ബെയ്ജീംഗ്: കിഴക്കന്‍ ചൈനാക്കടലില്‍ ജപ്പാന് നിയന്ത്രണത്തിലുള്ള സെങ്കാകൂ-ദിയോയൂസ് ദ്വീപിനെച്ചൊല്ലി തര്‍ക്കം നില്‍ക്കുന്നതിനിടെ ജപ്പാനെതിരെ യുദ്ധത്തിന് തയ്യാറാകാന്‍ ചൈന സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സെങ്കാകു-ദിയായു ദ്വീപുകള്‍ ചൈനയുടെ പരമ്പരാഗത പ്രദേശങ്ങളാണെന്നും ചൈനീസ് കപ്പലുകളും വിമാനങ്ങളും ഈ മേഖലയില്‍ പട്രോളിംഗ് നടത്തി വരികയാണെന്നും ചൈനയുടെ വിദേശ മന്ത്രാലയ വക്താവ് ഹോങ്ങ് ലീ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രദേശത്ത് ചൈനീസ് കപ്പലുകള്‍ പട്രോളിംഗ് നടത്തുന്നതില്‍ ജപ്പാന് ശക്തമായ വിയോജിപ്പറിയിച്ചിട്ടുണ്ട്.
ജപ്പാന്റെ പുതിയ പ്രധാന മന്ത്രിയായി ചുമതലയേറ്റ ഷിന്‍ഹോ ആബേയും വളരെ ഗൗരവത്തോടെയാണ് ഈ പ്രശ്നത്തെ സമീപിച്ചിരിക്കുന്നത്. തര്‍ക്കം നിലനില്‍ക്കുന്ന ദ്വീപുകളുടെ മുകളിലായി ഇരുരാജ്യങ്ങളുടെയും വിമാനങ്ങള്‍ പറക്കല്‍ നടത്തുകയാണ്. പ്രദേശത്തേക്ക് രണ്ട് നിരീക്ഷണക്കപ്പലുകളെ കൂടി അയക്കുമെന്നും ജപ്പാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറല്‍ സ്റ്റാഫ് യുദ്ധസാധ്യതയെക്കുറിച്ച് സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2013 ല്‍ യുദ്ധം നേരിടാനും വിജയിക്കാനും ഒരുങ്ങിയിരിക്കാനാണ് സൈനികര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
തങ്ങളുടെ പരിധിയിലുള്ള ദ്വീപുകളുടെ ഭൂരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ചൈന സിങ്കാകു ദ്വീപില്‍ സര്‍വ്വേ നടത്താനിരിക്കുകയാണെന്ന് ബെയ്ജിംഗില്‍ നിന്നുള്ള ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2009 ലാണ് സര്‍വ്വേയുടെ ആദ്യഘട്ടം തുടങ്ങിയത്. കടല്‍തീരത്തിന് 100 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന ദ്വീപുകളിലെ സര്‍വ്വേയും ഭൂരേഖ തയ്യാറാക്കലും കഴിഞ്ഞതായി നാഷണല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സര്‍വ്വേയിംഗ് പുറത്തിറക്കിയ രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍വ്വേയുടെ രണ്ടാം ഘട്ടത്തിലാണ് സിങ്കാകു ദ്വീപുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ താത്പര്യവും കടല്‍ നിയമങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സര്‍വ്വേയെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍വ്വേക്കായി 6,400 ദ്വിപുകളാണ് 2012 അവസാനത്തോടെ ചൈന കണ്ടുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: