ഹൂസ്റ്റണ്‍: മുകേഷ് അംബാനി വീണ്ടും അതി സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി. ധനികരില്‍ 18-ാം സ്ഥാനമാണ് മുകേഷിനുള്ളത്. 2012 ലെ കണക്കനുസരിച്ച് 24.7 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തി. മെക്സിക്കന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് രംഗത്ത് അതികായനായ കാര്‍ലോസ് സ്ലിം ആണ് ലോകത്തെ ഏറ്റവും വലിയ ധനികന്. 70 ബില്യണ്‍ ഡോളറാണ് സ്ലിമ്മിന്റെ ആസ്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി തുടര്‍ച്ചയായ ആറാം വര്‍ഷവും റാങ്കിംഗ് നില മെച്ചപ്പെടുത്തി. 2011 ല്‍ 21 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 19 സ്ഥാനത്തായിരുന്നു അംബാനി. ബിസിനസ് വാര്‍ത്താ ഏജന്‍സിയായ ബ്ലൂം ബെര്‍ഗ് ബില്യണേഴ്സ് ഇന്‍ഡക്സാണ് ലോകത്തിലെ പ്രമുഖരായ 100 ധനികരെ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെയെല്ലാം മൊത്ത ആസ്തി 15 ശതമാനം വര്‍ധിച്ച് 1.81 ട്രില്യണ്‍ ഡോളറിലെത്തിയതായാണ് കണക്ക്.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ഫാഷന്‍ റീട്ടെയില്‍ രംഗത്തെ പ്രമുഖരായ സറയുടെ സ്ഥാപകന്‍ അമാനികോ ഒര്‍ടേഗ എന്നിവരാണ് അതിസമ്പന്നടെ പട്ടികയില്‍ രണ്ട്, മൂന്ന് സ്ഥാനത്തെത്തിയിരിക്കുന്നത്.
പ്രമുഖ നിക്ഷേപകരിലൊരാളയ വാറണ് ബഫറ്റിന് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
സ്വീഡിഷ് ഫര്‍ണിച്ചര്‍ നിര്‍മാണ കമ്പനിയായ ഇക്കിയയുടെ സ്ഥാപകന്‍ ഇന്‍ഗ്വര്‍ കംപ്രദിന്റെ അറ്റ ആസ്തി 16.6 ശതമാനം ഉയര്‍ന്ന് ഏകദേശം 40 ബില്യണ്‍ ഡോളറിലെത്തി. പട്ടികയില്‍ അഞ്ചാമതാണ് ഇദ്ദേഹത്തിന്റെ സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: