കൊച്ചി: സുനാമിത്തിരമാലകണക്കെ ആര്‍ത്തലച്ച കാണികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ തേര്‍വാഴ്ച. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 127 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തെ സാക്ഷിനിര്‍ത്തിയ ഇന്ത്യ നിറഞ്ഞാടിയ മത്സരത്തില്‍ തീര്‍ത്തും ഏകപക്ഷീയമായാണ് ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. വിജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-1ന് സമനില പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. വെടിക്കെട്ട് ബാറ്റിങ്ങ് നടത്തിയ ക്യാപ്റ്റന്‍ ധോണിയും (72), രവീന്ദ്ര ജഡേജയും (61 നോട്ടൗട്ട്), സുരേഷ് റെയ്നയുടെയും (55) കരുത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 36 ഓവറില്‍ 158 റണ്‍സിന് ഓള് ഔട്ടായതോടെയാണ് ഇന്ത്യ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. 42 റണ്‍സെടുത്ത കെവിന് പീറ്റേഴ്സണും 36 റണ്‍സെടുത്ത റൂട്ടും 30 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സമിത് പട്ടേലും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ഇംഗ്ലണ്ട് മുന്‍നിരയെ തകര്‍ത്ത പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. സ്പിന്നന്‍ അശ്വിനും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ബാറ്റുകൊണ്ട് വിസ്മയം തീര്‍ത്ത രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകളും വീഴ്ത്തിയ മാന്‍ ഓഫ് ദി മാച്ചായി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിപരീതമായി ഇന്ത്യക്ക് മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാരായ ഗംഭീറിന് കഴിഞ്ഞില്ല. ഇന്ത്യന്‍ ഇന്നിംഗ്സിലെ ആദ്യ ബൗണ്ടറി പിറന്നത് നാലാം ഓവറിലെ നാലാം പന്തിലാണ്. ബൗണ്ടറി നേടിയതിന് തൊട്ടുപിന്നാലെ ഈ ഓവറിലെ അവസാനപന്തില്‍ ഗൗതം പുറത്തായി. 12 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയോടെ എട്ട് റണ്‍സെടുത്ത ഗംഭീറിനെ ഡെന്‍ബാഷ് ക്ലീന്‍ ബൗള്‍ഡാക്കി. ഡെന്‍ബാഷിന്റെ നിരുപദ്രമെന്ന് തോന്നി പന്തിലാണ് ഗംഭീര്‍ ക്ലീന്‍ ബൗള്‍ഡായത്. ഡെന്‍ബാഷിന്റെ ഫുള്‍ ലെംഗ്ത് പന്ത് കളിക്കാനുള്ള ഗംഭീറിന്റെ ശ്രമം പാളുകയായിരുന്നു. അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 14 പന്തില്‍ നിന്ന് വെറും നാല് റണ്‍സെടുത്ത രഹാനെയെ ഫിന് ക്ലീന്‍ ബൗള്‍ഡാക്കി. ആദ്യ അഞ്ച് ഓവറില്‍ വെറും 19 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. പിന്നീട് വിരാട് കോഹ്ലിയും യുവരാജ് സിംഗും ഒത്തുചേര്‍ന്നതോടെയാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് അല്പമെങ്കിലും ഊര്‍ജം പകര്‍ന്നത്. പത്ത് ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 44ന് രണ്ട് എന്ന നിലയിലായി. പിന്നീട് യുവിയും മികച്ച സ്ട്രോക്ക് പ്ലേ നടത്തിയെങ്കിലും കോഹ്ലിക്ക് അവസരത്തിനൊത്തുയരാന്‍ കഴിഞ്ഞില്ല. പതിനഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ 32 റണ്‍സെടുത്ത യുവരാജിന്റെയും 16 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെയും ബലത്തില്‍ ഇന്ത്യന്‍ സ്കോര്‍ 71ന് രണ്ട് എന്ന നിലയിലായിരുന്നു. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സ് നേരെയാക്കിയത്. എന്നാല്‍ ഇതേ സ്കോറില്‍ നില്‍ക്കേ ബൗളിംഗ് ചേഞ്ചിനെത്തിയ ട്രെഡ്വില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തുവന്ന യുവിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 37 പന്തുകള്‍ നേരിട്ട് അഞ്ച്ബൗണ്ടറിയോടെ 32 റണ്‍സെടുത്താണ് യുവി മടങ്ങിയത്. യുവിക്ക് പകരമായി സുരേഷ് റെയ്നയാണ് ക്രീസിലെത്തിയത്. 18-ാം ഓവറിലെ അവസാന പന്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സിലെ ആദ്യ സിക്സര്‍ പിറന്നു. ട്രെഡ്വെല്ലിനെ മിഡ് ഓണിലേക്ക് ലോഫ്റ്റ് ചെയ്ത് റെയ്നയാണ് ആദ്യ സിക്സര്‍ സ്വന്തമാക്കിയത്. തുടര്‍ന്ന് കോഹ്ലിയും റെയ്നയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 100 കടത്തി. 23 ഓവറിലാണ് ഇന്ത്യന്‍ സ്കോര്‍ മൂന്നക്കം പിന്നിട്ടത്. എന്നാല്‍ 26.2 ഓവറില്‍ സ്കോര്‍ 119-ല്‍ നില്‍ക്കേ മികച്ച രീതിയില്‍ ബാറ്റ് ചെയ്തുവന്ന കോഹ്ലിയും മടങ്ങി. 54 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും ഒരു സിക്സറുമടക്കം 37 റണ്‍സെടുത്ത കോഹ്ലിയെ വോക്സിന്റെ പന്തില്‍ ബെല്‍ കവറില്‍ പിടികൂടി. പിന്നീടെത്തിയ നായകന് ധോണി റെയ്നയുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 35-ാം ഓവറില്‍ 150 കടത്തി. അധികം വൈകാതെ സുരേഷ് റെയ്ന അര്‍ദ്ധശതകം പൂര്‍ത്തിയാക്കി. 36-ാം ഓവര്‍ എറിഞ്ഞ ഫിന്നിന്റെ രണ്ടാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച റെയ്ന 2 ബൗണ്ടറികളുടെയും രണ്ട് സിക്സറുകളുടെയും സഹായത്തോടെ 66 പന്തുകളില്‍ നിന്നാണ് 50 പൂര്‍ത്തിയാക്കിയത്. സ്കോര്‍ 174-ല്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ അഞ്ചാം വിക്കറ്റും നഷ്ടമായി. അര്‍ദ്ധസെഞ്ച്വറിയും പിന്നിട്ട് കുതിക്കുകയായിരുന്ന റെയ്നയെ വ്യക്തിഗത സ്കോര്‍ 55-ല്‍ എത്തിയപ്പോള്‍ ഫിന്നിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. തുടര്‍ന്ന് ധോണിയുടെ പ്രകടനമായിരുന്നു. ധോണിയുടെ കരുത്തില്‍ ഇന്ത്യ 43-ാം ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 200 കടന്നു. എന്നാല്‍ അവസാന ആറ് ഓവറില്‍ ഇന്ത്യയുടെ വേറിട്ടൊരുമുഖമായിരുന്നു മൈതാനത്ത് ദൃശ്യമായത്. ക്യാപ്റ്റന്‍ ധോണിയും രവീന്ദ്ര ജഡേജയും ഇംഗ്ലീഷ് ബൗളര്‍മാരെ തകര്‍ത്തുതരിപ്പണമാക്കിയതോടെ ഇന്ത്യന്‍ സ്കോര്‍ റോക്കറ്റ് വേഗത്തില്‍ കുതിച്ചുകയറി. അവസാന ആറ് ഓവറില്‍ 82 റണ്‍സാണ് ഇന്ത്യന്‍ പട അടിച്ചുകൂട്ടിയത്. ഇതിനിടെ ധോണി അര്‍ദ്ധസെഞ്ച്വറി തികച്ചു. 56 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയും രണ്ട് കൂറ്റന്‍ സിക്സറുകളുമടക്കമാണ് ധോണി 50 പിന്നിട്ടത്.
ഒടുവില്‍ 66 പന്തില്‍ നിന്ന് 72 റണ്ണെടുത്ത ധോണി 49.2 ഓവറില്‍ ഡൊണ്‍ബാഷിന്റെ പന്തില്‍ ബൗണ്ടറി ലൈനിനരികില്‍ വെച്ച് ജോ റൂട്ട് പിടിച്ച് പുറത്താകുമ്പോള്‍ ഇന്ത്യ സുരക്ഷിതമായ സ്കോര്‍ ഉറപ്പാക്കിയിരുന്നു. ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ടതായിരുന്നു ധോണിയുടെ വിലപ്പെട്ട 72 റണ്‍സ്. ധോണിയെ പുറത്താക്കിയ ഡോണ്‍ബാഷിന് അടുത്ത ബന്തുകളില്‍ ജഡേജയുയുടെ കനത്ത പ്രഹരമേറ്റു. തുടര്‍ച്ചയായി രണ്ട് ഫോര്‍ കടത്തിയ ജഡേജ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ ഡെന്‍ബാഷിനെ ബാലിസ്റ്റിക് വേഗത്തില്‍ സിക്സറിന് പറത്തിയപ്പോള്‍ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. ഒരുഘട്ടത്തില്‍ 250 കടക്കുമോ എന്ന് സംശയം തോന്നിച്ച ഇന്ത്യയെ 285 എന്ന മാന്യമായ സ്കോറില്‍ എത്തിച്ചത് ധോണിയുടെയും 37 പന്തില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്സറുടമക്കം 61 വിലപ്പെട്ട റണ്ണുകള്‍ നേടിയ രവീന്ദ്ര ജഡേജയുടെയും പ്രകടനമായിരുന്നു.
286 റണ്‍സ് എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് രാജ്കോട്ടിലെപോലെ ഉജ്ജ്വല തുടക്കം നല്കാന് ഓപ്പണര്‍മാരായ കുക്കിനും ഇയാന്‍ ബെല്ലിനും കഴിഞ്ഞില്ല. രണ്ടാംഓവറിലെ നാലാം പന്തില്‍ ഇയാന്‍ ബെല്ലിനെ പുറത്താക്കി യുവതാരം ഷാമി അഹമ്മദ് ഇംഗ്ലണ്ടിന് ആദ്യപ്രഹരം ഏല്‍പ്പിച്ചു. ഒരു റണ്‍സെടുത്ത ബെല്ലിനെ ഷാമി അഹമ്മദ് ക്യാപ്റ്റന്‍ ധോണിയുടെ കൈകളിലെത്തിച്ചു. പിന്നീട് ക്യാപ്റ്റന്‍ കുക്കും കെവിന് പീറ്റേഴ്സണും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. എന്നാല്‍ സ്കോര്‍ 54-ല്‍ എത്തിയപ്പോള്‍ 17 റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഭുവനേശ്വര്‍കുമാര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. സ്കോര്‍ 14.2 ഓവറില്‍ 73-ല്‍ എത്തിയപ്പോള്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന കെവിന് പീറ്റേഴ്സണും മടങ്ങി. 44 പന്തില്‍ നിന്ന് 7 ബൗണ്ടറിയോടെ 42 റണ്‍സെടുത്ത പീറ്റേഴ്സണെ ഭുവനേശ്വര്‍ കുമാര്‍ ക്ലീന്‍ബൗള്‍ഡാക്കി. ഒരു പന്തിന്റെ ഇടവേളക്കുശേഷം ഭുവനേശ്വര്‍ കുമാര്‍ വീണ്ടും ആഞ്ഞടിച്ചു. രണ്ട് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കുന്നതിന് മുമ്പ് ഇയാന്‍ മോര്‍ഗനെ ഭുവനേശ്വര്‍ ധോണിയുടെ കൈകളിലെത്തിച്ചു. സ്കോര്‍: 14.4 ഓവറില്‍ 73ന് 4. പിന്നീട് ക്രെയിഗ് ക്വീസെസ്റ്ററും റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സ് നേരെയാക്കാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 110-ല്‍ എത്തിയപ്പോള്‍ അശ്വിന് ആഞ്ഞിടച്ചു. 38 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ക്വീസെസ്റ്ററെ അശ്വിന് റെയ്നയുടെ കൈകളിലെത്തിച്ചു. പിന്നീട് വിജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല. സ്കോര്‍ 132-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. 36 റണ്‍സെടുത്ത റൂട്ടിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. മൂന്ന് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. 33.2 ഓവറില്‍ സ്കോര്‍ 135-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ട്രെഡ്വെല്ലിനെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ റണ്ണൊന്നുമെടുക്കാതിരുന്ന ഫിന്നിനെ അശ്വിന് ധോണിയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 158-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത ഡെന്‍ബാഷ് റണ്ണൗട്ടായതോടെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം സ്വന്തമായി. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍കുമാറും അശ്വിനും മൂന്ന് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി.
- വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: