ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ലിവര്‍പൂളിനും ജയം. എവര്‍ട്ടണെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്വീന്‍പാര്‍ക്ക് റേഞ്ചേഴ്സിനെ മറികടന്നാണ് ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്.
കളിയുടെ രണ്ടാം മിനിറ്റില്‍തന്നെ ഗോള്‍ നേടിക്കൊണ്ട് എവര്ട്ടണ് ചെല്‍സിയെ ഞെട്ടിച്ചു. പിയാനറിലൂടെയാണ് എവര്ട്ടണ് മുന്നിലെത്തിയത്. പിന്നീട് പൊരുതിക്കളിച്ച ചെല്‍സി മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലാംപാര്‍ഡിന്റെ ഇരട്ട ഗോള്‍ നേട്ടത്തിലാണ് എവര്‍ട്ടണിന്റെ അപരാജിത കുതിപ്പിന് തടയിട്ടത്. ഗോള്‍ വഴങ്ങിയ ചെല്‍സി ഉജ്വലമായി തിരിച്ചടിച്ചു. കളിയുടെ 42-ാം മിനിറ്റില്‍ റാമിറെസിന്റെ ഒരു ക്രോസ് നെറ്റിലേക്ക് കുത്തിയിട്ടാണ് ലാംപാര്‍ഡ് ചെല്‍സിക്ക് സമനില നേടിക്കൊടുത്തത്. ആദ്യപകുതി അവസാനിക്കുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍നേടി സമനിലയിലായിരുന്നു.
രണ്ടാംപകുതിയില്‍ ഇരുടീമുകളും മികച്ച പോരാട്ടംതന്നെ പുറത്തെടുത്തു. ലീഗില്‍ 33 പോയിന്റുമായി ആറാംസ്ഥാനത്താണ് എവര്ട്ടണ്. അതിനാല്‍ അട്ടിമറി നീക്കത്തിനായി അവര്‍ ചെല്‍സിയുടെ പ്രതിരോധം പിളര്‍ന്ന് മുന്നേറ്റം നടത്തി. എന്നാല്‍ 72-ാം മിനിറ്റില്‍ ലാംപാര്‍ഡ് ഒരു ക്ലോസ്റേഞ്ച് ഷോട്ടിലൂടെ വിജയം ചെല്‍സിക്ക് സ്വന്തമാക്കി. എവര്ട്ടണ് പിന്നീട് ലക്ഷ്യം കാണാന്‍ സാധിച്ചില്ല.
ലൂയി സുവാരസിന്റെ ഇരട്ട ഗോള്‍ നേട്ടത്തിലാണ് ലിവര്‍പൂള്‍ ക്യുപിആറിനെതിരെ വിജയം നേടിയത്. കളിയുടെ 10-ാം മിനിറ്റിലും 16-ാം മിനിറ്റിലുമാണ് സുവാരസ് ലക്ഷ്യംകണ്ടത്. 28-ാം മിനിറ്റില്‍ ഡാനിയല്‍ അഗര്‍ ലിവര്‍പൂളിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 28 പോയിന്റുള്ള ലിവര്‍പൂള്‍ ലീഗില്‍ 9-ാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: