കേരളത്തില്‍ 2012 ലെ മഴയുടെ അഭാവത്തെക്കുറിച്ച് അധികമാരും ചിന്തിക്കുന്നില്ല. മഴ പെയ്തില്ലെങ്കില്‍ പുറത്ത് ജോലികള്‍ നടത്തുവാനും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മറ്റു പണികള്‍ ചെയ്യുന്നവര്‍ക്കും വളരെ സൗകര്യം എന്നു ചിന്തിക്കുന്നവര്‍ ധാരാളം. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മഴ ഏകദേശമായി കിട്ടുന്നുണ്ടെങ്കിലും മഴയുടെ വ്യാപനവും മഴ കിട്ടുന്ന ദിവസങ്ങളും കുറഞ്ഞു വരുന്നതായി കാണാം. ഈ വര്‍ഷം മഴ ഭാഗികമായി മാത്രമേ ലഭിക്കുന്നുള്ളൂ എന്ന പരമാര്‍ത്ഥം നാം വിസ്മരിക്കരുത്. സാധാരണപോലെ പരക്കെ മഴ എന്ന ഇടവപ്പാതി മഴ കേരളത്തില്‍ ലഭിച്ചിട്ടില്ല. വനപ്രദേശങ്ങളിലെ പതിനെട്ടാം നമ്പര്‍ മഴ മുന്‍പ് തന്നെ അപ്രത്യക്ഷമായിരിക്കുന്നു. കേരളത്തില്‍ 29 ശതമാനം മുതല്‍ 35 ശതമാനം വരെ മഴ കുറവാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ വിശദീകരണം-പൂര്‍ണമായും നമുക്ക് ലഭിച്ചിട്ടില്ല. കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്മാര് പറയുമ്പോള്‍ പരോക്ഷമാണ് എന്ന് വിചാരിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഇത് പ്രത്യക്ഷമായി മനസ്സിലാക്കാം.ഇന്ത്യയില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഈ വര്‍ഷം ഇതുവരെ മഴ ലഭിച്ചിട്ടില്ല. പല ജലസേചന അണക്കെട്ടുകളിലും-വൈദ്യുതി ഉല്‍പ്പാദന ഡാമുകളിലും 60 ശതമാനം വരെ ജലം നിറഞ്ഞിട്ടില്ല. ഈ പ്രദേശങ്ങളുടെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണ് നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ വളരെ കുറച്ചുമാത്രം മഴ പെയ്തിരിക്കുന്നു. തമിഴ്നാട്ടില്‍ കിട്ടേണ്ട മഴയുടെ നാല് ശതമാനം മാത്രം. മഴ കുറവിന്റെ സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക പ്രശ്നങ്ങളെ അപഗ്രഥിക്കുവാനും വരാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ എങ്ങനെ തരണം ചെയ്യുമെന്നും ഇതില്‍ ആര്‍ജ്ജവത്തോടെ എങ്ങനെ തരണം ചെയ്യുമെന്നും ആരും അധികം ചിന്തിച്ചു കാണുന്നില്ല.
സാധാരണ ഗതിയില്‍ ജൂണ്‍ മാസത്തില്‍ കിട്ടേണ്ട വലിയ മഴകള്‍ ലഭിക്കാത്തതുമൂലം കുളങ്ങളിലും തോടുകളിലും കിണറുകളിലും കേരളത്തില്‍ ഭൂരിപക്ഷം സ്ഥലങ്ങളിലും ജലം എത്തിയിട്ടില്ല. കേരളത്തിലും ഭാരതത്തിലെയും എല്ലാ അണക്കെട്ടുകളിലും ജലസംഭരണികളിലും ജലം വളരെ കുറവായിരിക്കുന്നു. ഇതുമൂലം വൈദ്യുതി ഉല്‍പ്പാദനം, കുടിവെള്ളം, കൃഷി എല്ലാം പ്രതിസന്ധിയിലാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതുവരെയും മഴ ശരിയായി ലഭിക്കാത്ത പശ്ചാത്തലത്തില്‍ ജനങ്ങളും കൃഷിക്കാരും പ്രാര്‍ത്ഥന നടത്തിവരുന്നു. (കാരണം നിയമസഭയും ക്യാബിനറ്റും തീരുമാനിച്ചാല്‍ മഴ പെയ്യുകയില്ലല്ലോ) യഥാവിധി കൃഷികള്‍ നടന്നില്ലെങ്കില്‍ ഭക്ഷണ ക്ഷാമവും വിലക്കയറ്റവും ദാരിദ്ര്യവും രോഗങ്ങളും പറഞ്ഞറിയിക്കാന്‍ സാധ്യമല്ലാത്ത വിധത്തില്‍ ജനങ്ങളെ ദുരിതത്തിലാക്കും എന്നതിന് സംശയമില്ല.
ഭരണസാരഥികള്‍ ഇത്തരം പ്രശ്നങ്ങളെ രാഷ്ട്രീയമായി കാണാതെ എല്ലാവരേയും യോജിപ്പിച്ചു പരിഹാര മാര്‍ഗ്ഗങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കാനുള്ള ഇച്ഛാശക്തി കാണിക്കണം. പ്രശ്നങ്ങള്‍ മൂര്‍ദ്ധന്യത്തില്‍ എത്തി നില്ക്കുമ്പോള് പ്രസ്താവനകള്‍ ഇറക്കി ദല്‍ഹിയ്ക്ക് പോയാല്‍ മാത്രം പോര. ഒരു ഭരണ സംവിധാനത്തില്‍ വികസനം എന്ന് പറഞ്ഞ് പ്രകൃതിയെ നശിപ്പിച്ചു ധൂര്‍ത്തടിച്ചുകൊണ്ട് സാധാരണ ജനങ്ങള്‍ക്ക് അവരുടെ പ്രാഥമിക ആവശ്യംപോലും നടപ്പാക്കാതെ മുന്നോട്ടു പോകുന്നത് ഒട്ടും അഭികാമ്യമല്ല.
1) കേരളത്തിന് ഒരുവര്‍ഷം സാധാരണ ലഭിക്കാറുള്ള 3000 മില്ലീലിറ്റര്‍ മഴ ലഭിക്കുമ്പോള്‍ 54410 ദശലക്ഷം ക്യുബിക് മീറ്റര്‍ (ങ3) ജലം ലഭിക്കും. ഇതില്‍ മഴക്കാലത്ത് ലഭിക്കുന്ന 35235 ദശലക്ഷം ങ3 ല്‍ 8500 ദശലക്ഷം ങ3 ല്‍ ഉപയോഗത്തിനുശേഷം അധികം വരുന്നു. ഇതില്‍ 90 ശതമാനവും ഒഴുകി നഷ്ടപ്പെടുന്നു. അതേസമയം വേനല്‍ക്കാലത്ത് 7142 ദശലക്ഷം ങ3 കമ്മി വരുകയും രൂക്ഷമായ ജലക്ഷാമവും വന്നു ചേരുകയും ചെയ്യുന്നുണ്ട്.
2) ഈ വര്‍ഷം 35 ശതമാനം വരെ മഴ കുറവായതുമൂലം മുഴുവന്‍ മഴ ലഭിക്കാത്തപ്പോള്‍ അനുഭവിക്കുന്ന ജലക്ഷാമത്തേക്കാള് വളരെ കൂടുതല്‍ ക്ഷാമം വന്നേക്കാം.
3) ജലം അമൂല്യമാണെന്നും ഓരോ മഴത്തുള്ളിയും വിലപ്പെട്ടതാണെന്നും നാം കരുതി മഴവെള്ള സംഭരണം വിവിധ രീതിയില്‍ ഉടന്‍ നടപ്പാക്കേണ്ടിയിരിക്കുന്നു.
4) തമിഴ്നാട്ടില്‍ ചെയ്തതുപോലെ മഴവെള്ള സംഭരണവും ജലസംരക്ഷണവും നിയമം മൂലം വീടുകള്‍, ഓഫീസുകള്‍ എല്ലാ സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കണം. നിശ്ചിത സമയത്തില്‍ നടപ്പാക്കാത്ത പക്ഷം ഇലക്ട്രിസിറ്റി -ജലം എന്നിവ കട്ട് ചെയ്യും എന്ന നിര്‍ബന്ധവും ആകാം.
5) ജലസംരക്ഷണത്തിനും മഴവെള്ള സംഭരണത്തിനുമുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ എന്‍ജിഒകളുടെ സഹായത്തോടെ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കണം. ഇതിനുള്ള ബോധവല്‍ക്കരണവും നടത്തണം.
6) കൃഷി സ്ഥലങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ ഒരു കാരണവശാലും നശിപ്പിക്കരുത്. ആവുന്നത്ര സ്ഥലങ്ങളില്‍ കൃഷി ഏതെങ്കിലും വിധത്തില്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ മുന്‍കൈ എടുക്കണം. ജല മലിനീകരണം ക്രിമിനല്‍ കുറ്റമാക്കി മാറ്റി ശിക്ഷിക്കണം.
7) കുടിവെള്ള സംരക്ഷണത്തിന് ഊന്നല്‍ കൊടുത്ത് അത്യാവശ്യത്തിനുള്ള ജലം ക്ഷാമമുള്ളവര്ക്ക് എത്തിക്കണം. ജലം ഒട്ടും പാഴാക്കരുത്. ദുരുപയോഗം ചെയ്യരുത്. വേണ്ടിവന്നാല്‍ ഉപയോഗിച്ച ജലം റീസൈക്കിള്‍ ചെയ്യാനുള്ള ബൃഹദ് പദ്ധതി ഉടന്‍ നടപ്പാക്കേണ്ടത് പരിഗണിക്കണം. ജനങ്ങള്‍ അതിനുവേണ്ടി മുന്നോട്ടു വരണം.
8) കടല്‍ ജലം ഡിസാലിനേഷന്‍ നടത്താനുള്ള പദ്ധതികള്‍ പ്രായോഗികമല്ല എന്നത് മനസ്സിലാക്കണം. ഇതിനുള്ള ചെലവും വൈദ്യുതിയും നമുക്ക് അപ്രാപ്യമണ്.
9) ഭൂഗര്‍ഭ ജലം കേരളത്തില്‍ എല്ലാ ജില്ലകളിലും അപായകരമാംവണ്ണം കീഴോട്ടുപോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് പരിപോഷിപ്പിക്കാനുള്ള നിയമം ഉടന്‍ നടപ്പാക്കുകയും അനിവാര്യമാണ്. ഇപ്പോള്‍ തന്നെ 6840 ദശലക്ഷം ങ3 ഉള്ള ജലത്തില്‍ 2840 ഉപയോഗം കഴിഞ്ഞ് ബാക്കി ഭൂഗര്ഭജലശേഖരത്തിലുള്ളൂ.
10) കുടിവെള്ള സംരക്ഷണം, വൈദ്യുതി ഉപയോഗം, സൗരോര്‍ജ്ജ ഉപയോഗം എന്നിവയെ പറ്റി പഠനങ്ങള്‍ നടത്തി വരുംകാലത്തേക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ജനങ്ങളും സര്‍ക്കാരും ഗൗരവമായി കാണേണ്ടതാണ്.
>> പ്രൊഫ. എസ്. സീതാരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: