ചിത്രകലയില്‍ പ്രതിഭയുടെ പ്രമദവനമാണ് പ്രമോദ രചനകള്‍. വളരെ ചെറുപ്പത്തില്‍ത്തന്നെ തനിക്ക് ചുറ്റുമുള്ളതിനെ ഛായത്തിലൂടെ പുനരാവിഷ്ക്കരിക്കുക എന്നതായിരുന്നു ആര്‍ട്ടിസ്റ്റ് സി.എം.പ്രമോദ് എന്ന യുവചിത്രകാരന്റെ വിനോദം. ചിത്രകലയും രചനയും സംബന്ധിച്ച് പറയത്തക്ക പരിജ്ഞാനമൊന്നുമില്ലെങ്കിലും അനുഗൃഹീത സര്‍ഗ വൈഭവം ഈ രംഗത്ത് ഉറച്ചുനില്ക്കുവാന് പ്രമോദിനെ പ്രേരിപ്പിച്ചു. ഇതാകട്ടെ കലയിലെ ശാസ്ത്രീയത അഭ്യസിക്കുന്നതിനായുള്ള മാര്‍ഗദര്‍ശനവുമായി. അങ്ങനെ 1995 ല്‍ കോഴിക്കോട് യൂണിവേഴ്സല്‍ ഫൈന്‍ ആര്‍ട്സ് കോളേജില്‍ ചേരുകയും ചിത്രകലയില്‍ ഡിപ്ലോമ നേടുകയും ചെയ്തു.
തുടര്‍ന്നുള്ള കാലം ചിത്രരചനയില്‍ പ്രതിഭയുടെ പ്രതിഫലനത്തിന്റേതായി. ചാര്‍ക്കോള്‍, ക്രയോണ്‍, മീഡിയ, ഓയില്‍ പെയിന്റ്, വാട്ടര്‍ക്കളര്‍, ഇനാമല്‍, പെന്‍സില്‍, ഫൗണ്ടെന്‍ പെന്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ ജീവന് തുടിക്കുന്ന നൂറുക്കണക്കിന് ചിത്രങ്ങളാണ് പ്രമോദ് ഇതിനകം വരച്ചത്.
ഒപ്പം ശില്പ്പങ്ങള് ഉണ്ടാക്കുന്നതിലും മെയ്ക്കപ്പിലും നാടകാഭിനയത്തിലും പ്രമോദ് സാന്നിധ്യമുറപ്പിച്ചു. ചിത്രകലയെ ആസ്പദമാക്കിയുള്ള വിവിധ മത്സരങ്ങളിലായി ഒട്ടേറെ ബഹുമതികളാണ് ഈ ആര്‍ട്ടിസ്റ്റിന് തേടിയെത്തിയത്. രവിവര്‍മ്മ ചിത്രങ്ങളും, പിക്കാസോ രചനകളും, ഹുസൈന് വരകളും, കനത്ത സ്വാധീനം ചെലുത്തിയ പ്രമോദ് രചനയില്‍ ആര്‍ട്ടിസ്റ്റ് മദനന്റെ പെയിന്റിംഗും ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.
കോഴിക്കോട് പേരാമ്പ്ര ചേനോളി വേദവ്യാസ വിദ്യാപീഠത്തിലെ ചിത്രകലാ അധ്യാപകനായും പ്രവര്‍ത്തിച്ച പ്രമോദ് ചാലിക്കര കായല്‍മുക്കിലെ ചാലില്‍ മീത്തല്‍ കുഞ്ഞിഅരുമയുടേയും കൊറുമ്പിയുടേയും മകനാണ്. ഭാര്യ-കവിത. സാമൂഹ്യ, സാംസ്ക്കാരിക പ്രവര്‍ത്തനരംഗത്തെ സജീവസാന്നിധ്യം കൂടിയായ ഈ കലാപ്രതിഭ സ്നേഹനഗര്‍ ‘മഴ’ ക്രിയേറ്റീവ് ഓര്ഗനൈസേഷന് അംഗവുമാണ്.
** എന്‍.ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: