സിഡ്നി: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ ലീഡ് സ്വന്തമാക്കി. നാല് വിക്കറ്റ് കയ്യിലിരിക്കെ 48 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ സ്വന്തമാക്കിയിട്ടുള്ളത്. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. 47 റണ്‍സുമായി വെയ്ഡും 16 റണ്‍സുമായി പീറ്റര്‍ സിഡിലുമാണ് ക്രീസില്‍. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 294 റണ്‍സിന് അവസാനിച്ചിരുന്നു.
തുടര്‍ന്ന് രണ്ടാം ദിവസം ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് പെട്ടെന്ന് നഷ്ടമായി. സ്കോര്‍ബോര്‍ഡില്‍ 36 റണ്‍സുള്ളപ്പോള്‍ നാല് റണ്‍സെടുത്ത കോവനാണ് റണ്ണൗട്ടായി ആദ്യം മടങ്ങിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ വാര്‍ണര്‍ക്ക് കൂട്ടായി ഹഗ്സ് എത്തിയതോടെ കളി കംഗാരുക്കളുടെ നിയന്ത്രണത്തിലായി. രണ്ടാം വിക്കറ്റില്‍ 130 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. സ്കോര്‍ 166-ല്‍ എത്തിയപ്പോള്‍ ഓസ്ട്രേലിയയുടെ രണ്ടാം വിക്കറ്റ് വീണു.
ഏകദിന ശൈലിയില്‍ ബാറ്റ് വീശി 84 പന്തില്‍ നിന്ന് 10 ബൗണ്ടറികളോടെ 85 റണ്‍സെടുത്ത വാര്‍ണറാണ് മടങ്ങിയത്. ദില്‍ഷന്റെ പന്തില്‍ ധമ്മിക പ്രസാദിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങിയത്. അധികം വൈകുന്നതിന് മുന്നേ മൂന്നാം വിക്കറ്റും ഓസ്ട്രേലിയക്ക് നഷ്ടമായി. സ്കോര്‍ 197-ല്‍ എത്തിയപ്പോള്‍ 9 ബൗണ്ടറികളോടെ 87 റണ്‍സെടുത്ത ഹഗ്സ് ഹെറാത്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ചണ്ഡിമലിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. തുടര്‍ന്ന് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും അവസാന ടെസ്റ്റ് കളിക്കുന്ന മൈക്ക് ഹസ്സിയും ചേര്‍ന്ന് സ്കോര്‍ 251-ല്‍ എത്തിച്ചു. എന്നാല്‍ ഇതേ സ്കോറില്‍ വച്ച് 25 റണ്‍സെടുത്ത ഹസ്സിയെ കരുണരത്നെ റണ്ണൗട്ടാക്കി. പിന്നീട് ക്ലാര്‍ക്കും വെയ്ഡും ചേര്‍ന്ന് ഓസ്ട്രേലിയയെ മുന്നോട്ടുനയിച്ചു. എന്നാല്‍ സ്കോര്‍ 271-ല്‍ എത്തിയപ്പോള്‍ 50 റണ്‍സെടുത്ത മൈക്കല്‍ ക്ലാര്‍ക്കും മടങ്ങി. ഹെറാത്തിന്റെ പന്തില്‍ കരുണരത്നെക്ക് ക്യാച്ച് നല്‍കിയാണ് ക്ലാര്‍ക്ക് പവലിയനിലേക്ക് മടങ്ങിയത്. സ്കോര്‍ 307-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും ഓസ്ട്രേലിയക്ക് നഷ്ടമായി. 13 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സണെ നുവാന്‍ പ്രദീപ് ചണ്ഡിമലിന്റെ കൈകളിലെത്തിച്ചു. ശ്രീലങ്കക്ക് വേണ്ടി ഹെറാത്ത് 69 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: