വാഷിങ്ങ്ടണ്‍: സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുവാന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് പുറപ്പെടുവിച്ച പുതിയ നയരേഖ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒരുപാട് അകലെയാണെന്ന് യുഎസ്. അസദിന്റെ പുതിയ നയം അധികാരത്തില്‍ തന്നെ അള്ളിപ്പിടിച്ചിരിക്കുവാനുള്ള ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത്. സിറിയന്‍ ജനതയെ അടിച്ചമര്‍ത്താനുള്ള നയം യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സിറിയയില്‍ തുടരുന്ന അസദിന്റെ ഭരണം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ജബാല്‍ അക്രദ്, ജബാല്‍ തുര്‍ക്ക്മെന്‍ എന്നിവര്‍ താമസിക്കുന്ന പ്രദേശമായ സുന്നി നഗരങ്ങളിലും ഗ്രാമങ്ങളിലും അക്രമങ്ങള്‍ നടത്തിയതിലൂടെ അസദ് സ്വന്തം രാജ്യങ്ങളിലെ ജനങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിക്ടോറിയ നുളന്റ് ആരോപിച്ചു.
അസദിന്റെ നിയമസാധുത നഷ്ടമായി. പ്രശ്നപരിഹാരത്തിനായി ജനഹിതം മാനിച്ച് അസദ് സ്ഥാനം ഒഴിയണം. സിറിയയിലെ പ്രശ്നപരിഹാരത്തിനായി ജെയിനെവ ആക്ഷന്‍ ഗ്രൂപ്പ് കൊണ്ടുവന്ന നയരേഖയെ യുഎസ് പിന്തുണയ്ക്കുന്നുവെന്നും നുളന്റ് പറഞ്ഞു. യുഎന്‍ അറബ് ലീഗ് സമാധാന ദൂതന് ലക്ദര്‍ ബ്രാഹ്മിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും അവര്‍ അറിയിച്ചു.
അസദിന്റെ ആഹ്വാനത്തിനെതിരെ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയും രംഗത്തെത്തിയിട്ടുണ്ട്. യുദ്ധകുറ്റകൃത്യങ്ങള്‍ക്കാണ് അസദ് ശ്രമിക്കുന്നതെന്ന് മുര്‍സി കുറ്റപ്പെടുത്തി. ഭരണകൂടത്തിനെതിരെ 2011ല്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ക്കിടെ ജൂണില്‍ ആദ്യമായി ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത അസദ് സിറിയ പുറത്തുനിന്നുള്ള ആക്രമങ്ങളില്‍ അകപ്പെട്ടിരിക്കുകയാണെന്നാണ്. വിമതരെ ഭീകരരോട് ഉപമിച്ച അസദ് ഇന്നും ഇതാവര്‍ത്തിച്ചിരിക്കുകയാണെന്നും മുര്‍സി പറഞ്ഞു. യുദ്ധ കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്കായിരിക്കും അസദ് പോകുകയെന്നും മുര്‍സി മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ 21 മാസത്തെ പ്രക്ഷോഭത്തിനിടെ ഞായറാഴ്ച്ചയാണ് അസദ് ജനങ്ങളെ അഭിസംബോധന ചെയ്യാനെത്തിയത്. പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് അസദ് നടത്തിയത്. പുറത്തുനിന്നുള്ളവരുടെ ഉപദേശം സ്വീകരിക്കാന്‍ മടിയില്ലെന്നും എന്നാല്‍ ഉത്തരവിടാന്‍ ആരും പോരേണ്ടെന്നും അസദ് പറഞ്ഞു. സിറിയയിലെ പ്രതിസന്ധിക്കു ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് ഈയിടെ യുഎന്‍ ദൂതന് ലക്ദര്‍ ബ്രാഹ്മി നിര്‍ദേശിച്ചതിനെ പരോക്ഷമായി പരാമര്‍ശിച്ചാണ് അസദ് ഈ അഭിപ്രായപ്രകടനം നടത്തിയത്.
21 മാസം പിന്നിട്ട സിറിയയിലെ ആഭ്യന്തരപ്രക്ഷോഭം പരിഹരിക്കാന്‍ ദേശീയ അനുരഞ്ജനത്തിനും ചര്‍ച്ചയ്ക്കും തയാറാണെന്ന് ദമാസ്കസിലെ ഓപ്പറ ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ അസദ് വ്യക്തമാക്കിയിരുന്നു. ജൂണിനുശേഷം ആദ്യമായാണ് അസദ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. സമാധാനത്തിനുള്ള പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു.
ദേശീയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പുതിയ ഭരണഘടന തയാറാക്കുകയും പിന്നീട് ഹിതപരിശോധന നടത്തുകയും ചെയ്യാമെന്ന് അസദ് പറഞ്ഞു. വിമതര്‍ക്കുള്ള വിദേശസഹായം നിര്‍ത്തണം. സൈനിക നടപടികള്‍ ഇതേത്തുടര്‍ന്ന് അവസാനിപ്പിക്കും. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നു പറഞ്ഞ അദ്ദേഹം സിറിയന്‍ പ്രശ്നത്തിനു പരിഹാരം കാണേണ്ടത് സിറിയക്കാരാണെന്നും വിദേശ ഇടപെടല്‍ സമ്മതിക്കില്ലെന്നും വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ സമരം നടത്തുന്ന വിമതര്‍ വിദേശശക്തികളുടെ പാവകളായതിനാല്‍ അവരുമായി ചര്‍ച്ചക്കില്ലെന്നും അസദ് അറിയിച്ചു.
അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരവാദികളുമായി സിറിയ യുദ്ധം ചെയ്യുകയാണെന്ന് അസദ് പറഞ്ഞു. സിറിയയില്‍ വിപ്ലവം നടക്കുന്നില്ല. വിപ്ലവത്തിന് സൈദ്ധാന്തികരും ആശയവും നേതൃത്വവും ആവശ്യമാണ്. സിറിയയിലെ പ്രക്ഷോഭത്തിന്റെ നേതാവ് ആരാണെന്നും അസദ് ചോദിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പരോക്ഷമായി വിമര്‍ശിച്ച അസദിനെതിരെയാണ് ഇന്ന് ലോകനേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ആഭ്യന്തര കാലാപം രൂക്ഷമായിരിക്കുന്ന രാജ്യത്ത് പ്രശ്ന പരിഹാരം കാണാന്‍ യുഎന്‍ അടക്കമുള്ള സംഘടനകള്‍ അതീവ പരിശ്രമം നടത്തുന്നതിനിടെയാണ് വിമതര്‍ക്കെതിരെ യുദ്ധത്തിന് അസദ് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ 21 മാസത്തിനിടെ സിറിയയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ 60,000ത്തിലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: