ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കാനും പദ്ധതിയില്‍ 10 ശതമാനം ഓഹരി പങ്കാളിയാകാനുമുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം സര്‍ക്കാര്‍ നയത്തിന് വിരുദ്ധവും പരിസ്ഥിതിക്ക് വിനാശകരവുമാണ്. നിയമങ്ങളെ കാറ്റില്‍പ്പറത്തി ഭൂമി കയ്യേറ്റക്കാരുടെ നടപടിയെ വെള്ളപൂശാനാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും ബസ്സര്‍വീസ് പോലെ വിമാനത്താവളം തുടങ്ങാന്‍ കഴിയില്ലെന്നും പ്രവാസികാര്യമന്ത്രി വയലാര്‍ രവിയും അഭിപ്രായപ്പെട്ടുകഴിഞ്ഞു. മന്ത്രിസഭാ തീരുമാനം ആത്മഹത്യാപരവും ജനവഞ്ചനയും ആണെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരനും പ്രസ്താവിച്ചിട്ടുണ്ട്. നിയമവിരുദ്ധവും കൃത്രിമവുമായ മാര്‍ഗത്തിലൂടെ ആറന്മുളയില് നെല്‍വയലും തണ്ണീര്‍ത്തടവും നീര്‍ച്ചാലുകളും നികത്തിയാണ് പദ്ധതി. ഇടതുപക്ഷ ഭരണകാലത്ത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആണ് നിയമവിധേയമായി നടപടിയെടുക്കാന്‍ ഈ സ്ഥലം വ്യവസായമേഖലയായി പ്രഖ്യാപിക്കാനും ആദ്യം അനുമതി നല്കിയതും. കലമണ്ണില്‍ ആറന്മുള പുഞ്ച നികത്തിയാണ് പദ്ധതിക്ക് സ്ഥലം കണ്ടെത്തിയത്. ആറന്മുളയിലെ 500 ഏക്കര്‍ സ്ഥലത്ത് 2000 കോടിയുടെ പദ്ധതിയാണ് കെജിഎസ് ആറന്മുള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനി പ്രവര്‍ത്തിക്കുക. 3100 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള റണ്‍വേയില്‍ എ 320, ബി 747 വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയും. ടെര്‍മിനല്‍ കെട്ടിടത്തില്‍ 1000 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യവുമുണ്ടായിരിക്കും. നീര്‍ച്ചാലും തോടും നികത്തിയവര്‍ക്കെതിരെ നിയമനടപടി എടുക്കേണ്ട സര്‍ക്കാരാണ് വെറും 20 കോടി രൂപ ആസ്തിയുള്ള കെജിഎസ് ഗ്രൂപ്പിന്റെ ദുഃസ്വാധീനത്തിന് വഴങ്ങി അംഗീകാരം നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ ഓഹരിയായി കണക്കാക്കുന്ന പുറമ്പോക്ക് ഭൂമിയായ ആറന്മുള നീര്ച്ചാല് നാലുവര്‍ഷം മുമ്പ് നികത്തിയതിന് സര്‍ക്കാര്‍ പ്രോസിക്യൂഷന് നടപടി സ്വീകരിച്ചിരുന്നു. മണ്ണ് എടുത്തുമാറ്റണമെന്നും 18 ലക്ഷം രൂപ അടയ്ക്കണമെന്നും വിമാനത്താവള കമ്പനിയോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലാന്‍ഡ് റവന്യൂ കമ്മീഷണറും കളക്ടറും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുകയായിരുന്നു. അതെല്ലാം അവഗണിച്ചാണ്, അധികഭൂമി മിച്ചഭൂമിയായി കണക്കാക്കി ഭൂരഹിതര്‍ക്ക് നല്‍കേണ്ട സര്‍ക്കാര്‍ സ്വന്തം പുറമ്പോക്ക് ഭൂമി സ്വകാര്യകമ്പനിക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ചെയ്ത തെറ്റിന് അംഗീകാരം നല്‍കുകയാണ് ഫലത്തില്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. നെല്‍കൃഷി വികസനത്തിന് ശ്രമിക്കുന്ന സര്‍ക്കാരാണ് നെല്‍വയല്‍ നികത്തിയത് ന്യായീകരിക്കുന്നത്. പമ്പാനദിയും പോഷക നീര്‍ച്ചാലും തോടും നികത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകാത്തത് നെല്‍വയലും തണ്ണീര്‍ത്തടവും ആര്‍ക്കും നികത്താമെന്ന സന്ദേശംകൂടി നല്‍കുകയാണ്. വിമാനത്താവള നിര്‍മ്മാണത്തിനാവശ്യമായ മറ്റ് അനുമതികള്‍ കമ്പനി നേരത്തെ നേടിയിരുന്നു. ഇപ്പോള്‍ മന്ത്രിസഭ സാങ്കേതിക അനുമതിയും നല്കി. വിമാനത്താവളവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരും. പദ്ധതിക്ക് ആവശ്യമില്ലാത്ത ഭൂമി അനുമതി നല്‍കിയത് റദ്ദാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍സര്‍ക്കാര്‍ നല്കിയ വിജ്ഞാപനത്തിന് പുനര്‍വിജ്ഞാപനവും ഇറക്കും. നീര്‍ച്ചാലും തോടും നികത്തിയതിന്റെ വിലയാണ് സര്‍ക്കാര്‍ ഓഹരിയായി കണക്കാക്കാനുള്ള കേട്ടുകേള്‍വി പോലുമില്ലാത്ത തീരുമാനം.
പ്രത്യേക സാമ്പത്തിക മേഖല, മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ഷോപ്പിംഗ് മാള്‍, നക്ഷത്രഹോട്ടലുകള്‍, ഇന്റര്‍നാഷണല്‍ സ്കൂള്‍ തുടങ്ങിയവയും അനുബന്ധമായി വിഭാവനം ചെയ്യുന്നുണ്ട്. രണ്ട് വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വിമാനത്താവള പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആറന്മുള പൈതൃകഗ്രാമം ആധുനിക സിറ്റിയായി രൂപാന്തരം പ്രാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: