ഭാരതത്തിലിന്ന് നമ്മുടെ മാര്‍ഗത്തില്‍ വമ്പിച്ച രണ്ടു പ്രതിബന്ധങ്ങളാണുള്ളത്. പഴയ മാമൂലുകളിലുള്ള വിശ്വാസമെന്ന പാറക്കെട്ടും, ആധുനിക യൂറോപ്യന്പരിഷ്കരണമെന്ന നീര്‍ച്ചുഴിയും. ഇവ രണ്ടില്‍ മാമൂല്‍പ്രിയതയ്ക്കാണ് എന്റെ സമ്മതി; യൂറോപ്യന്‍ പരിഷ്കാരപ്പൂച്ചിട്ട് മിനുക്കിയ സമ്പ്രദായത്തിനല്ല. കാരണം, പഴയ മാമൂല്ക്കാരന് അജ്ഞനാവാം, മുരടനാവാം. എങ്കിലും അയാള്‍ മനുഷ്യനാണ്. അയാള്‍ക്ക് ശ്രദ്ധയുണ്ട്, ശക്തിയുണ്ട്. തന്കാലിലാണ് അയാള്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഇതേസമയം യൂറോപ്യനായിച്ചമഞ്ഞവന് നട്ടെല്ലില്ല. ഒരു ചിട്ടയുമില്ലാതെ കണ്ടിടത്തുനിന്നെല്ലാം പെറുക്കിയെടുത്തതും പൊരുത്തപ്പെടാത്തതുമായ ആശയങ്ങളുടെ ഒരു ചുമടുമാത്രമാണയാള്; ഈ ആശയങ്ങളോട് സാത്മ്യപ്പെട്ടിട്ടില്ല; ഇവ ദഹിച്ചിട്ടില്ല; പൊരുത്തപ്പെട്ടിട്ടുമില്ല. തന്കാലിലല്ല അയാള്‍ നില്‍ക്കുന്നത്. അയാളുടെ തല സദാ ചുറ്റുകയാണ്. അയാളുടെ പ്രവൃത്തിക്കുള്ള പ്രചോദനം നിലകൊള്ളുന്നു? ഇംഗ്ലീഷുകാരുടെ പ്രസാദസൂചകമായ കുറെ തലോടലുകളില്‍. അയാളുടെ പരിഷ്കാരപദ്ധതികള്‍, സാമൂഹ്യമായ ചില അനാചാരങ്ങള്‍ക്കെതിരായുള്ള അയാളുടെ ശക്തിയേറിയ ശകാരങ്ങള്‍ ഇവയ്ക്കെല്ലാമുള്ള പ്രചോദനം നിലകൊള്ളുന്നത് കുറെ യൂറോപ്യന്മാരുടെ അനുഗ്രഹഹസ്തങ്ങളിലാണ്. നമ്മുടെ ചില ആചാരങ്ങള്‍ എന്തുകൊണ്ട് ചീത്തയാണെന്ന് പറയുന്നു? യൂറോപ്യന്മാര് അങ്ങനെ പറയുന്നതുകൊണ്ട്. ഏതാണ്ട് ഇത്തരത്തിലാണ് അയാളുടെ യുക്തി. ഇതിന് കീഴടങ്ങാന്‍ ഞാന്‍ തയ്യാറില്ല. സ്വന്തം ബലത്തില്‍ നില്‍ക്കണം; മരിക്കണം. പാപമായി എന്തെങ്കിലുമൊന്ന് ലോകത്തിലുണ്ടെങ്കില്‍ അത് ദുര്‍ബലതയാണ്. ദൗര്‍ബല്യമെല്ലാം പരിഹരിക്കണം; കാരണം, ദൗര്‍ബല്യമാണ് പാപം, ദൗര്‍ബല്യമാണ് മരണം. ഉറച്ച ഒരു നില സാധ്യമല്ലാത്ത ഈ ജന്തുക്കള്‍ക്ക് ഇനിയും സ്ഫുടമായ വ്യക്തിത്വമുണ്ടായിട്ടില്ല. എന്തുപേരാണ് അവള്‍ക്ക് നല്കാവുന്നത്.
- – സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: