വിലക്കയറ്റം മൂലം ജീവിതം ദുഃസഹമായി തീര്‍ന്ന ജനതയ്ക്ക് വീണ്ടും ഇരുട്ടടി നല്കി എല്ലാ ക്ലാസുകളിലും ട്രെയിന്‍ യാത്രാനിരക്ക് 20 ശതമാനം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതുപോരാതെ പ്രധാനമന്ത്രി ഡീസല്‍ മണ്ണെണ്ണ വിലയും വര്‍ധിപ്പിക്കാന്‍ പോകുകയാണ്. പുതിയ നിരക്കുകള്‍ ജനുവരി 21 മുതല്‍ നിലവില്‍ വരും. ഒരു ദശാബ്ദത്തിന് ശേഷമാണ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. എല്ലാ ക്ലാസ്സുകളിലും നിരക്ക് വര്‍ധന ബാധകമാണ്. കിലോമീറ്ററിന് രണ്ടു പൈസ മുതല്‍ 10 പൈസ വരെയാണ് നിരക്ക് വര്‍ധന. ഇതില്‍ കൂടി റെയില്‍ മന്ത്രി പവന് കുമാര്‍ ബന്‍സല്‍ ലക്ഷ്യമിടുന്നത് 6600 കോടിയുടെ അധിക വരുമാനമാണ്. ജനുവരി 21 മുതല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 വരെമാത്രം 1200 കോടിയുടെ അധികവരുമാനമാണ് റെയില്‍വേയ്ക്ക് ലഭിക്കുക. പത്ത് വര്‍ഷത്തിനുശേഷം പ്രഖ്യാപിച്ച നിരക്കു വര്‍ധന റെയില്‍വേ ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് എന്നതും ശ്രദ്ധേയമാണ്. പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്കില്‍ വര്‍ധനയില്ല. 12 മുതല്‍ 20 ശതമാനം വര്‍ധനയില്‍ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക് അഞ്ചു രൂപയായിരിക്കും. ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് രാജ്യത്തിന്റെ തെക്കേ അറ്റത്തെ സംസ്ഥാനമായ കേരളത്തെയായിരിക്കും. സാധാരണ സെക്കന്റ് ക്ലാസ് രണ്ട് പൈസയും മെയിന്‍ എക്സ്പ്രസുകള്‍ക്ക് മൂന്ന് പൈസയും സ്ലീപ്പര്‍ ക്ലാസുകള്‍ക്ക് ആറുപൈസയും എസി ചെയര്‍കാറിന് 10പൈസയും ആണ് വര്‍ധന. ടിക്കറ്റുകള്‍ക്കുമേല്‍ ചുമത്തിയിരുന്ന വികസന നികുതി ഒഴിവാക്കി പകരം അഞ്ചുരൂപയുടെ ഗുണിതങ്ങളാക്കി മറ്റൊരു വഴിയ്ക്ക് നേട്ടം ഉണ്ടാക്കുകയും ചെയ്തിരിക്കുകയാണ്.
പത്ത് വര്‍ഷം ജനപ്രിയ ബജറ്റ് ലക്ഷ്യമിട്ട് നിരക്ക് കൂട്ടാതിരുന്നത് റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി മോശമാക്കിയതായും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ നഷ്ടം 25,000 കോടിയായിരിക്കുമെന്നും റെയില്‍ മന്ത്രി വ്യക്തമാക്കി. രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമായിരിക്കും. പുതുക്കിയ ടിക്കറ്റ് നിരക്കനുസരിച്ച് നഗര മേഖലയില്‍ ഓര്‍ഡിനറി സെക്കന്റ് ക്ലാസില്‍ 35 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ രണ്ടുരൂപയാണ് കൂട്ടിയിരിക്കുന്നത്. നഗരമേഖലയ്ക്ക് പുറത്ത് 135 പൈസ യാത്രയ്ക്ക് അഞ്ചു രൂപകൂട്ടും. സ്ലീപ്പര്‍ ക്ലാസില്‍ 770 കി.മീ. യാത്ര ചെയ്യാന്‍ 50 രൂപ കൂടുതലാകും. പ്രതിഷേധം ബജറ്റവതരണത്തിന് മുന്‍പ് കെട്ടടങ്ങുമെന്ന കണക്കുകൂട്ടലാണ് ഇപ്പോള്‍ ഈ വര്‍ധന പ്രഖ്യാപനത്തിന് പ്രേരകം. ചരുക്കുകൂലി വര്‍ധിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നായിരുന്ന റെയില്‍മന്ത്രിയുടെ മറുപടി. റെയില്‍വേ സംവിധാനത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനാണത്രെ ഈ നിരക്ക് വര്‍ധന. പാസഞ്ചര്‍ സെക്ഷനില്‍ നഷ്ടം കൂടുമ്പോഴും എല്ലാ മേഖലയെയും ബാധിക്കുന്ന വിലക്കയറ്റം ചരക്കു നീക്കങ്ങളും ബാധിച്ചുവെന്നും കല്‍ക്കരി കയറ്റുമതി പോലും കുറഞ്ഞു എന്നും മന്ത്രി വാദിക്കുന്നു. മുന്‍ റെയില്‍വേ മന്ത്രി ഇത് ജനചൂഷണമാണെന്ന് പ്രഖ്യാപിച്ചു. റെയില്‍ മന്ത്രി ബജറ്റിന് മുന്‍പ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത് പാര്‍ലമെന്റിനോടുള്ള അവഗണനയായാണ് ഇടതുപാര്‍ട്ടികള്‍ ചിത്രീകരിക്കുന്നത്.
വമ്പിച്ച ഈ നിരക്ക് വര്‍ധനയ്ക്ക് പകരം ചെറിയ തോതില്‍ നിരക്കു വര്ധനയാകാമായിരുന്നില്ലേ എന്നാണ് ബിജെപി ചോദിക്കുന്നത്. റെയില്‍വേയെ ട്രാക്കിലാക്കാനാണ് ഈ നിരക്ക് വര്‍ധന എന്ന് പ്രഖ്യാപിക്കുമ്പോഴും റെയില്‍വേയുടെ സൗകര്യങ്ങള്‍ ഇനിയും അപര്യാപ്തമാണ്. സുരക്ഷിതത്വ സംവിധാനങ്ങളോ യാത്രാ സൗകര്യ വര്‍ധനയോ ട്രെയിനുകളില്‍ നടപ്പാക്കില്ല. വൃത്തിഹീനമായ കംപാര്‍ട്ട്മെന്റുകളാണ് ട്രെയിനുകളില്‍. ട്രെയിനുകളില്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതും പ്രഖ്യാപനത്തില്‍ ഒതുങ്ങി. യാത്രാക്കൂലി വര്‍ധിപ്പിക്കുമ്പോഴും ജനങ്ങളാവശ്യപ്പെടുന്ന യാത്രാ സൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ റെയില്‍വേ അധികൃതര്‍ ബാധ്യസ്ഥരാണ്. ഈ വരുന്ന ബജറ്റ് സമ്മേളനം യുപിഎ സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനമാണെന്നിരിക്കെ, ഈ റെയില്‍വേ നിരക്ക് വര്‍ധന വരുന്ന ബജറ്റ് ജനപ്രിയമാണെന്ന് വരുത്തി പൊതുതെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് സൂചനയുണ്ട്.
ഇതായിരിക്കാം ഇപ്പോള്‍ തിരക്കിട്ട് നിരക്ക് വര്‍ധന പ്രഖ്യാപിക്കാന്‍ പ്രേരകമായത്. ദേശീയ ഇനൊവേഷന്‍ കൗണ്‍സില്‍ ചെയര്മാന് സാം പിത്രോഡ നിര്‍ദ്ദേശിക്കുന്നതാകട്ടെ റെയില്‍വേയിലെ സ്വകാര്യ പങ്കാളിത്തമാണ്. രാജ്യ പുരോഗതിയ്ക്ക് ഇത് അത്യന്താപേക്ഷിതമാണെന്നും ഇങ്ങനെ ഒരു ഇന്ത്യന്‍ മാതൃക സൃഷ്ടിക്കണം എന്നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: