തൃശൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജ് എബിവിപി യൂണിയന് ചെയര്‍മാനായിരുന്ന ചിറമനേങ്ങാട് മരത്തംകോട് കുട്ടന്‍ചേരി വീട്ടില്‍ ശിവശങ്കരന്റെ മകന് സനൂപ് (21)നെ മാരകായുധങ്ങളുമായി പരീക്ഷക്കിരിക്കുമ്പോള്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ എസ്എഫ്ഐക്കാര്‍ക്ക് കഠിനതടവും പിഴയും. ഒന്നാം പ്രതിക്ക് 15 വര്‍ഷവും മൂന്നുമാസവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും. രണ്ടും മൂന്നും പ്രതികള്‍ക്ക് എട്ട് വര്‍ഷവും മൂന്ന് മാസവും കഠിനതടവും നാലാം പ്രതിക്ക് അഞ്ച് വര്‍ഷവും മൂന്ന് മാസവും അയ്യായിരം രൂപ പിഴയും തൃശൂര്‍ ഒന്നാം അതിവേഗ സെഷന്‍സ് കോടതി ജഡ്ജ് കെ.ഹരിലാല്‍ വിധിച്ചു.
എസ്എഫ്ഐക്കാരായ അഞ്ഞൂര് ചിറ്റഞ്ഞൂര്‍ കണ്ടംപുള്ളി വീട്ടില്‍ ശിവദാസന്റെ മകന് സിനിത്ത് (21), പാവറട്ടി വെന്മേനാട് ദേശത്ത് വലിയകത്ത് വീട്ടില്‍ ഉമ്മറിന്റെ മകന് ഷെജീര്‍ (22), പോര്‍ക്കുളം പാറേംപാടത്ത് കോംഗ്ങ്ങന്നൂര് വലിയവളപ്പില്‍ രാജേന്ദ്രന്റെ മകന് മുകേഷ് (20), ചൊവ്വന്നൂര്‍ ചങ്ങിണിയില്‍ വീട്ടില്‍ താമിക്കുട്ടിയുടെ മകന് അനീഷ് (24) എന്നിവര്‍ക്കെതിരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 307, 326, 324, 452, 34 എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷവിധിച്ചത്. സിനിത്താണ് കേസിലെ ഒന്നാം പ്രതി. പ്രതികളെല്ലാവരും ചേര്‍ന്ന് രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ സനൂപിന് നല്‍കണമെന്ന് കോടതി വിധിച്ചു.
ഡിഗ്രി പരീക്ഷ എഴുതുന്നതിന് വേണ്ടി ഉത്തരക്കടലാസ് വാങ്ങി തയ്യാറെടുത്തുകൊണ്ടിരിക്കെ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും കണ്മുന്നില്വെച്ച് മൃഗീയമായും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിലും നിഷ്ഠുരമായി സനൂപിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഒരു കണ്ണ് എന്നന്നേക്കുമായി നഷ്ടപ്പെടുത്തി മാരകമായി പരിക്കേല്‍പ്പിച്ച പ്രതികള്‍ യാതൊരുവിധത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെച്ചു.
2008 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഉച്ചക്ക് ഒരു മണിയോടുകൂടി സനൂപിനെ ക്ലാസ് മുറിയില്‍ കയറി ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കും മുഖത്തും കാലിലും മാരകമായി അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സനൂപിന്റെ ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടുകയും കണ്ണ് ഒടുവില്‍ ശസ്ത്രക്രിയക്ക് ശേഷം എടുത്തുമാറ്റി കൃത്രിമകണ്ണ് വെക്കുകയായിരുന്നു. കാലങ്ങളായി എസ്എഫ്ഐ വിജയിച്ചിരുന്ന കോളേജില്‍ എബിവിപിയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ചെയര്മാന് സ്ഥാനം അടക്കം നിരവധി സ്ഥാനങ്ങള്‍ കരസ്ഥമാക്കിയതിലുള്ള വൈരാഗ്യമാണ് വധശ്രമത്തില്‍ കലാശിച്ചത്.
കേസില്‍ മൊത്തം 18 സാക്ഷികളെ വിസ്തരിച്ചു. ഗുരുവായൂര്‍ സി.ഐ.ആയിരുന്ന ഡിവൈഎസ്പി: ബിജു ഭാസ്കറാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പയസ് മാത്യുവിന് പുറമെ അഭിഭാഷകരായ ടി.സി.കൃഷ്ണനാരായണന്‍, കെ.കെ.അനീഷ്കുമാര്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: