കൊച്ചി: കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് മുന്‍കയ്യെടുത്ത് എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പാക്കുന്ന വിദ്യാജ്യോതി വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ടാബ്ലറ്റ് കമ്പ്യൂട്ടര്‍ സൗജന്യമായി സമ്മാനിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി ഡോ. എം.എം. പല്ലം രാജു നിര്‍വഹിച്ചു.
വ്യക്തിപരവും തൊഴില്‍പരവുമായ മികവിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ഊന്നല്‍ നല്‍കണമെന്ന് ഡോ. പല്ലം രാജു പറഞ്ഞു. വിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവിനൊപ്പം വിജ്ഞാനത്തിന്റെ വിപുലമായ മേഖലകളിലേക്ക് കടന്നു ചെല്ലാന്‍ സാങ്കേതികവിദ്യ വിദ്യാര്‍ഥികളെ പര്യാപ്തമാക്കും. കമ്പ്യൂട്ടറുകളില്‍ പ്രയോജനപ്പെടുത്താവുന്ന നിരവധി പഠനസഹായികള്‍ ഇന്ന് ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
25 വയസിന് താഴെ പ്രായമുള്ള 55 കോടിയോളം ചെറുപ്പക്കാരാണ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്. ഇവരെ ശാക്തീകരിക്കുന്നതിലൂടെ രാജ്യത്തിനും ലോകത്തിനും പ്രയോജനപ്രദമായ നിരവധി മുന്നേറ്റങ്ങള്‍ക്ക് വഴി തെളിക്കാനാകും. ഈ യുവത്വത്തിന്റെ സ്വാധീനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും ജീവിത നിലവാരത്തിലും താമസിയാതെ അനുഭവപ്പെടുമെന്നതില്‍ സംശയമില്ല. സാക്ഷരതയിലും ജീവിതനിലവാരത്തിലും ഏറെ മുന്നില്‍ നില്ക്കുന്ന കേരളം ഇനിയും രാജ്യത്തിന് നിരവധി കാര്യങ്ങളില്‍ മാതൃകയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ അവകാശ നിയമം വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് നാന്ദി കുറിച്ചിരിക്കുന്നത്. സ്കൂളുകളിലെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചെന്ന് മാത്രമല്ല കൊഴിഞ്ഞുപോക്കിന് തടയിടാനും കഴിഞ്ഞിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങളുടെ പരമാവധി വിനിയോഗത്തിനുമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഉന്നത ഗുണനിലവാരമുള്ള കലാലയങ്ങളും സര്‍വകലാശാലകളും രാജ്യത്ത് ഉണ്ടാകേണ്ടത് പരമപ്രധാനമാണെന്നും ഡോ. പല്ലം രാജു പറഞ്ഞു.
കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. എക്സൈസ്, തുറമുഖ, ഫിഷറീസ് മന്ത്രി കെ. ബാബു, എം.പിമാരായ കെ.പി. ധനപാലന്, പി. രാജീവ്, എം.എല്‍.എമാരായ ഡൊമിനിക് പ്രസന്റേഷന്, ബെന്നി ബഹന്നാന്, എസ്. ശര്‍മ, ലൂഡി ലൂയിസ്, മേയര്‍ ടോണി ചമ്മിണി, ജില്ല കളകളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, പെന്റല്‍ ടെക്നോളജീസ് മാനേജിങ് ഡയറക്ടര്‍ വീരേണ്ടര്‍ സിംഗ്, സെന്റ് തെരേസാസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എക്സ്. അന്നക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: