അഞ്ചല്‍: രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി ജീവന് ബലിയര്‍പ്പിക്കപ്പെട്ടത് മാതൃകാ സ്വയംസേവകന്റേത്. ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുടെ കുഴിബോംബില്‍ പൊലിഞ്ഞത് കുട്ടിക്കാലം മുതല്‍ “ഈ ശരീരം മാതൃഭൂമിക്കായി പതിക്കട്ടെ” എന്നു പ്രാര്‍ത്ഥിച്ചിരുന്ന സംഘ സ്വയംസേവകന്റേത്.
വയലാ കോവൂര്‍ സുധീഷ്ഭവനില്‍ മുരളീധരന്‍പിള്ളയുടെ മകന് സുധീഷ്(23) സിആര്‍പിഎഫില്‍ ചേരുന്നതിനു മുമ്പെ സ്വയംസേവകനായി വയലാ ശാഖയില്‍ മുടങ്ങാതെ എത്തുമായിരുന്നെന്ന് കണ്ണീരോടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
അവധിക്ക് നാട്ടിലെത്തുമ്പോഴും സംഘപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. കേസരി വാരികയുടെ വരിസംഖ്യ ചേര്‍ന്നതിനു ശേഷമാണ് ഇപ്പോള്‍ മടങ്ങിപ്പോയത്. മരണവിവരമറിഞ്ഞ് നാട്ടില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘപ്രവര്ത്തകരൊക്കെ വീട്ടില്‍ എത്തിയിരുന്നു. മരണവിവരം വിശ്വസിക്കാനാകാതെ വിങ്ങുകയായിരുന്നു പലരും.
സാധാരണക്കാരായ കുടുംബങ്ങളുടെ സ്വപ്നമായ കെട്ടുറപ്പുള്ള ഒരു വീടിനുവേണ്ടി ജോലി കിട്ടിയ ഉടനെ സുധീഷ് ശ്രമമാരംഭിച്ചിരുന്നു. ലീവിനു വന്ന ഉടനെ അടിസ്ഥാനം കെട്ടി ഇട്ടതിനു ശേഷം വീട് നിര്‍മ്മാണത്തിനായി ലോണിനുള്ള ശ്രമങ്ങള്‍ ആരംഭിച്ച ശേഷമാണ് മടങ്ങിപ്പോയത്.
വീട് പണിക്കായി ഉടന്‍ നാട്ടിലെത്താന്‍ ശ്രമിക്കുമെന്ന് പറഞ്ഞ് പോയ സുധീഷിന്റെ മരണവാര്‍ത്തയാണ് വ്യാഴാഴ്ച രാവിലെ നാട്ടുകാര്‍ക്ക് കേള്‍ക്കാനായത്. ജാര്‍ഖണ്ഡില്‍ ജവാന്മാര് കൊല്ലപ്പെട്ട വാര്‍ത്ത ടീവിയില്‍ വന്ന ഉടനെ അമ്മ പ്രശോഭകുമാരി തളര്‍ച്ചയിലാണ്. സുധീഷിനൊപ്പം ഒന്‍പത് ജവാന്മാരും മാവോയിസ്റ്റ് ഭീകവാദികളുടെ കുഴിബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രാഷ്ട്രമാതാവിനു വേണ്ടി ഹോമിക്കപ്പെട്ട ധീരജവാനായ സുധീഷിന്റെ ഓര്‍മ്മകള്‍ നാടിന് പ്രേരണയേകുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സംഘകുടുംബത്തില്പ്പെട്ട സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും രാത്രിയും വീട്ടില്‍ എത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി എം.സി. വത്സന്, ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്കപ്രമുഖ് വി. പ്രതാപന്, ജില്ലാ കാര്യവാഹ് എസ്. അശോകന്, മുന്‍ മന്ത്രി മുല്ലക്കര രത്നാകരന്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര് ഗോപാലകൃഷ്ണപിള്ള എന്നിവര്‍ അനുശോചിച്ചു.
** സജീഷ് വടമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: