റെ മുന്‍ നയങ്ങള്‍ക്ക് മാറ്റം വരുത്താന്‍ കാരണമായിട്ടുണ്ടെന്നാണ് സമാധാന ചര്‍ച്ചകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പാക്കിസ്ഥാന്റെ നിത്യേനയുള്ള ക്ഷണം സൂചിപ്പിക്കുന്നത്.
പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നിരന്തരം കടന്നാക്രമണമുണ്ടായിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച മന്മോഹന് സര്‍ക്കാര്‍, ഒടുവില്‍ ജനരോഷം ഭയന്നാണ് ചില നടപടികള്‍ എടുക്കാന്‍ സന്നദ്ധരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: