ശബരിമല ഉത്സവച്ചടങ്ങുകളില്‍ മകരവിളക്ക് പ്രാധാന്യമായിട്ടുള്ളതാണ്. മകരസംക്രമദിനം രാത്രിയില്‍ നാനാവാദ്യഘോഷങ്ങള്, കുടതഴചാമരങ്ങള്‍ മുതലായവയോടുകൂടി മാളികപ്പുറത്തമ്മ മണിമണ്ഡപത്തില്‍നിന്നും പതിനെട്ടാംപടിയിലേക്ക് ആനക്കഴുത്തില്‍ മകരവിളക്കിന് എഴുന്നള്ളിക്കുന്നു. വിളക്കുകണ്ട് തൊഴാതെ ഒരുത്തരും ശബരിമലയില്‍നിന്നും യാത്രതിരിക്കരുതെന്നാണ് വ്യവസ്ഥ. ഒരുദിവസത്തെ എഴുന്നള്ളിപ്പും വിളക്കുമെങ്കിലും കണ്ടുതൊഴാതെ മടങ്ങുന്നവര്‍ നന്നേ ചുരുക്കമാണ്. മകരവിളക്കു കണ്ടുതൊഴുന്നത് പരമപുണ്യമാണെന്നാണ് വിശ്വാസം.
മാളികപ്പുറത്തുള്ള മണ്ഡപത്തറയില്‍ ശാര്ദ്ദൂലാധിരൂഢനായ ശാസ്താവിന്റെ രൂപം ചിത്രീകരിച്ച് പ്രത്യേക പൂജകളും പാട്ടും നടത്തുന്നു. അനന്തരം അവിടെനിന്നും എഴുന്നള്ളിക്കുന്നു. പതിനെട്ടാംപടിക്കല്‍ വന്ന് നിലപാടുനിന്നു വേട്ടവിളി (പള്ളിനായാട്ടുവിളി) നടത്തുന്നു. പിന്നീട് പ്രദക്ഷിണമായ എഴുന്നള്ളിപ്പു പോകുന്നു.
ദേവകളും ഋഷികളും മണ്ണിലും വിണ്ണിലും ശബരീശന് ദീപാരാധന അര്‍പ്പിക്കുന്ന പരകോടി പുണ്യം വിതറിയ ആനന്ദനിമിഷത്തില് തിരുവാഭരണ ഭൂഷിതനായ കാനനവാസന് ഭക്തസാഗരത്തിനാണ് ദര്ശനപുണ്യമേകുന്നത്. മുപ്പത്തിമുക്കോടി ദേവതകള്‍ ഹരിഹരപുത്രന്‍ മുന്നില്‍ അണിനിരക്കുന്ന ധന്യമുഹൂര്‍ത്തം കൂടിയാണ് മകര സംക്രമം. ശബരീശന്റെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുമ്പോള്‍ കിഴക്ക് ദേവതകളുടെ പ്രണാമം അറിയിച്ച് മകരനക്ഷത്രവും മിന്നിത്തിളങ്ങുന്നു. ഈ സമയം കാനനവാസന് തിരുവാഭരണ വിഭൂഷിതനായി ദര്‍ശനമരുളുന്നു എന്നാണ് സങ്കല്‍പ്പം.
മണ്ണും വിണ്ണും മനസ്സും ശരീരവും പ്രകൃതിയും തമ്മില്‍ മകര സംക്രമസന്ധ്യയ്ക്ക് അഭേദ്യമായ ബന്ധമുണ്ട്. സൂര്യന് ധനുരാശിയില്‍നിന്നും മകരം രാശിയിലേക്ക് മാറുന്നത് മകരസംക്രമ വേളയിലാണ്. പ്രകൃതി ദക്ഷിണായനത്തില്‍നിന്ന് ഉത്തരായണത്തിലേക്കുള്ള സംക്രമണം ആരംഭിക്കുന്നത് ഈ മുഹൂര്‍ത്തത്തിലാണ്. സംക്രമവേളയില്‍ അയ്യപ്പന് സംക്രമാഭിഷേകം ഉണ്ട്. കവടിയാര്‍ കൊട്ടാരത്തില്‍നിന്നും കൊണ്ടുവരുന്ന മുദ്രയിലെ നെയ്യാണ് ഈ സമയം അഭിഷേകം കഴിക്കുന്നത്.
കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേക ദൂതന്‍വശമാണ് അയ്യപ്പമുദ്ര കൊടുത്തുവിടുന്നത്. പന്തളം രാജകുടുംബവും തിരുവിതാംകൂര്‍ രാജകുടുംബവും തമ്മിലുള്ള ചരിത്രമാണ് ഇതിനു പിന്നില്‍. തിരുവിതാംകൂര്‍ രാജാവ് പന്തളം രാജ്യത്തെ സഹായിച്ചതിന്റെ സ്മരണകൂടിയാണിത്.
സന്നിധാനത്തില്‍ എത്തുന്ന ഭക്തരില്‍ ഏറ്റവും കൂടുതല്‍ പേര് മകരജ്യോതി ദര്ശനത്തിനായിതാവളമടിക്കുന്നത് പാണ്ടിത്താവളത്തിലാണ്. മരങ്ങളുടെയോ മലകളുടെയോ മറവില്ലാതെ മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട് കാണാനാകുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. മകരജ്യോതി ദര്‍ശനത്തിനൊപ്പം തിരുവാഭരണ ഭൂഷിതനായ ഹരിഹരപുത്രനെയും കണ്ട് തൊഴണമെങ്കില്‍ സന്നിധാനത്തില്‍ തിരുമുറ്റത്തെത്തുകതന്നെ വേണം. ധ്യാനനിരതനായി ചിന്മുദ്ര ധരിച്ചിരിക്കുന്ന അയ്യപ്പനെ യോദ്ധാവിന്റെ വേഷത്തില്‍ കാണാനുള്ള പന്തളം രാജാവിന്റെ ആഗ്രഹമാണ് തിരുവാഭരണം അണിഞ്ഞുള്ള ദര്‍ശനം. ആന, തേര്, കാലാള്‍പ്പട എന്നിവയോടുകൂടി പടച്ചട്ടയണിഞ്ഞ ശബരീശനെയാണ് തിരുവാഭരണ വിഭൂഷിതനായി കാണാന്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: