പെരുമ്പാവൂര്‍: അറയ്ക്കപ്പടി പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള ലോഡ്ജിന്റെ മുറ്റത്ത് അറയ്ക്കപ്പടി മണപ്പുറത്ത് വീട്ടില്‍ എം.സി.ശിവന് (45) കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഒറീസ സ്വദേശി സാമന്ത് ബഹ്റ (25) യടക്കം 5 പേര് കസ്റ്റഡിയിലായി. സാമന്തിന്റെ സുഹൃത്തുക്കള്‍ ഊട്ടി സ്വദേശികളായ കുമാര്‍ (45), കാര്‍തിക് (28), ചേര്‍ത്തല അരൂര്‍ സ്വദേശി മുരളി (45) താമരശ്ശേരി സ്വദേശി സന്തോഷ് (30) എന്നിവരാണ് പോലീസിന്റെ പിടിയിലുള്ളത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്ന് പറയുന്നു. മദ്യപാനത്തിനിടയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് കൊലനടന്നിട്ടുള്ളതെന്നും കൃത്യത്തിന് ശേഷം മൃതദേഹം ലോഡ്ജിന്റെ മുറ്റത്ത് കൊണ്ടുവന്നിട്ടതാകാമെന്നും നാട്ടുകാര്‍ പറഞ്ഞു.
ലോഡ്ജില്‍ പിടിയിലായവര്‍ താമസിച്ചിരുന്ന മുറിയില്‍ പിടിവലിനടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും മൃതദേഹത്തില്‍ പലഭാഗത്തും മുറിവുകള്‍ ഉള്ളതായും ബന്ധുക്കളും പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. കുമാര്‍, കാര്‍ത്തിക്, മുരളി,സന്തോഷ് എന്നിവര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായും ഇവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. എന്നാല്‍ പോലീസിന് ഇതുവരെയും കൃത്യം നടത്തിയ യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പിടിയിലായവര്‍ ഓരോരുത്തരും വ്യത്യസ്ത രീതിയില്‍ മൊഴിനല്കുന്നതാണ് പോലീസിനെ കുഴക്കുന്നതെന്നാണ് അറിയുന്നത്.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വീട്ടുകൊടുത്തു. തിങ്കളാഴ്ച വൈകിട്ട് 4.45ന് അറക്കപ്പടിയിലെ വീട്ടിലെത്തിച്ച മൃതദേഹം മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം 6.30ന് വട്ടക്കാട്ടുപടിയിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ബിജെപി ജില്ലാ ജോയിന്റ് സെക്രട്ടറി സി.പി.രാധാകൃഷ്ണന്, മണ്ഡലം ഭാരവാഹി ബാബുകുമാര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ലളിതയാണ് മരണമടഞ്ഞ ശിവന്റെ ഭാര്യ. മക്കള്‍ സൂര്യ, പ്രജിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: