ന്യൂദല്‍ഹി: പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തിയവരെ മര്‍ദ്ദിച്ച പോലീസ് നടപടി ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കിയെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞു. ദല്‍ഹി സംഭവത്തിനുശേഷമുണ്ടായ സംഭവങ്ങളില്‍ നിന്നും നമ്മള് പാഠം പഠിക്കണമെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. ദല്‍ഹി പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണ് അന്നുണ്ടായ പ്രതിഷേധമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ആരും തയ്യാറാകാത്തത് പോലീസിനെ പേടിച്ചിട്ടാണ്. സഹായിച്ചവരെ പോലീസ് പീഡിപ്പിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അതിനാല്‍തന്നെ പോലീസിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ദല്‍ഹി പ്രതിഷേധത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് വൈകിപ്പോയെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. രാഷ്ട്രത്തെ നേരത്തെ അഭിസംബോധന ചെയ്തിരുന്നുവെങ്കില്‍ ഒരു പക്ഷെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ പ്രവര്‍ത്തന രീതി മാറേണ്ടതുണ്ട്. ജനങ്ങളോട് മാന്യമായി പെരുമാറാന്‍ അവര്‍ക്ക് കഴിയണം. നീതിന്യായ വ്യവസ്ഥയും ഉദ്യോഗസ്ഥരുമെല്ലാം അവരുടെ സമീപനത്തില്‍ മാറ്റം വരുത്തണം. എന്നാല്‍ ഇവയെല്ലാം തിടുക്കത്തില്‍ മാറ്റാന്‍ സാധിക്കില്ലെന്നും ഷീലാ ദീക്ഷിത് കൂട്ടിച്ചേര്‍ത്തു. പോലീസ് കമ്മീഷണറെ നിയമിക്കുന്നത് എന്റെ ഉത്തരവാദിത്തമല്ല. അത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്. ഭാവിയില്‍ ഇത് നന്നായി ചെയ്യാന്‍ ഇവര്‍ ശ്രദ്ധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദല്‍ഹി സംഭവത്തില്‍ വീഴ്ച്ച പറ്റിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷീലാ ദീക്ഷിത്.
ദല്‍ഹിയിലുണ്ടായ തരത്തിലുള്ള ബഹുജന പ്രതിഷേധം രാഷ്ട്രീയത്തിനും, ഭരണസംവിധാനത്തിനും, നിതിന്യായ വ്യവസ്ഥക്കും, പോലീസിനും രാജ്യത്തിനു മുഴുവനും കനത്ത വെല്ലുവിളിയായിരുന്നുവെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. അന്നുണ്ടായ രൂക്ഷമായ പ്രതിഷേധത്തിന് രാജ്യത്തിന്റെ തന്നെ സഹതാപം ലഭിച്ചുവെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കുണ്ടായ ദുരനുഭവം തനിക്ക വലിയ ആഘാതമുണ്ടാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: