വാഷിങ്ങ്ടണ്‍: ദല്‍ഹി പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ അഭിമുഖം പുറത്തുവിട്ട സി ന്യൂസിനെതിരെ കേസെടുത്ത പോലീസ് നടപടിക്കെതിരെ യുഎസ് ആസ്ഥാനമായ പത്രപ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തി. ചാനലിനെതിരെ കേസ് എടുക്കരുതെന്ന് സംഘടന ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഈ അഭിമുഖത്തിലൂടെ സാധിക്കുമെന്ന് സംഘടനയുടെ ചെയര്മാന് ബോബ് ഡൈറ്റ്സ് പറഞ്ഞു.
പെണ്‍കുട്ടിക്കെതിരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് മാധ്യമങ്ങള്‍ നല്‍കിയത്. അതിനെതിരെ നടപടിയെടുത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള പത്രപ്രവര്‍ത്തകരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്ന സംഘടനയാണ് ഇത്.
അതേസമയം, അഭിമുഖത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ദല്‍ഹി പോലീസ് നിഷേധിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്ന് സുഹൃത്ത് അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. സംഭവം വിളിച്ചറിയിച്ചിട്ടും മണിക്കൂറുകള്‍ക്കുശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്നായിരുന്നു സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കുന്നതിന് മതിയായ സഹായങ്ങളെല്ലാം തങ്ങള്‍ അന്ന് രാത്രി ചെയ്തുകൊടുത്തിരുന്നുവെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. സംഭവ ദിവസം ആദ്യ ഫോണ്‍കോള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നത് രാത്രി 10.22നാണ്.
മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് വാന്‍ സംഭവ സ്ഥലത്തേക്ക് തിരിക്കുകയും, 33 മിനിറ്റുകള്‍ക്കുള്ളില്‍ അവരെ ആശുപത്രിയിലെത്തിച്ചുവെന്നും ദല്‍ഹി പോലീസ് അറിയിച്ചു. സംഭവദിവസത്തെ എല്ലാ വിവരങ്ങളും ജിപിഎസില്‍ ലഭ്യമാണെന്നും ദല്‍ഹി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: