കൂത്താട്ടുകുളം: ഒലിയപ്പുറം റോഡില്‍ വടകര മഠത്തിന് സമീപമുള്ള പാലം നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ തടഞ്ഞു. ഒലിയപ്പുറം മുതല്‍ കൂത്താട്ടുകുളം വരെയുള്ള നാല് കിലോമീറ്റര്‍ ദൂരം റോഡും ഒപ്പം അശ്വതി കവല മുതല്‍ ഗവ. ആശുപത്രിത്താഴം വരെയുള്ള റോഡും ഡിഎംഡിസി നിലവാരത്തില്‍ ടാറിംഗ് നടത്തുവാനും മൂന്ന് ചെറിയ പാലവും ഓട നിര്‍മ്മാണം ഉള്‍പ്പെടെ മൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴയിലെ സജീവ് മാത്യു കമ്പനിയാണ് കരാറുകാര്‍.
പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പാലത്തിന്റെ നിര്‍മ്മാണം തടയുകയാണ് ഉണ്ടായത്. നാട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് നിര്‍മ്മാണം പുനരാരംഭിക്കാന്‍ ഉദ്യോഗസ്ഥരുടെ ശ്രമം സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാക്കി. കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം കുറവാണെന്നും അശാസ്ത്രീയമായ രീതിയിലാണ് നിര്‍മ്മാണം നടക്കുന്നതെന്നും മൂവാറ്റുപുഴ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറേയും മറ്റ് ഉദ്യോഗസ്ഥരേയും നാട്ടുകാര്‍ അറിയിച്ചു.
നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പണികള്‍ നിര്‍ത്തിവെക്കുകയും ഗുണനിലവാരം പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പിരിഞ്ഞുപോകാന്‍ തുടങ്ങുമ്പോള്‍ കരാറുകാരന് നിര്‍മ്മാണത്തിനുവേണ്ടി കൊണ്ടുവന്ന ലോറിയിലെ പാറമണല്‍ ഇറക്കാന്‍ തുടങ്ങിയത് നാട്ടുകാരെ വീണ്ടും ചൊടിപ്പിച്ചു. എതിര്‍പ്പിനെത്തുടര്‍ന്ന് മണല്‍ ഇറക്കാതെ വണ്ടി പറഞ്ഞുവിട്ടു.
മണലിന് പകരം പാറമണല്‍ കഴുകുന്ന വേസ്റ്റ് കൊണ്ടുവന്ന് പണി നടത്തുന്നതിനെതിരെയാണ് നാട്ടുകാരുടെ രോഷം. പാലത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ക്രമക്കേടുകള്‍ നടക്കുന്നതായി പരാതികള്‍ ഉണ്ടായിട്ടുണ്ട്. ഇറക്കിയിട്ടിരിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മാണം നടത്താന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ പരാതി പരിശോധിക്കുമെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എല്‍ദോ, കൂത്താട്ടുകുളം അസി. എഞ്ചിനീയര്‍ ഖദീജ ജയകുമാര്‍ എന്നിവര്‍ ഉറപ്പ് നല്കി. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഉയര്‍ന്ന വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്കും സ്ഥലം എംഎല്‍എയും മന്ത്രിയും കൂടിയായ അനൂബ് ജേക്കബിനും പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: