വാഷിംഗ്ടണ്‍: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തോക്ക് ഉപയോഗം കുറയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു. തോക്കനുകൂലികളുടെ വാദത്തിന് കടിഞ്ഞാണിട്ടു കൊണ്ടാണ് ഒബാമയുടെ പുതിയ നിര്‍ദേശങ്ങള്‍. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തോക്കുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ആക്രമണത്തിന് ഉപയോഗിക്കുന്ന തോക്കുകള്‍ നിരോധിക്കണം, വന്‍തോതില്‍ ആയുധം ശേഖരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കണം മുതലായവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. പ്രതിനിധി സഭയുടെ സമ്മതം ആവശ്യമില്ലാത്ത 23 എക്സിക്യൂട്ടീവ് രേഖകളിലാണ് പ്രസിഡന്റ് ഒപ്പ് വച്ചിരിക്കുന്നത്.
തോക്കിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു കൊണ്ടപ്രസിഡന്റ് ഒബാമ പറഞ്ഞത്. അതേസമയം ഒബാമയുടെ പദ്ധതി തോക്ക് ദുരുപയോഗം ചെയ്യുന്നതിന് പരിഹാരമാവില്ലെന്നാണ് യുഎസ് നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്റെ വാദം. തോക്ക് വ്യാപാരത്തിലെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുന്നതടക്കമുള്ള 23 നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. നയരേഖ നടപ്പിലാക്കുവാന്‍ 500 ദശലക്ഷം ഡോളര്‍ വകയിരുത്തിയതായും ഒബാമ അറിയിച്ചു.
അതേസമയം ഒബാമ പ്രഖ്യാപനം നടത്തുമ്പോഴും അമേരിക്കയില്‍ വെടിവെയ്പ്പ് തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും വെടിവെയ്പ്പ് പതിവായി ഉണ്ടാകുന്ന സാഹചര്യത്തിലാണ് തോക്കിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ പ്രാവര്‍ത്തികമാക്കാന്‍ 23 നിര്‍ദ്ദേശങ്ങളാണ് ഒബാമ പുതിയ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന തരത്തിലുള്ള ആധുനികമായ തോക്കുകള്‍ ഇനി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിന് ലൈസന്‍സ് നല്‍കുന്നതിനുള്ള നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷം അമേരിക്കയില്‍ തോക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം 2000 ല്‍ പിന്‍വലിച്ചിരുന്നു. അതോടൊപ്പം വ്യവസായത്തിലെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കാന്‍ നടപടിയുണ്ടാകുമെന്നും ഒബാമ അറിയിച്ചു. ആയുധം ഉപയോഗിക്കുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തും. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കൗണ്‍സിലിങ് ക്ലാസുകള്‍ ശക്തമാക്കും. ആയുധക്കടത്ത് തടയാനായി നിയമം പാസാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായും ഒബാമ വ്യക്തമാക്കി. അതേസമയം ഒബാമയുടെ നയങ്ങള്‍ അമേരിക്കയിലെ തോക്ക് ലോബിയുമായുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തോക്ക് ഉപയോഗിക്കാന്‍ ഭരണഘടന അനുവദിക്കുന്ന അവകാശത്തിനു മേലുള്ള കടന്നു കയറ്റമാണിതെന്നാണ് തോക്ക് ലോബിയുമായി അടുപ്പമുള്ള യു എസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: