ജലസമൃദ്ധിയില്‍ പേരുകേട്ട 42 നദികളുള്ള കേരളത്തില്‍ ഇന്ന് കുടിവെള്ള ക്ഷാമം നേരിടുന്നു എന്നു മാത്രമല്ല ലഭിക്കുന്ന കുടിവെള്ളം മലിനമായതുകാരണം രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത ഏറുകയാണ്. വീട്ടമ്മമാര്‍ക്ക് വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് ജലത്തിനുവേണ്ടി മാര്‍ച്ച് ചെയ്യേണ്ടിവരുന്ന ഗതികേടിലാണിപ്പോള്‍. എറണാകുളം നഗരത്തില്‍ ജലം വിതരണംചെയ്ത എട്ട് ടാങ്കറുകള്‍ ആരോഗ്യവകുപ്പ് പരിശോധിച്ചപ്പോള്‍ മലിനജലമാണ് വിതരണത്തിനായി കൊണ്ടുപോകുന്നതെന്ന് കണ്ടു. 14 ടാങ്കര്‍ലോറികളാണ് ആരോഗ്യവകുപ്പ് പരിശോധിച്ചത്. ഈ വെള്ളം ശുദ്ധീകരിക്കാത്ത ജലസ്രോതസ്സുകളില്‍നിന്ന് ശേഖരിച്ചതാണെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ആരോഗ്യവകുപ്പ് അനുമതി നല്കിയ ജലസ്രോതസ്സുകളില്‍നിന്ന് മാത്രമേ ജലം ശേഖരിക്കാവൂ എന്ന് ടാങ്കര്‍ ഉടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഈ ജലം ക്വാറികളില്‍നിന്നും കിണറുകളില്‍നിന്നും മറ്റും സംഭരിച്ചാണ് ടാങ്കറുകള്‍ വിതരണം ചെയ്യുന്നത്. ഭൂഗര്‍ഭജലം പോലും മലിനമായിരിക്കെ ഇന്ന് കിണറുകളിലെ ജലം ശുദ്ധമല്ല.
പുഴകളും രാസ-മാലിന്യനിക്ഷേപം കാരണം മലിനമാണെന്ന വാര്‍ത്തക്ക് കാലപ്പഴക്കമുണ്ട്. വെള്ളം വിതരണം ചെയ്യുന്നവര്‍ക്ക് ശുദ്ധീകരണ സംവിധാനം നിര്‍ബന്ധമാണെങ്കിലും ടാങ്കര്‍ ഉടമകള്‍ അത് ലംഘിച്ചാണ് വിതരണം. പല ടാങ്കറുകളിലെയും ജലത്തില്‍ രോഗാണുക്കള്‍ ഉണ്ടെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. പുഴവെള്ളം പോലും ഇന്ന് മലിനമാണ് എന്ന യാഥാര്‍ത്ഥ്യവും നിലനില്ക്കുന്നു. പൊതുജനങ്ങള്‍ക്ക് നല്കുന്ന കുടിവെള്ളം ശുദ്ധീകരിച്ചതാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഈ വിധി പാലിക്കപ്പെടുന്നത് ലംഘനത്തില്ക്കൂടിയാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിസ്) അനുശാസിക്കുന്ന ഗുണനിലവാരം വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ കാര്യത്തില്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ജലം വിതരണം ചെയ്യുന്ന കുപ്പികളിലും ‘ബിസ്’ മുദ്ര ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ല. നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ ഉണ്ടത്രെ. പെരിയാറിലെ വെള്ളത്തിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശത്തിന് കാരണം വെള്ളം തിളപ്പിച്ചാലും ഈ ബാക്ടീരിയ നശിക്കുന്നില്ല എന്ന കാരണത്താലാണ്.
ടാങ്കര്‍വെള്ളം വിതരണം ചെയ്യുന്നവര്‍ക്ക് ഈ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നാണ്. കേരളം ഇന്ന് രോഗഗ്രസ്തമാകുന്നത് ജലത്തിലെ മാലിന്യങ്ങളും രോഗാണുക്കളുടെ സാന്നിധ്യവും കാരണമാണ്. ടൈഫോയ്ഡ്, വയറിളക്കം മുതലായവ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരേറെയും ഈ കുടിവെള്ളം ഉപയോഗിച്ചവരാണ്. മഞ്ഞപ്പിത്തവും അനുബന്ധ രോഗങ്ങളും- ടൈഫോയ്ഡ്, വയറിളക്കം, കരള്‍രോഗങ്ങള്‍ മുതലായവ- കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നതിനാലാണത്രെ ഉണ്ടാകുന്നത്. മനുഷ്യരുടെയോ മൃഗങ്ങളുടെയോ വിസര്‍ജ്യങ്ങളില്‍നിന്നാണ് കോളിഫോം ബാക്ടീരിയ വെള്ളത്തില്‍ കലരുന്നത്. ഇതിനെപ്പറ്റി വ്യാപക ബോധവല്‍ക്കരണം നടക്കുമ്പോഴും കക്കൂസ് മാലിന്യം വരെ പെരിയാറില്‍ തള്ളുന്നത് ആരോഗ്യവകുപ്പ് കണ്ടുപിടിച്ചിട്ടുണ്ട്. മാരകരോഗങ്ങള്‍ ഈ ജലം പടര്‍ത്തുമ്പോഴും ഇത് ജനങ്ങളെ പ്രബുദ്ധരാക്കുന്നില്ല എന്നത് ഖേദകരമാണ്. ഇപ്പോള്‍ മലിനജലം വിതരണം ചെയ്യുന്ന ടാങ്കറുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും അങ്ങനെയുള്ള ടാങ്കറുടമകള്ക്കെതിരെ കര്‍ശന നടപടി-ലൈസന്‍സ് ക്യാന്സലേഷന് ഉള്‍പ്പെടെ- എടുക്കുമെന്നും കൊച്ചി മേയര്‍ പ്രസ്താവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: