യുണൈറ്റഡ് നേഷന്‍സ്: ദല്‍ഹിയില്‍ ബസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ദു:ഖം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് നിലവിലെ ക്രമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും മൂണ്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ദല്‍ഹിയിലുണ്ടായ അതിക്രൂരമായ സംഭവത്തെ അപലപിച്ച മൂണ്‍ പെണ്‍കുട്ടിയുടെ മരണത്തില്‍ അതീവ ദു:ഖവും രേഖപ്പെടുത്തി. സംഭവത്തില്‍ ഇന്ത്യന്‍ ഭരണകൂടം ഇതുവരെ സ്വീകരിച്ച നടപടികളെ അദ്ദേഹം സ്വാഗതം ചെയ്തു.
കുറ്റക്കാര്‍ക്ക് എത്രയും പെട്ടെന്ന് ശിക്ഷ നല്‍കണമെന്നും ബാന്‍ കി മൂണിന്റെ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതിനുവേണ്ടി ഇന്ത്യന്‍ അധികൃതര്‍ ചെയ്ത നടപടികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഇന്ത്യന്‍ ഭരണകൂടം ചെയ്യുന്ന നടപടികളില്‍ യുഎന്നിന്റെ സ്ത്രീ സംഘടനയും മറ്റ് ഏജന്‍സികളും എല്ലാ തരത്തിലും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിക്കുവാനും മൂണ്‍ അറിയിച്ചു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. അവര്‍ ഒരിക്കലും ആക്രമിക്കപ്പെടരുത്. ആരുടേയും ചൂഷണത്തിന് വിധേയരാകരുത്. എല്ലാ സ്ത്രീകള്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട്. സമൂഹത്തില്‍ അവര്‍ക്ക് ചില മൂല്യമുണ്ട്, അവരെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണമെന്നും മൂണ്‍ പറഞ്ഞു.
കഴിഞ്ഞ പതിനാറിന് സുഹൃത്തിനൊപ്പം ബസില്‍ യാത്രചെയ്യുകയായിരുന്ന 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ബസ് ജീവനക്കാരായ ആറ് പേര് ചേര്‍ന്ന് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ആന്തരികാവയവങ്ങളില്‍ ഉള്‍പ്പെട ക്ഷതമേറ്റ പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, തുടര്‍ന്ന് തുടര്‍ ചികിത്സക്കായി സിംഗപ്പൂരിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇവിടെ വെച്ച് പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാകുകയും ശനിയാഴ്ച്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ഇതിനിടെ, പെണ്‍കുട്ടിക്കുവേണ്ടി അമേരിക്കയിലും പ്രാര്‍ത്ഥനകള്‍ നടത്തി. 13ദിവസത്തെ കടുത്ത വേദനകള്‍ക്കൊടുവില്‍ ജ്യോതി എന്ന പെണ്‍കുട്ടിയുടെ മരണവാര്‍ത്തയെത്തുടര്‍ന്ന് അവളുടെ ആത്മാവിനുവേണ്ടി മെഴുകുതിരി കത്തിച്ചും പ്രാര്‍ത്ഥിച്ചുമാണ് അമേരിക്കയിലെ ഇന്ത്യന്‍ ജനത ദു:ഖം പങ്കുവെച്ചത്. വാഷിങ്ങ്ടണിലെ ഗാന്ധി പ്രതിമക്കുമുന്നിലാണ് ഇവര്‍ ഒത്തുകൂടിയത്. ഒരു പെണ്‍കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നാണ് ഇവിടെ ഒത്തുകൂടിയവര്‍ ഒരേ മനസോടെ പറഞ്ഞത്.
പീഡനത്തിനിരായ പെണ്‍കുട്ടിയുടെ വാര്‍ത്ത അമേരിക്കയിലെ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയത്. പുറത്തുപറയാനാവാത്ത തരത്തിലുള്ള അതിക്രമങ്ങളില്‍ ഭയന്നാണ് ഇന്ത്യയിലെ ജനങ്ങള്‍ ജീവിക്കുന്നതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ദല്‍ഹി സംഭവത്തെ അപലപിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. സിംഗപ്പൂരില്‍ വെച്ച് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയതും അമേരിക്കയില്‍ മുന്‍ നിര പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: