പരമോന്നത ജനാധിപത്യവേദിയായ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഷഷ്ഠിപൂര്‍ത്തിവര്‍ഷം. ഇന്ത്യന്‍ റിപ്പബ്ലിക്കിന് പുതിയ രാഷ്ട്രപതി, അഴിമതിക്കും അതിക്രമങ്ങള്‍ക്കുമെതിരെ പതഞ്ഞുപൊങ്ങിയ ജനമുന്നേറ്റം, ജനഹിതം മാറ്റുരച്ച ഒട്ടേറെ തെരഞ്ഞെടുപ്പുകള്‍. ഞെട്ടറ്റുനില്‍ക്കുന്ന ഒരു സംവത്സരം മുഴക്കോലില്‍ അളക്കുമ്പോള്‍ സമ്മിശ്രം നേട്ടങ്ങളും കോട്ടങ്ങളും.
ഒരു ഇരുപത്തിമൂന്നുകാരിയെ തലസ്ഥാനനഗരിയില്‍ പിച്ചിച്ചീന്തി റോഡിലെറിഞ്ഞ സംഭവമാണ് ഇന്ത്യന്‍ യുവത്വത്തിന്റെ ഹൃദയം പിളര്‍ന്നത്. തുടര്‍ന്നുണ്ടായ പ്രതിഷേധം ഇന്ദ്രപ്രസ്ഥത്തിലെ അധികാരവൃന്ദത്തിന്റെ കസേരകളുലച്ചു. തനിക്ക് ജീവിക്കണമെന്ന ആഗ്രഹവുമായി അക്രമികളോടെന്നപോലെ ജീവനുവേണ്ടിയും പൊരുതി പതിമൂന്നാംദിവസം യുവതിമരിച്ച സംഭവം ഒരുപക്ഷേ ഭാരതീയസംസ്കൃതിയുടെ പുനരുയര്‍ച്ചയ്ക്കാണ് വഴിവയ്ക്കുക. ദല്‍ഹിയില്‍ ആരംഭിച്ച അമര്‍ഷം അത്ഭുതപൂര്‍വമായിരുന്നു. ലാത്തിക്കും തോക്കിനും ജലപീരങ്കിക്കും തടുക്കാനോ തണുപ്പിക്കാനോ പോന്നതായിരുന്നില്ല. രാഷ്ട്രപതി ഭവന്‍വരെ ഉപരോധിച്ച പ്രതിഷേധം നാടാകെ പടര്‍ന്ന് തീജ്വാലയായി ഉയര്‍ന്നുപൊങ്ങുകയാണ്.
പാര്‍ലമെന്റിന് അര്‍ദ്ധപുരുഷായുസുണ്ടായപ്പോഴാണ് പുകനാമ്പുകള്‍ പ്രക്ഷോഭത്തിന്റെ പുതിയ വീഥികള്‍ തേടിയത്.
1952 മേയ് 13നാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ആദ്യമായി സമ്മേളിച്ചത്. 2012 മേയ് 13നായിരുന്നു പാര്‍ലമെന്റിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷിച്ചത്. നിര്‍ണായക നിയമനിര്‍മാണങ്ങളും കാതലായ സംവാദങ്ങളും നടന്ന ഇന്ത്യ ന് പാര്‍ലമെന്റില്‍ ഈ വര്‍ഷം അഭിമാനിക്കത്തക്ക പ്രകടനം തന്നെയായിരുന്നു പ്രതിപക്ഷത്തിന്റേത്. ഭരണകക്ഷിയാകട്ടെ നിലനില്‍പ്പിനായി ഏത് കാലുപിടിക്കാനും ആരുടെ കാലുനക്കാനും ഒരുങ്ങി പുറപ്പെട്ട കാഴ്ച. സഭയില്‍ ന്യൂനപക്ഷമായ യുപിഎ സര്‍ക്കാര്‍ ചിലരുടെ വാക്കൗട്ടും ബഹിഷ്ക്കരണവും നിശബ്ദതയും കൊണ്ടുമാത്രം സഭയില്‍ പിടിച്ചുനിന്ന സന്ദര്‍ഭങ്ങള്‍. നില്‍ക്കുന്നതാകട്ടെ ജനങ്ങളെ പിഴിയാനും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ അഭൂതപൂര്‍വമായ ഉയര്‍ച്ചയാണ് യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയത്. പാചകവാതകത്തിന്റെ വില അതിന്റെ പാരമ്യതയില്‍ എത്തിച്ചു എന്നവര്‍ക്കഭിമാനിക്കാം. അതോടൊപ്പം സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുകകൂടി ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ അരക്ഷിതാവസ്ഥയില്‍ ജനങ്ങളെത്തിയത് നിത്യോപയോഗസാധനങ്ങളുടെ വിലകൂടി കുതിച്ചുയര്‍ന്നപ്പോഴാണ്.
കേന്ദ്രത്തെ തോല്പ്പിക്കാനെന്നവണ്ണം സംസ്ഥാനവും വിലവര്‍ധനയില്‍ മത്സരിച്ചു. പാലും പലവ്യഞ്ജനങ്ങളുമെല്ലാം പൊള്ളുന്ന വിലയിലായപ്പോള്‍ ജനങ്ങള്‍ വലഞ്ഞുക്കൊണ്ടിരിക്കുന്നു.
വലിയ സാമ്പത്തിക വിദഗ്ധനാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. റിസര്‍വ് ബാങ്കിന്റെ ഗവര്‍ണര്‍, ലോകബാങ്കിന്റെ ഉദ്യോഗസ്ഥന് എന്നീ നിലകളിലെല്ലാം സേവനമനുഷ്ഠിച്ച ഈ ബ്യൂറോക്രാറ്റിന് ജനങ്ങളുടെ നാഡിമിടിപ്പ് തീരെ പരിചിതമല്ല. ജനങ്ങളെന്ത് ധരിച്ചാലും വേണ്ടില്ല ‘ഞാന്‍ പിടിച്ച മുയലിന് കൊമ്പ് നാല്’ എന്ന മട്ടിലാണ് പോക്ക്. ‘ചക്കിക്കൊത്ത ചങ്കരന്’ പോലെ ധനകാര്യ മന്ത്രി ചിദംബരവും നീങ്ങുന്നു. എന്തുവന്നാലും സാമ്പത്തിക പരിഷ്ക്കരണം ഇനിയും തുടരുമെന്നാണ് ഭീഷണി. തുടങ്ങിയതാകട്ടെ ഇന്ത്യന്‍ ജനതയുടെ തുടയെല്ലും നട്ടെല്ലും വാരിയെല്ലുമെല്ലാം തവിടുപൊടിയാക്കാന്‍ മാത്രം ഉപകരിക്കുന്നതും. ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ തുലയ്ക്കാനും ഉപഭോക്താവിനെ വലയ്ക്കാനുമാണ് ചില്ലറവ്യാപാരമേഖല വിദേശക്കുത്തകകള്‍ക്കായി തുറന്നുവയ്ക്കുന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധമോ പൊതുജനത്തിന്റെ അമര്‍ഷമോ സര്‍ക്കാര്‍ ഗൗനിക്കുന്നേയില്ല.
അഴിമതിയിലാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്. ലോകം കണ്ടതില്‍വച്ചേറ്റവും വലിയ അഴിമതിയുടെ ചുരുളുകളാണ് ഓരോദിവസവും നിവര്‍ന്നുവന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടങ്ങിയ മത്സരം കല്‍ക്കരി പാടത്തിലെത്തിയപ്പോള്‍ ഉയരവും വേഗതയും സര്‍വകാല റിക്കാര്‍ഡായി. ദശലക്ഷത്തിലധികം കോടികളുടെ അഴിമതി. സിഎജിയുടെ പരിശോധനയില്‍ ക്രമക്കേടുകള്‍ ഓരോന്നും ചാരം നീക്കി കനലാക്കിയിട്ടപ്പോള്‍ പാര്‍ലമെന്റംഗങ്ങള്‍ മുതല്‍ പ്രധാനമന്ത്രിവരെ പ്രതികൂട്ടിലായി. തുടര്‍ന്നുകേട്ടതെല്ലാം സിഎജിക്കെതിരെയുള്ള രോഷം. സിഎജിയുടെ അലകും പിടിയും മാറ്റാനുള്ള വാശി. മുഖം നന്നാകാത്തതിന് കണ്ണാടി ഉടയ്ക്കാനുള്ള തത്രപ്പാട്. തുടര്‍ന്ന് ചെയ്യുന്ന ഓരോ ക്രിയകളും യുപിഎയുടെയും അതിന്റെ ചെയര്‍മാനായ സോണിയയുടെയും തനിനിറം തുറന്നുകാട്ടുന്നതായി.
അഴിമതിക്കെതിരെയാണ് പുതിയ രീതിയിലുള്ള ജനരോഷം ദല്‍ഹി ആദ്യം കണ്ടത്. അണ്ണാഹസാരെയും ബാബാ രാംദേവും പതിനായിരങ്ങളെ അണിനിരത്തിയാണ് ദല്‍ഹിയിലെ രാജവീഥികളെ വിറപ്പിച്ചത്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളെ പിന്നിലാക്കി പുത്തന്‍ പ്രസ്ഥാനങ്ങള്‍ പട നയിച്ച് ഭരണവര്‍ഗത്തിന്റെ ഉറക്കം കെടുത്തുന്ന കാഴ്ചയായിരുന്നു ദിവസങ്ങളോളം.
‘ഇന്ത്യയെന്നുകേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം’ എന്നതൊക്കെ പഴങ്കഥ. ഇപ്പോള്‍ ഇറ്റലിയെന്നു കേള്‍ക്കുമ്പോഴാണ് അന്തരംഗം അഭിമാനപൂരിതമാകേണ്ടത്. രണ്ട് മത്സ്യത്തൊഴിലാളികളെ നിറതോക്കിന് ഇരയാക്കിയ ഇറ്റാലിയന്‍ നാവികരെ ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്കയച്ചത് ഇന്ത്യക്കാരോടുള്ള കൂറുകൊണ്ടാണോ? ഈ ചോദ്യം പരക്കെ ഉയരുകയാണ്. ഇറ്റലിയോട് കൂറുള്ളവര്‍ തലപ്പത്തുള്ളപ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ പ്രതികളെ വിട്ടാല്‍ പിന്നെ കിട്ടില്ലെന്ന് വിലപിച്ചിട്ടെന്തുകാര്യം? സ്വന്തം നാട്ടിലെത്തിയ പ്രതികളെ തിരിച്ചുകൊണ്ടുവരാനുള്ള ചുമതല ഇനി കേന്ദ്രത്തിനാണെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തലയൂരി. ജനുവരി 10നകം കേരളത്തില്‍ തിരിച്ചെത്താമെന്നാണ് ഇറ്റാലിയന്‍ പ്രതികള്‍ നല്കിയ ഉറപ്പ്. ഫെബ്രുവരി 15നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ഇവര്‍ നിറയൊഴിച്ചത്.
ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി പ്രണബ്കുമാര്‍ മുഖര്‍ജിയെ തെരഞ്ഞെടുത്തത് ജൂലൈയിലാണ്. ജൂലൈ 25ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുകയും ചെയ്തു. നാലുപതിറ്റാണ്ടോളം കേന്ദ്രഭരണത്തില്‍ മുഖ്യകണ്ണിയായിരുന്ന ഈ ബംഗാളുകാരന് നയതന്ത്രജ്ഞതയില്‍ അഗ്രഗണ്യനെന്നപേരെടുത്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് പ്രതിസന്ധിവരുമ്പോഴെല്ലാം പരിഹാരക്രിയ നടത്തുന്നതില്‍ മുന്നിട്ടിറങ്ങിയിരുന്ന ഈ കുറിയ മനുഷ്യന് ഇന്ത്യയുടെ ഏറ്റവും ഔന്നത്യമുള്ള കസേരയുടെ സ്വന്തക്കാരനായി.
ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് ലോകമെങ്ങും നല്ല മതിപ്പാണ്. പ്രത്യേകിച്ചും കരസേനയെ. എന്നാല്‍ 2012ല്‍ കരസേനാ മേധാവി കോടതി വരാന്തകയറിയിറങ്ങേണ്ട സ്ഥതിതിയുണ്ടാക്കിയത് യുപിഎ സര്‍ക്കാരാണ്. ജനറല്‍ വി.കെ.സിംഗാണ് കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് സുപ്രീംകോടതിയിലെത്തിയത്. തന്റെ ജനനത്തീയതി തെളിയിക്കാനായിരുന്നു സിംഗിന്റെ ശ്രമം. അണിയറയില്‍ തീര്‍ക്കേണ്ട വിഷയം അരങ്ങത്തെത്തിച്ചത് കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നതില്‍ സംശയമില്ല.
ഇന്ത്യന്‍ നാവികസേനക്ക് ആണവ അന്തര്‍വാഹിനി സ്വന്തമാക്കാന്‍ കഴിഞ്ഞത് വലിയനേട്ടമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഐഎന്‍എസ് ചക്ര എന്ന പേരിലാണിത് അറിയപ്പെടുക. 290 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസെയില്‍ വിജയകരമായി പരീക്ഷിക്കാന്‍ കഴിഞ്ഞത് 2012ലെ നേട്ടങ്ങളിലൊന്നായി. പൊക്രാനില്‍ മാര്‍ച്ച് 4നാണ് വിജയകരമായ പരീക്ഷണം നടത്തിയത്. ഇതേ സ്ഥലത്താണ് 1998ല്‍ എന്‍ഡിഎ സര്‍ക്കാര്‍ ആണവ പരീക്ഷണം നടത്തി ഇന്ത്യയുടെ കരുത്ത് പ്രകടിപ്പിച്ചത്.
ഇന്ത്യയുടെ ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസെയിലായ അഗ്നി 5 ഏപ്രില്‍ 19ന് വിജയകരമായി പരീക്ഷിച്ച് ആയുധകരുത്തുള്ള ലോക രാജ്യങ്ങളുടെ പട്ടികയില്‍ ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ചു.
മുബൈ ഭീകരാക്രമത്തിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതാണ് കേന്ദ്രം സ്വീകരിച്ച ആശ്വാസകരമായ ഒരു നടപടി. എന്നാല്‍ അഫ്സല് ഗുരുവിനെ പോറ്റാനുള്ള കേന്ദ്രതീരുമാനം സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പ്രകടമാക്കുകയും ചെയ്യുകയാണ്.
ജനദ്രോഹം മുഖമുദ്രയാക്കിയ പിടിപ്പുകേടുമാത്രം നടപടിക്രമമാക്കിയ യുപിഎ സര്‍ക്കാര്‍. അവര്‍ക്കെതിരാണ് ജനവികാരമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പുകളെല്ലാം വ്യക്തമാക്കിയത്. യുപി, പഞ്ചാബ്, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് ബാലികേറാമലയായി. ഉത്തരാഖണ്ഡിലും ഹിമാചലിലും മണിപ്പൂരിലും നേരിയ വിജയമുണ്ടാക്കിയതാണവര്‍ക്കാശ്വാസം. ഭാവിപ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തിക്കാട്ടുന്ന ‘രാഹുല്‍ ബ്രാന്റ്’ മാര്‍ക്കറ്റില്‍ കൈനീട്ടം വില്‍ക്കില്ലെന്നാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്. പൂരങ്ങളില്‍ പൂരം തൃശൂര്‍പൂരം എന്നതുപോലെ തെരഞ്ഞെടുപ്പെന്നാല്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് എന്ന മട്ടിലായിരുന്നു എല്ലാവരും കണ്ടത്. ബിജെപി ഒരുവശത്തും മേറ്റ്ല്ലാവരും മറുഭാഗത്തും. ‘പശുവും കിടാവും’ എന്നപോലെ കോണ്‍ഗ്രസിനുവേണ്ടി അമ്മയും മകനും ഗുജറാത്തില്‍ തിമര്‍ത്താടിയിട്ടും നരേന്ദ്രമോദിയുടെ ജനപിന്തുണയില്‍ വിള്ളലുണ്ടാക്കാനായില്ല.
ദല്‍ഹിയില്‍ പെണ്‍കുട്ടിയെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഉയര്‍ന്ന പ്രതിഷേധാഗ്നിയുടെ കേരളപതിപ്പ് ടി.പി.ചന്ദ്രശേഖരന് വധിക്കപ്പെട്ടപ്പോഴുണ്ടായി. റവല്യുഷനറി മാര്‍ക്സിസ്റ്റ്പാര്‍ട്ടി ഒഞ്ചിയം ഏരിയാ സെക്രട്ടറിയായിരുന്നു ചന്ദ്രശേഖരന്. നേരത്തെ സിപിഎമ്മിലെ കോഴിക്കോട് ജില്ലയിലെ പ്രമുഖനേതാവ്. പാര്‍ട്ടിയിലെ ‘കുലംകുത്തി’ കളെന്ന് സിപിഎം ഔദ്യോഗിക നേതൃത്വം കുറ്റപ്പെടുത്തിയ ആര്‍എംപിയുടെ പ്രമുഖ നേതാവിന് 52 വെട്ടാണേറ്റത്. നിഷ്ഠുരമായ കൊലപാതകം കേരളത്തെ പിടിച്ചുകുലുക്കി. പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ലെന്ന ഭാവമായിരുന്നു സിപിഎമ്മിന്. എന്നാല്‍ പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ അവരുടെ കോലം കെടുത്തുന്നതും കേരളം കണ്ടു. പ്രമുഖരായ പലരും ലൈംഗിക അപവാദത്തില്‍പ്പെട്ട് പടിയിറങ്ങേണ്ടിവന്നു. മറ്റു ചിലര്‍ കൊലക്കേസില്‍ പ്രതികളായി ജയിലറകളെ ആശ്രയിക്കേണ്ടിയും വന്നു.
സിപിഎമ്മിലെ ഒരു നിയമസഭാംഗം അംഗത്വം രാജിവച്ച് മറുകണ്ടം ചാടി ജയിച്ചതും (നെയ്യാറ്റിന്‍കര-സെല്‍വരാജ്) അവര്‍ക്ക് നല്ല ക്ഷീണമുണ്ടാക്കി.
എട്ടുവര്‍ഷത്തിനുശേഷം കെപിസിസി പുനഃസംഘടിപ്പിച്ചതാണ് കേരളത്തിലെ കൗതുകവാര്‍ത്ത. 21 ജനറല്‍സെക്രട്ടറിമാര്‍ 42 സെക്രട്ടറിമാര്‍. ഭാരവാഹികളുടെ യോഗത്തിന് കല്യാണമണ്ഡപം വേണ്ടിവരുമെന്ന പരിഹാസം കോണ്‍ഗ്രസ് നേതാക്കളുടേത് തന്നെ. എന്നിട്ടും അസംതൃപ്തി തെരുവിലെത്തി. തൃശൂരില്‍ പാര്‍ട്ടി ഓഫീസില്‍ ഹൈക്കമാണ്ട് പ്രഖ്യാപിച്ച പ്രസിഡന്റിനെ കയറ്റില്ലെന്ന് പ്രഖ്യാപനം ജനാധിപത്യത്തിന്റെ വകഭേദങ്ങളെന്തൊക്കെ!.
>> കെ.കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: