പുനലൂര്‍: തെന്മല മൃഗസംരക്ഷണ വകുപ്പ് റിന്‍ഡര്‍പെസ്റ്റ് ചെക്ക്പോസ്റ്റില്‍ (ആര്.പി. ചെക്ക്പോസ്റ്റ്) ഇന്നലെ പുലര്‍ച്ചെ ‘ഓപ്പറേഷന് സ്വാമി’ എന്ന പേരില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. തമിഴ്നാട്ടില്‍ നിന്ന് വന്ന മുട്ടവണ്ടിയില് നിന്ന് കൈക്കൂലി വാങ്ങുന്നത് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടി.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരില്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ കുട്ടപ്പനില്‍ നിന്ന് കൈക്കൂലിയായി ലഭിച്ച 1800 രൂപയാണ് പിടികൂടിയത്. അറ്റന്‍ഡര്‍ മോഹനനെ മദ്യപിച്ച നിലയിലും കണ്ടെത്തി. ആര്.പി. ചെക്ക്പോസ്റ്റിനുള്ളില്‍ ബാക്കി സൂക്ഷിച്ചിരുന്ന മദ്യവും കണ്ടെടുത്തു. ഫീല്‍ഡ് ഓഫീസര്‍ കെ. മസൂദ് ഡ്യൂട്ടിയിലുണ്ടായിരുന്നില്ല.
കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി റെക്സ് ബോബി അര്‍വിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് ഇന്നലെ പുലര്‍ച്ചെ മൂന്നിന് ‘ഓപ്പറേഷന് സ്വാമി’ എന്ന പേരില്‍ റെയ്ഡ് നടത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ സ്വാമിമാര്‍ എന്ന വ്യാജേന അയ്യപ്പഭക്തന്മാരുടെ വേഷത്തില്‍ തമ്പടിച്ചാണ് മുട്ടകയറ്റി വന്ന ലോറിയില്‍ കയറിപ്പറ്റി കൈക്കൂലി കൊടുക്കാനുള്ള നോട്ട്മാറ്റി വിജിലന്‍സ് പ്രത്യേകം നോട്ടുകള്‍ നല്‍കിയത്.
ലോറി ജീവനക്കാരില്‍ നിന്ന് ലോറി ഒന്നിന് 200 രൂപ പടി ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ വാങ്ങുമ്പോള്‍ കയ്യോടെ വിജിലന്‍സ് പിടികൂടി. തുടര്‍ന്ന് നടന്ന റെയ്ഡില്‍ കൈക്കൂലി വാങ്ങിയ ബാക്കി തുകയും ക്രമക്കേടുകളും കണ്ടെത്തുകയായിരുന്നു.
റെയ്ഡ് നടക്കുന്നതിനിടയില്‍ വന്ന വാഹനങ്ങളിലെ ജീവനക്കാര്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കൈക്കൂലിപ്പണം നീട്ടി. റെയ്ഡ് വിവരം മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിച്ചു. പുനലൂരില്‍ നിന്ന് വെറ്ററിനറി ഉദ്യോഗസ്ഥന് ചെക്ക്പോസ്റ്റിലെത്തി വിജിലന്‍സ് നടപടി ബോധ്യപ്പെട്ടു. മുട്ട, കോഴി, വൈക്കോല്‍, കന്നുകാലി എന്നിവ കയറ്റിയ വാഹനങ്ങളില്‍ നിന്ന് പടി വാങ്ങുന്നത് നേരത്തെ വിജിലന്‍സ് അന്വേഷിച്ചിരുന്നു.
ഡിവൈഎസ്പിയോടൊപ്പം വിജിലന്‍സ് സിഐമാരായ അശോക്കുമാര്, കൃഷ്ണകുമാര്‍, ഷെരീഫ് എന്നിവരും സ്പെഷ്യല്‍ തഹസീല്‍ദാര്‍ ദിവാകരന്‍നായരും പങ്കെടുത്തു.
രാവിലെ എട്ടിനാണ് റെയ്ഡ് നടപടികള്‍ പൂര്‍ത്തിയാക്കി സംഘം മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: