ന്യൂദല്‍ഹി: മകളുടെ പേര് തന്റെ സമ്മതമില്ലാതെയാണ് വെളിപ്പെടുത്തിയതെന്ന് ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ പിതാവ്. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടിയുടെ പിതാവ് ഇക്കാര്യം പറഞ്ഞത്. ക്രിമിനല്‍ നിയമങ്ങള്‍ക്ക് മകളുടെ പേര് നല്കിയാല് മാത്രമെ അവളുടെ പേര് വെളിപ്പെടുത്തുകയുള്ളൂവെന്നും പിതാവ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പേര് നല്കുന്നതില് എതിര്‍പ്പില്ലെന്നും, അവളുടെ പേര് ലോകം അറിയണമെന്നും പിതാവ് പറഞ്ഞതായി ബ്രിട്ടീഷ് ദിനപ്പത്രമാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. എന്നാല്‍ പേര് വെളിപ്പെടുത്തുന്നതില്‍ തനിക്ക് സമ്മതമില്ലായിരുന്നുവെന്നും പിതാവ് പറയുന്നു.
തന്റെ മകളെയോര്‍ത്ത് എനിക്ക് അഭിമാനമുണ്ടെന്നും അവള് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, മാനം കാക്കുന്നതിനിടെയാണ് അവള് മരണത്തിന് കീഴങ്ങിയതെന്നും അഭിമുഖത്തില്‍ പറഞ്ഞതായി സണ്‍ഡെ പീപ്പിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ മകളുടെ പേര് വെളിപ്പെടുത്തുന്നതിലൂടെ മറ്റുള്ള സ്ത്രീകള്‍ക്കും ഇതൊരു പ്രചോദനമാകട്ടെയെന്ന് പിതാവ് പറഞ്ഞതായി പത്രം വ്യക്തമാക്കിയിരുന്നു. സണ്‍ഡെ പീപ്പിള്‍ പ്രതിനിധി ഉത്തര്‍പ്രദേശിലെ ബലിയയിലെത്തിയാണ് പിതാവിന്റെ അഭിമുഖം എടുത്തത്. പെണ്‍കുട്ടിയുടേയും കുടുംബാംഗങ്ങളുടേയും പേര് വിവരങ്ങള്‍ ഞായറാഴ്ച്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ പെണ്‍കുട്ടിയുടെ പേര് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതുവരെ പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. പെണ്‍കുട്ടിയുടെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവിട്ടതിന് നേരത്തെ മെയില്‍ ടുഡെ എന്ന ഇംഗ്ലീഷ് പത്രത്തിനെതിരെ കേസെടുത്തിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ അഭിമുഖം പുറത്തുവിട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ചാനലായ സീ ന്യൂസിനെതിരെ ദല്‍ഹി പോലീസ് കേസെടുത്തിരുന്നു.
പെണ്‍കുട്ടിയുടെ അച്ഛന്റെ പേരും ചിത്രവും ഉള്‍പ്പെടെയാണ് ബ്രിട്ടീഷ് ദിനപ്പത്രം വാര്‍ത്ത പുറത്തുവിട്ടത്. പെണ്‍കുട്ടിയുടെ പേര് നല്കിയ പത്രം അവളുടെ ചിത്രം നല്‍കരുതെന്ന കുടുംബത്തിന്റെ ആവശ്യപ്രകാരം അത് നല്‍കിയിരുന്നില്ല. പെണ്‍കുട്ടിയുടെ പേര് ലോകം അറിയണം. നിയമത്തിന് അവളുടെ പേര് നല്കുന്നതില് എതിര്‍പ്പില്ലെന്നു മാത്രമാണ് ബ്രിട്ടീഷ് പത്രത്തിനോട് താന്‍ പറഞ്ഞത്. എന്നാല്‍ പത്രത്തിലെ റിപ്പോര്‍ട്ടില്‍ മകളുടെ പേര് ഉള്‍പ്പെടുത്തുമെന്ന് താന്‍ വിചാരിച്ചില്ലെന്നും പിതാവ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഡിസംബര്‍ 16ന് ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി 29ന് സിംഗുപ്പൂരിലെ ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ദല്‍ഹി പോലീസ് വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതുവരെ പെണ്‍കുട്ടിയുടെ പേരോ ചിത്രമോ പ്രസിദ്ധീകരിച്ചിട്ടില്ല. കുടുംബാംഗങ്ങളുടെ അനുമതി ഇല്ലാതെ പേര് നല്‍കില്ലെന്ന് മാധ്യമങ്ങള്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പത്രം പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: