ന്യൂദല്‍ഹി: ഒളിമ്പിക്സ് ബാഡ്മിന്റണിലെ വെങ്കല മെഡല്‍ ജേത്രി ഇന്ത്യയുടെ സൈന നെഹ്വാള് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന് പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് സൈന റാങ്കിംഗില്‍ രണ്ടാം സ്ഥാനമെന്ന കരിയറിലെ ഏറ്റവും മികച്ച നിലയില്‍ എത്തിയത്. 80091.7444 പോയിന്റാണ് സൈനക്കുള്ളത്. റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ ലി സുവേരിക്കു 94626.7153 പോയിന്റാണുള്ളത്. ചൈനയുടെ തന്നെ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് വാങ്ങ് യിഹാനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സൈന രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്.
പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപും തന്റെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് സ്വന്തമാക്കി. പത്താം സ്ഥാനത്താണ് കശ്യപ്. കരിയറില്‍ ആദ്യമായാണ് കശ്യപ് ആദ്യ പത്തിനുള്ളില്‍ ഇടം പിടിക്കുന്നത്. കശ്യപിന് 51986.6900 പോയിന്റാണുള്ളത്. നേരത്തെ കശ്യപ് പതിനൊന്നാം സ്ഥാനത്തായിരുന്നു. മറ്റൊരു ഇന്ത്യന്‍ താരമായ അജയ് ജയറാം 31-ാം സ്ഥാനത്താണ്. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ പി.വി. സിന്ധു ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തെത്തി. 43116.8667 പോയിന്റാണ് സിന്ധുവിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: