കാലിഫോര്‍ണിയ: ഗൂഗിള്‍ പ്ലസ്, ലിങ്ക്ഡ് ഇന്‍,തുടങ്ങിയവയുമായി മത്സരിക്കുന്നതിന് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ഫെയ്സ് ബുക്ക് സേര്‍ച്ച് എഞ്ചിന് പുറത്തിറക്കി . ‘ഗ്രാഫ് സേര്‍ച്ച്’ എന്നാണ് ഫെസ്ബുക്ക് തങ്ങളുടെ പുതിയ സേര്‍ച്ച് എഞ്ചിന് പേരിട്ടിരിക്കുന്നത്. ലളിതമായ ഇംഗ്ലീഷില്‍ ഉപയോക്താവിന്റെ ചോദ്യങ്ങള്‍ക്ക് ഗ്രാഫ് സേര്‍ച്ച് സമ്പൂര്‍ണ വിവരങ്ങള്‍ നല്‍കും എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. അതായത്, ബുദ്ധിയുള്ള സേര്‍ച്ച് എഞ്ചിന് എന്നു വിളിക്കാവുന്ന സംവിധാനം.
കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഗ്രാഫ് സേര്‍ച്ച് ലോകത്തിനു പരിചയപ്പെടുത്തിയത്.ഹോംപേജിന്റെ മുകള്‍ഭാഗത്ത് ഇടതുവശത്തായി വലുപ്പമേറിയ നിലയില്‍ ആയിരിക്കും ഗ്രാഫ് സേര്‍ച്ച് ബാര്‍. സേര്‍ച്ച് ബോക്സില്‍ നല്കുന്ന ചോദ്യത്തിനു ഫേസ്ബുക്കിനു മറുപടി നല്കാന് ഇല്ലെങ്കില്‍ ഉപയോക്താവിനെ മൈക്രോസോഫ്റ്റിന്റെ ബിംഗ് സേര്‍ച്ച് എഞ്ചിനില്‍ എത്തിക്കും. അതേസമയം, ഫേസ്ബുക്കിന്റെ ഗ്രാഫ് സേര്‍ച്ച്, ആഗോള സേര്‍ച്ച് എഞ്ചിന് ഭീമന്മാരായ ഗൂഗിളിനു വെല്ലുവിളിയാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാരണം സേര്‍ച്ചിംഗില്‍ ഗൂഗിള്‍ പരാജയപ്പെട്ടിടത്തു നിന്നാണ് ഫേസ്ബുക്കിന്റെ ഗ്രാഫ് സേര്‍ച്ച് എഞ്ചിന് പിറവിയെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫേസ്ബുക്കിന്റെ സേര്‍ച്ച് ബോക്സ് ഏകദേശം മരവിച്ച അവസ്ഥയിലായിരുന്നു. ഉപയോക്താവിന്റെ ചോദ്യങ്ങള്‍ക്കു വളരെ പരിമിതമായ മറുപടി മാത്രമാണ് സേര്‍ച്ചില്‍ നിന്നു ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ സംവിധാനം ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവമായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഗ്രാഫ് സേര്‍ച്ച് ലോകത്തിനു പരിചയപ്പെടുത്തിയ ചടങ്ങില്‍ സുക്കര്‍ബര്‍ഗ് പറഞ്ഞു. ഇനി മുതല്‍ ഫേസ്ബുക്കിലെ നിങ്ങളുടെ സുഹൃത്തുക്കളെ തേടിക്കണ്ടെത്താന്‍ എളുപ്പമേറിയ വഴിയാണ് ഗ്രാഫ് സേര്‍ച്ച് തുറന്നുനല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെ മുഴുവന്‍ അംഗങ്ങളെയും ഉപയോക്താക്കള്‍ അപ്ലോഡ് ചെയ്ത ഫോട്ടോകളും കാര്യക്ഷമമായി കൂട്ടിയിണക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഉപയോക്താവ് ലൈക്ക് ചെയ്ത പോസ്റ്റുകളോ, ഫോട്ടോകളോ, കൂടാതെ മറ്റു ബ്ലോഗുകളിലും സൈറ്റുകളിലും ലൈക്ക് ചെയ്ത നിങ്ങളുടെ സുഹൃത്തുക്കളെയും ഗ്രാഫ് സേര്‍ച്ച് വളരെ എളുപ്പത്തില്‍ കണ്ടെത്തിത്തരും. കീവേഡുകള്‍ അടിസ്ഥാനമാക്കിയാണ് വെബ് സേര്‍ച്ചുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഗ്രാഫ് സേര്‍ച്ച് നീളന്‍ പദസമുച്ചയത്തേയും ഉള്‍ക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: