കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയ സംസ്ഥാനത്തെ മദ്യനയത്തിന്റെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന് ബോധോദയമുണ്ടാവുകയാണോ? ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചത് പുനഃപരിശോധിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഈ ദിശയിലുള്ളതാണെങ്കില് സ്വാഗതാര്‍ഹമാണ്. ബാര്‍ ലൈസന്‍സുകള്‍ പുനഃപരിശോധിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഈ സമിതിയുടെ ശുപാര്‍ശകള്‍ക്ക് അനുസൃതമായായിരിക്കും ഇനിമുതല്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുക. അതുവരെ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. വര്‍ധിച്ചുവരുന്ന മദ്യോപയോഗം കേരളത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായും റോഡ് അപകട-മരണങ്ങളുടെ കേന്ദ്രമായും മാറ്റുകയാണ്. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളം കുടിച്ചത് 50,000 കോടിയുടെ മദ്യമാണത്രെ. ഇവിടെ പ്രതിശീര്‍ഷ മദ്യോപയോഗം എട്ട് ലിറ്ററില്‍ അധികമാണ്. കേരളത്തിന് ഈ ദുരവസ്ഥ പ്രദാനം ചെയ്യുന്നത് ‘മദ്യ മുതലാളി’യായ കേരള സര്‍ക്കാര്‍ തന്നെയാണ്. സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് കേരളത്തിന്റെ റവന്യൂ വരുമാനം നിലനിര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം മുന്‍വര്‍ഷത്തേക്കാള്‍ 1230 കോടിയുടെ വരുമാന വര്‍ധനയുണ്ടായിട്ടും ഇത് ഇനിയും വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള എക്സൈസ് മന്ത്രി കെ. ബാബുവിന്റെ ശ്രമം കടുത്ത വിമര്‍ശനത്തിനും ഹൈക്കോടതിയുടെ നിരീക്ഷണത്തിനും ഇടയാക്കിയിരുന്നു. അന്ന് പിന്‍വലിച്ച തീരുമാനം ഇപ്പോള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
വിദേശമദ്യ വില്‍പ്പനയിലും പ്രതിവര്‍ഷം ആയിരംകോടി രൂപയുടെ വര്‍ധനയാണുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നവംബര്‍ മാസം വരെ മാത്രം വിറ്റത് 5784 കോടി രൂപയ്ക്കാണ്. പത്ത് വര്‍ഷത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശ മദ്യ വില്‍പ്പന വരുമാനം 7560 കോടി രൂപയാണ്. ചാരായ നിരോധനം നടപ്പില്‍ വന്നപ്പോള്‍ കള്ള് ഷാപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. പക്ഷെ ഇന്ന് ഷാപ്പുകളില്‍ കള്ള് എത്തിക്കാന്‍ കേരളത്തില്‍ ചെത്താന്‍ തെങ്ങുകളില്ലാത്ത അവസ്ഥയാണ്. കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നും കൊണ്ടുവരുന്ന മദ്യം, കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍നിന്ന് വരുന്ന വിദേശ മദ്യം, വിമുക്ത ഭടന്മാര്ക്ക് ലഭിക്കുന്ന ക്വാട്ടാ മദ്യം എന്നിവ ഇതിന് പുറമെയാണ്. കള്ള് ഷാപ്പുകളില്‍ ഇന്ന് വില്‍ക്കുന്നത് യഥാര്‍ത്ഥ കള്ളല്ല, കെമിക്കല്‍ കള്ളാണ്. ഇതിന് പുറമെ ഇന്ന് ചെക്ക് പോസ്റ്റുകളിലൂടെ ഒഴുകുന്ന സ്പിരിറ്റും മദ്യത്തില്‍ കലര്‍ത്തി വില്ക്കപ്പെടുന്നുണ്ട്. വൈപ്പിന്‍ മദ്യദുരന്തത്തിന് പ്രധാന കാരണം വ്യാജ മദ്യോപയോഗമായിരുന്നു എന്നത് മങ്ങാത്ത ഓര്‍മ്മയായി നിലനില്‍ക്കുമ്പോഴും കേരളത്തിലെ മദ്യപര്‍ അതില്‍നിന്ന് ഒരു പാഠവും പഠിച്ചില്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ബാലികാ സ്ത്രീപീഡനത്തിന്റെ ഒരു പ്രധാന കാരണം അമിത മദ്യോപയോഗമാണ്. ഇതിലെ ദുരന്തവശം എന്തെന്നാല്‍ മദ്യപരായ പിതാക്കന്മാരെ അനുകരിച്ച് വിദ്യാര്‍ത്ഥികളും മദ്യോപയോഗത്തിലേയ്ക്ക് തിരിയുന്നു എന്നതാണ്. മദ്യത്തിന് ഇന്ന് വിവാഹം മുതല്‍ മരണാനന്തര അടിയന്തരത്തിനു വരെ സാന്നിദ്ധ്യമുള്ളപ്പോള്‍ മദ്യോപയോഗം കുട്ടികളിലേയ്ക്കും വ്യാപിക്കുന്നു. മനഃശാസ്ത്രജ്ഞര്‍ പറയുന്നത് ഇന്ന് ഒന്‍പതു വയസ്സു മുതല്‍ കുട്ടികള്‍ മദ്യപാനം തുടങ്ങുന്നു എന്നാണ്. ഈ സാമൂഹിക യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു വേണം സര്‍ക്കാര്‍ മദ്യനയം രൂപീകരിക്കേണ്ടത്. ഒരു സമൂഹത്തിനെ തിന്മയിലേക്ക് നയിക്കുന്ന മദ്യോപയോഗം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.
കൊച്ചിയോട് കളിച്ചാല്‍…
ക്രിക്കറ്റ് കമ്പക്കാരായ കൊച്ചിക്കാരുടെ അകമഴിഞ്ഞ പ്രോത്സാഹനം ടീം ഇന്ത്യയ്ക്ക് പ്രചോദനമായപ്പോള്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന കളിയില്‍ ഇന്ത്യ കൈവരിച്ച മികച്ച വിജയം അഭിമാനകരമാണ്. കൊച്ചിയെ ക്രിക്കറ്റിന്റെ നഗരമാക്കി സ്റ്റേഡിയത്തിലേയ്ക്കൊഴുകി എത്തിയത് 60,000ലധികം കാണികളായിരുന്നു. ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറച്ചതും കാണികളുടെ സംഖ്യ വര്‍ധിപ്പിക്കാനും സ്റ്റേഡിയത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കാനും കാരണമായി. കൊല്‍ക്കത്ത ഈഡന് ഗാര്ഡന് കഴിഞ്ഞാല്‍ ഏറ്റവും മികച്ച സ്റ്റേഡിയമെന്ന ഖ്യാതി കൊച്ചി സ്റ്റേഡിയത്തിന് സ്വന്തമാണ്. ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെ രണ്ട് സിക്സറുകളും ഏഴു ഫോറുകളും ജഡേജയുടെ 37 ബോളില്‍നിന്നും നേടിയ 61 റണ്‍സും ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. സ്റ്റേഡിയത്തിലെ പിച്ചും ധോണിയുടെ പ്രശംസയ്ക്കര്‍ഹമായി. റമീസ് രാജയും സനത് ജയസൂര്യയും വസിം അക്രവും കൊച്ചിയുടെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ടിക്കറ്റ് നിരക്ക് 5000 രൂപയില്‍നിന്ന് 3000 രൂപയാക്കിയതും കസേരയുടെ നിരക്ക് 500 രൂപ ആക്കിയതും കൂടുതല്‍ കാണികള്‍ക്ക് കളി കാണാന്‍ അവസരം നല്കി, കളിയെ ഉത്സവമാക്കി മാറ്റി. ഇംഗ്ലണ്ടിന്റെ പ്രകടനം ഏറ്റവും മോശമായതും അവസാന ഓവറുകളിലാണ്. ആറ് ഓവറില്‍ 82 റണ്‍സ് ആണ് ഇംഗ്ലണ്ടിന് വഴങ്ങേണ്ടി വന്നത്. യു.പി.പേസ്മാന്‍ ഭുവനേശ്വര്‍ കുമാറിന്റെ അഞ്ചാമത്തെ കളിയായിരുന്നെങ്കിലും ഇംഗ്ലണ്ടിന്റെ പരാജയത്തിന് വഴി വെട്ടിയത് ഈ 22 വയസ്സുകാരനായിരുന്നു. തുടക്കത്തില്‍ ഇന്ത്യയ്ക്ക് പിഴച്ചത് കാണികളില്‍ പരിഭ്രാന്തി പരത്തി. ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തശേഷം ഇന്ത്യയ്ക്ക് നാലാമത്തെയും അഞ്ചാമത്തെയും ഓവറില്‍ 18 റണ്‍സിന് ഓപ്പണിംഗ് ബാറ്റ്സ്മാന്മാരെ നഷ്ടപ്പെട്ടിരുന്നു.
ഗൗതം ഗംഭീറാണ് ആദ്യം പുറത്തായത്. പക്ഷെ ധോണിയും ജഡേജയും ഇന്ത്യയുടെ വിജയം ഉറപ്പാക്കി. സച്ചിന് ടെണ്ടുല്‍ക്കറുടെ അപ്രതീക്ഷിത വിരമിക്കലിന്റെ ആഘാതം ഈ മത്സരത്തില്‍ പ്രതിഫലിച്ചില്ല. കേരളം കണ്ട ആദ്യ പകല്‍-രാത്രി രാജ്യാന്തര ഏകദിനമായിരുന്നു കൊച്ചി സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. നികുതിയിനത്തില്‍ മാത്രം ഖജനാവില്‍ 51 ലക്ഷം രൂപ എത്തി. ഹോട്ടല്‍, ഗതാഗത, വ്യാപാര-ടൂറിസം മേഖലയും ലാഭം കൊയ്തു. കേരള ക്രിക്കറ്റ് അസോസിയേഷനും സംഘടനാമികവ്കൊണ്ടും മാനേജ്മെന്റ് വൈഭവംകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു. സ്റ്റേഡിയം രാജ്യാന്തര കളിയ്ക്കുതകുമോ എന്ന സംശയം നിഴലിച്ചിരുന്നു. പക്ഷെ കെസിഎ എന്ന സംഘടന കോടികള്‍ മുടക്കി ഡ്രേയിനേജ്, ഫീല്‍ഡ്, ഫ്ലെഡ് ലൈറ്റ് സംവിധാനങ്ങള്‍ എന്നിവ നവീകരിച്ച് രാജ്യാന്തര നിലവാരത്തിലെത്തിച്ചതാണ് കൊച്ചിയുടെ അന്തസ്സുയര്‍ത്തിയ ഈ കളി സാധ്യമാക്കിയത്. ടീമില്‍ കേരളത്തിന്റെ സാന്നിധ്യമില്ലായ്മ ശ്രദ്ധിക്കപ്പെടേണ്ടതാണ്. ശ്രീശാന്ത് കളിച്ചില്ല. വസിം അക്രം ശ്രീശാന്തിനെ ഇനി മുതല്‍ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കളി കാണാനെത്തിയ എഴുപതിനായിരത്തോളം പേര്‍ക്കൊപ്പം നടന് മോഹന്‍ലാലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമുണ്ടായിരുന്നു. ചുവപ്പും പച്ചയും വെള്ളയും ചായം പൂശിയവര്‍ കാണികളിലുണ്ടായിരുന്നു. മുഖത്തും തലമുടിയിലും ഉടലിലും ചായം പൂശിയവരും അവരുടെ ഇടയില്‍ ഉണ്ടായിരുന്നു. വിദേശീയര്‍ അത് ശ്രദ്ധിക്കുന്നത് കണ്ട സായിപ്പന്മാരുടെ ഇടയില്‍ ഒരു മദാമ്മയുടെയും സായിപ്പിന്റെയും മുഖത്തും നിറം പിടിപ്പിച്ചു. യഥാര്‍ത്ഥ ലഹരി പ്രകടമായത് ഇന്നലെ സ്റ്റേഡിയത്തിലായിരുന്നു. പടക്കം പൊട്ടിച്ചും ഡാന്‍സ് ചെയ്തും ആഘോഷിച്ചത് ഗ്രൗണ്ടില്‍ മാത്രമല്ല, ഹോട്ടലുകളിലും ബാറുകളിലും റോഡുകളിലും ലഹരി ദൃശ്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: