ചെന്നൈ: ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് അനുമതി നല്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡിഎംകെയും ബിഎസ്പിയും രംഗത്തെത്തി. ഡീസല്‍ വില വര്‍ധന പിന്‍വലിക്കണമെന്നും സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം കൂട്ടണമെന്നും ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി ആവശ്യപ്പെട്ടു.
സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നു 12 ആയി ഉയര്‍ത്തണമെന്ന് കരുണാനിധി ആവശ്യപ്പെട്ടു. ഡീസലിനുള്ള വിലനിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടി പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എണ്ണ കമ്പനികള്‍ക്ക് ചെറിയ തോതിലാണെങ്കിലും നിശ്ചിതകാലയളവില്‍ വില വര്‍ധിപ്പിക്കാനുള്ള അധികാരം നല്കിയതു തെറ്റായ തീരുമാനമാണ്. 40- 50 പൈസയാണെങ്കില്‍ പോലും ഡീസലിനു വില വര്‍ധിപ്പിച്ചതു സാധാരണക്കാര്‍ക്കു താങ്ങാനാവില്ലെന്ന് കരുണാനിധി ചൂണ്ടിക്കാട്ടി.
ഡീസല്‍ വില വര്‍ധിപ്പിച്ച നടപടി സാധാരണക്കാരനെ ബാധിക്കാത്ത രീതിയില്‍ പുനപരിശോധിക്കണം. കഴിഞ്ഞ സപ്തംബറിലാണ് ഡീസല്‍ വില 5.63 രൂപ ഉയര്‍ത്തിയതെന്നും കരുണാനിധി ഓര്‍മ്മിപ്പിച്ചു. സബ്സിഡി നിരക്കില്‍ ഓരോ മാസവും സിലിണ്ടര്‍ നല്‍കണമെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമ്പത് ഗ്യാസ് നല്‍കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും കരുണാനിധി പറഞ്ഞു.
ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്കിയ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുനരാലോചിക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിയല്ലെന്നും മായാതി പറഞ്ഞു. ദല്‍ഹി സന്ദര്‍ശനത്തിനെത്തിയ മായാവതി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒരു വര്‍ഷം 12 ആയി ഉയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
റെയില്‍വെ നിരക്ക് വര്‍ധിപ്പിച്ചതിനെയും മായാവതി രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്. ഡീസല്‍ വില പ്രതിമാസം ലിറ്ററിന് 40 മുതല്‍ 50 പൈസ വരെ ഉര്‍ത്താനാണ് എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സബ്സിഡി ആനുകൂല്യമുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്നും ഒമ്പതാക്കി ഉയര്‍ത്താനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
ഡീസല്‍ വില്‍ക്കുമ്പോഴുണ്ടാകുന്ന നഷ്ടമായി കമ്പനി കണക്കാക്കുന്ന 9.60 രൂപ നികത്തുന്നതുവരെ ഇങ്ങനെ തവണകളായി വില ഉയര്‍ത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: