ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 49 തവണ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ വിമാനം ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി ഡോ.മന്മോഹന്സിംഗിനൊപ്പമാണ് സോണിയ 23 ട്രിപ്പുകള്‍ നടത്തിയത്. ആറ് യാത്രകള്‍ വീതം മുന്‍ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിക്കും പ്രതിരോധമന്ത്രി എ.കെ.ആന്റണിക്കുമൊപ്പമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ രാഹുല്‍ ഗാന്ധി എട്ട് തവണ വ്യോമസേനയുടെ ഹെലികോപ്ടറും വിമാനവും ഉപയോഗിച്ചിട്ടുണ്ട്.
പദവിയനുസരിച്ച് സോണിയക്കും രാഹുലിനും വ്യോമസേനയുടെ വിമാനം ഉപയോഗിക്കാന്‍ അവകാശമില്ല. എന്നാല്‍ ഇതിന് അവകാശമുള്ള പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി എന്നിവര്‍ക്കൊപ്പമാണ് പലപ്പോഴും ഇരുവരും യാത്ര ചെയ്തിരിക്കുന്നത്. വ്യോമസേനയുടെ നിയമമനുസരിച്ച് പ്രത്യേക സാഹചര്യങ്ങളില്‍ പ്രധാനമന്ത്രിക്കും മറ്റും മറ്റുള്ളവരെ ഒപ്പം കൂട്ടാന്‍ കഴിയും. ഔദ്യാഗിക ആവശ്യത്തിനല്ലാതെ പ്രധാനമന്ത്രിക്ക് മാത്രമാണ് വ്യോമസേനയുടെ വിമാനം ഉപയോഗിക്കാന്‍ അവകാശം. പ്രധാനമന്ത്രിയുടെ അനുവാദത്തോടെ മാത്രമേ കാബിനറ്റ് മന്ത്രിമാര്‍ക്കും വ്യോമസേനയുടെ വിമാനം ഉപയോഗിക്കാന്‍ അവകാശമുള്ളു.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമാണ് സോണിയ 42 യാത്രകള്‍ നടത്തിയിട്ടുള്ളത്. ആറ് യാത്രയുടെ ബില്ലുകള്‍ അതത് വകുപ്പുകള്‍ അടച്ചു. എന്നാല്‍ കര്‍ണാടകയിലേക്ക് നടത്തിയ യാത്രയുടെ ബില്‍ തുകയായ 1.17 കോടി രൂപ ഇതുവരെ അടച്ചുതീര്‍ത്തിട്ടില്ല. കര്‍ണാടകത്തിന്റെ ആവശ്യപ്രകാരം സോണിയ നടത്തിയ ഈ യാത്രയുടെ തുകയടക്കേണ്ട ചുമതല കര്‍ണാടക സര്‍ക്കാരിന്റേതാണ്. രാഹുല്‍ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് ആസാം സര്‍ക്കാര്‍ 8.26 ലക്ഷം രൂപയുടെ ബില്‍ അടക്കേണ്ടതുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ട് പറയുന്നു. ഹിസാറില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകനായ രമേശ് വര്‍മ്മയാണ് പ്രതിരോധമന്ത്രാലയത്തില്‍ നിന്നും വ്യോമസേന ആസ്ഥാനത്ത് നിന്നുമായി ലഭിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: