കൊട്ടാരക്കര: അവിഹിത ഗര്‍ഭത്തിലൂടെ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ട ശേഷം കശുവണ്ടി ഫാക്ടറിയില്‍ എത്തിയ യുവതിയെ സഹജോലിക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
ഇവരെ പിന്നീട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനക്കോട്ടൂര്‍ മഞ്ചുസദനത്തില്‍ മഞ്ചു(34)വാണ് പോലീസ് കസ്റ്റഡിയില്‍ താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
പത്തുവര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയാണ് ഇവര്‍. മഞ്ചുവിനെ ഒരാഴ്ച മുമ്പ് ഗര്‍ഭിണിയാണെന്ന സംശയത്തെതുടര്‍ന്ന് തൊട്ടടുത്ത പിഎച്ച് സെന്ററില്‍ എത്തിച്ച് കശുവണ്ടി തൊഴിലാളികള്‍ പരിശോധിപ്പിച്ചിരുന്നു. അന്ന് ഡോക്ടറോട് കുട്ടിയെ വളര്‍ത്താന്‍ ശേഷിയില്ലെന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം നിറവയറുമായി ഫാക്ടറിയില്‍ എത്തിയിരുന്ന മഞ്ചുവിനെ ഇന്നലെ രാവിലെ കണ്ടപ്പോള്‍ സഹപ്രവര്‍ത്തകര്‍ അത്ഭുതപ്പെട്ടു. നിന്റെ പ്രസവം കഴിഞ്ഞോ, കുട്ടി എവിടെ എന്ന ചോദ്യത്തിന് ഇന്നലെ രാത്രി പ്രസവം കഴിഞ്ഞതായും കുട്ടിയെ കുണ്ടറയിലുളള ഒരാള്‍ക്ക് രണ്ടുലക്ഷം രൂപയ്ക്ക് വിറ്റതായും ഇവര്‍ അറിയിച്ചു. ഇതില്‍ സംശയം തോന്നിയ ഇവര്‍ ഫാക്ടറി ഉടമയേയും പോലീസിനേയും വിവരമറിയിച്ചു.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയില്‍ വീടിനു സമീപം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കൊട്ടാരക്കര തഹസീല്‍ദാര്‍ സോമസുന്ദരന്പിള്ളയുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. രക്തം പുരണ്ട വസ്ത്രങ്ങളും മറ്റും സമീപത്തുള്ള കുടുംബവീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
തലവൂര്‍ സ്വദേശിയായ സുദര്ശനബാബുവാണ് ഭര്‍ത്താവ്. പത്തുവര്‍ഷം മുന്‍പ് ഭാര്യയെ ഉപേക്ഷിച്ച് മൂത്തമകള്‍ അശ്വതിയുമായി തലവൂരിലാണ് താമസം. ആനക്കോട്ടൂര്‍ എല്‍പി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ആതിരയാണ് ഇളയമകള്‍.
സ്വഭാവദൂഷ്യം കാരണം ഇവര്‍ ബന്ധുക്കളുമായി അത്ര സുഖത്തിലല്ല. ഇളയകുട്ടി അയല്‍വീട്ടിലെ ശാന്തമ്മയുടെ സംരക്ഷണത്തില്‍ തകര്‍ന്നു വീഴാറായ വീട്ടിലായിരുന്നു താമസം. പ്രസവശേഷം കുട്ടിയെ തുണിയില്‍ പൊതിഞ്ഞ് കുഴിച്ചിടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കര ഡിവൈഎസ്പി ആന്റോ, സിഐ വിജയകുമാര്‍, പുത്തൂര്‍ എസ്ഐ രാജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി.
നൊമ്പരമായി ആതിര
കൊട്ടാരക്കര: നവജാതശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ താലൂക്കാശുപത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ആനക്കോട്ടൂര്‍ മഞ്ചുസദനത്തില്‍ മഞ്ചു(34)വിന്റെ ഇളയമകള്‍ ആതിര നൊമ്പരമുണര്‍ത്തുന്ന കാഴ്ചയായി മാറി. കുഞ്ഞിനെ കുഴിയില്‍ നിന്നും പുറത്തെടുക്കുമ്പോഴും പുറത്തെടുത്ത ശേഷം കുഞ്ഞിന്റെ സമീപത്തു നിറമിഴികളോടെ ഇരിക്കുന്ന ഈ അഞ്ചാംക്ലാസുകാരിക്ക് തുണയില്ലാത്ത അസ്ഥയിലാണ് ഇപ്പോള്‍.
ആതിര തന്റേതല്ലെന്ന സംശയത്തിലാണ് മൂത്തമകളേയും കൊണ്ട് പിതാവ് സുദര്ശനബാബു വീട്വിട്ട് പോയത്. അയല്‍ക്കാരിയായ ശാന്തമ്മയുടെ സംരക്ഷണയിലാണ് ഇപ്പോഴും. മാതാവ് ഉള്ളപ്പോഴും കുട്ടിയെ വേണ്ടവിധം സംരക്ഷിക്കാത്തതു കൊണ്ടും രാത്രികാലങ്ങളില്‍ ഭയന്നും ശാന്തമ്മയ്ക്കൊപ്പം ആയിരുന്നു ഈ കുട്ടി. പേരിനു കൂടെയുണ്ടായിരുന്ന അമ്മയും കേസില്‍ അകപ്പെട്ടതോടെ ഈ പത്തുവയസുകാരി സമൂഹത്തിന്റെ മുന്നില്‍ ചോദ്യചിഹ്നമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: