പങ്കാളിത്ത പെന്ഷന് പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ നടപ്പിലാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. നിലവിലെ ജീവനക്കാരുടെ പെന്ഷന് പദ്ധതിയില്‍ യാതൊരു മാറ്റവും വരുത്താതെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഈ മാസം എട്ടു മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളമാണ്. ബാക്കിയുള്ള ജനം ഖജനാവിന് നല്കുന്ന നികുതിയില്‍നിന്നാണ് ഇവര്‍ പെന്ഷന് വാങ്ങുന്നത്. 2001 ല്‍ 1838 കോടി രൂപയായിരുന്ന പെന്ഷന് 2012 ല്‍ 8700 കോടിയായി ഉയര്‍ന്നു. ആയുര്‍ദൈര്‍ഘ്യം കൂടിയ കേരളത്തില്‍ 2022 ല്‍ 41180 കോടി രൂപയാകുമെന്ന് കണക്കാക്കുന്നു. സംസ്ഥാനത്ത് 5.37 ലക്ഷം ജീവനക്കാര്‍ പെന്ഷന് വാങ്ങുന്നു. ഓരോ വര്‍ഷവും കാല്‍ലക്ഷത്തോളം പേരുടെ എണ്ണം പെരുകുകയും ചെയ്യുന്നു. കേരളം ഉള്‍പ്പെടെ രണ്ടോ മൂന്നോ സംസ്ഥാനങ്ങളൊഴിച്ചാല്‍ മറ്റു സംസ്ഥാനങ്ങള്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷനല്ല കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനാണ് നല്‍കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളിത്ത പെന്‍ഷനാണ് നല്‍കുന്നത്.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഒട്ടും ഭദ്രമല്ല. കെഎസ്ആര്‍ടിസി പോലും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വിഷമിക്കുകയാണ്. ഇപിഎഫ് പദ്ധതി 1995 ലാണ് നിലവില്‍ വന്നത് ഇത് ഇതുവരെ പരിഷ്ക്കരിക്കപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനുള്ള ഏക പരിഹാരമായിട്ടാണ് പങ്കാളിത്ത പെന്ഷന് പദ്ധതി മുന്നോട്ട് വച്ചിട്ടുള്ളത്. ഇത് പ്രയോഗത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത കുറച്ചുകൂടി മെച്ചപ്പെടും. സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനുള്ള ബാധ്യത സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ പോലും പങ്കാളിത്ത പെന്ഷന് പദ്ധതിയാണ് നിലവിലുള്ളത്. പങ്കാളിത്ത പെന്ഷന് ശമ്പള പരിഷ്ക്കരണം വരുമ്പോള്‍ പരിഷ്ക്കരിയ്ക്കും എന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. കുടുംബ പെന്‍ഷനും അര്‍ഹതയുണ്ട്. ഇതെല്ലാം വിശദീകരിച്ച മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പണിമുടക്കില്‍ നിന്നും പിന്മാറണമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: