മരട്: നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിന്റെ നിലപാട് വഞ്ചനാപരമാണെന്ന് പരക്കെ ആക്ഷേപം. നിലവിലുള്ള കുണ്ടന്നൂര്‍-തേവര പാലത്തിന് സമാന്തരമായാണ് നെട്ടൂരില്‍ നിന്നും കുണ്ടന്നൂരിലേക്ക് സമാന്തര പാലം എന്ന ആവശ്യം. കഴിഞ്ഞ 15 വര്‍ഷത്തോളമായി കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രദേശവാസികള്‍ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നിരന്തര സമരങ്ങള്‍ നടത്തിയിരുന്നു. നെട്ടൂരിന്റെ വടക്കുഭാഗത്തുള്ളവര്‍ക്ക് നൂറോളം പടികള്‍ കയറി ഒരു കിലോമീറ്ററിലധികം നടന്നുവേണം ഇപ്പോള്‍ കുണ്ടന്നൂര്‍ ജംഗ്ഷനിലെത്തുവാന്.
കുണ്ടന്നൂര്‍-തേവര പാലത്തിന്റെ നിര്‍മാണ ഘട്ടത്തില്‍ തന്നെ സമാന്തര പാലം എന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പല ഘട്ടങ്ങളിലും ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയിലായിരുന്നു. ഒരു തവണ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി വരെ ലഭിച്ചെങ്കിലും തുടര്‍ നടപടികള്‍ പാതി വഴിയില്‍ മുടങ്ങി. വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ പാലം എന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാര്‍ രംഗത്തിറങ്ങി. ഇതിനിടെ താല്‍ക്കാലിക പാലം എന്ന ആശയവുമായി അന്ന് മരട് പഞ്ചായത്ത് ഭരിച്ചിരുന്ന ഇടതുഭരണ സമിതി പരിഹാര നിര്‍ദ്ദേശവുമായി രംഗത്തുവന്നിരുന്നു.
തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഇരുമുന്നണികളും സമാന്തര പാലം നിര്‍മിക്കുമെന്ന വാഗ്ദാനവുമായാണ് വോട്ടു പിടിക്കാന്‍ പ്രചാരണ രംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം പാലം നിര്‍മാണത്തിനുള്ള ചില നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ മൂലം തുടര്‍ നടപടികള്‍ പാതി വഴിയില്‍ മുടങ്ങിയ സ്ഥിതിയിലാണുള്ളത്.
സമാന്തര പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് 15 കോടിയോളം രൂപയുടെ ഒരു എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭിച്ചു. മണ്ണു പരിശോധനയും മറ്റും നടത്തിയശേഷം ടെണ്ടര്‍ നടപടികളിലേക്ക് കടന്നപ്പോഴാണ് വീണ്ടും തടസ്സം ഉന്നയിക്കപ്പെട്ടത്. ഉയരം കൂട്ടണം എന്നായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് എസ്റ്റിമേറ്റ് വീണ്ടും തയ്യാറാക്കിയപ്പോള്‍ നിര്‍മാണചെലവ് 30കോടിയോളമായി ഉയര്‍ന്നു. എന്നാല്‍ പുതുക്കിയ ഭരണാനുമതിയോ സാങ്കേതികാനുമതിയോ നല്കുവാന് നാളിതുവരെയായി അധികൃതരുടെ ഭാഗത്തുനിന്നും നീക്കങ്ങള്‍ ഉണ്ടായിട്ടില്ല. ഇതിന്റെ പിന്നില്‍ ഒത്തുകളിയുണ്ടെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
മരട് നഗരസഭയും സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത് കോണ്‍ഗ്രസ് മുന്നണിയായിട്ടും സമാന്തര പാലത്തിന്റെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് കൈക്കൊള്ളുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: