ദമാസ്കസ്: വടക്കന്‍ സിറിയയിലെ ആലപ്പോ സര്‍വകലാശാലയിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 80 ലേറെ പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് . 150 ഓളം പേര്‍ക്ക് പരിക്കേറ്റു. ആലപ്പോ യൂണിവേഴ്സിറ്റിയില്‍ പരീക്ഷാ ദിനത്തിലാണ് സ്ഫോടനങ്ങള്‍ നടന്നതെന്നും കൊല്ലപ്പെട്ടവരിലേറെയും വിദ്യാര്‍ഥികളാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. സ്ഫോടനങ്ങളില്‍ 83 പേര് കൊല്ലപ്പെട്ടതായി ആലപ്പോ ഗവര്‍ണര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ യുദ്ധവിമാനങ്ങള്‍ വര്‍ഷിച്ച രണ്ടു മിസെയിലുകളാണ് സ്ഫോടനങ്ങള്‍ക്കു കാരണമെന്ന് വിതമര്‍ ആരോപിച്ചു. എന്നാല്‍ വിമതര്‍ നടത്തിയ റോക്കറ്റ് ആക്രമണമാണ് ദുരന്തത്തിനു ഇടയാക്കിയതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ കുറ്റപ്പെടുത്തി.ഏകദേശം രണ്ടു വര്‍ഷത്തോളമായി രാജ്യത്തു നടക്കുന്ന ആഭ്യന്തര കലാപം എക്കാലത്തേയും രക്തരൂക്ഷിതവും മനുഷ്യത്വരഹിതവുമായ നിലയിലേക്കാണ് നീങ്ങുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിനും ആര്‍ക്കിടെക്ച്ചര്‍ വിഭാഗത്തിനുമിടയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ നിരവധി പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞനിലയിലാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ ഒട്ടേറെ പേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ആഭ്യന്തരകലാപത്തില്‍ ഭവനരഹിതരായ ആയിരക്കണക്കിനു പേരാണ് യൂണിവേഴ്സിറ്റി പരിസരത്ത് അഭയം തേടിയിരുന്നത്. സ്ഫോടനത്തിനു ഇവരും ഇരയായെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. സ്ഫോടനം നടന്ന പ്രദേശത്ത് ശരീരാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണ്.
സിറിയയില്‍ രണ്ട് വര്‍ഷമായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ വിളനിലമായിരുന്നു ആലെപ്പോ സര്‍വ്വകലാശാല. ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താന്‍ സൈന്യം പരമാവധി ശ്രമിച്ചിരുന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: