ന്യൂദല്‍ഹി: പെണ്‍കുട്ടിയുടെ മരണം രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ചതായി മുതിര്‍ന്ന ബിജെപി നേതാവ് സുഷമ സ്വരാജ്. നമ്മള് ഉണരേണ്ട സമയമായി പെണ്മക്കള്ക്കുവേണ്ടി ഇന്ത്യയെ സുരക്ഷിതമാക്കേണ്ടതുണ്ടെന്നും സുഷമ അഭിപ്രായപ്പെട്ടു.
കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി ജീവനുവേണ്ടിയുള്ള പോരാട്ടത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ രാജ്യവ്യാപകമായി പ്രതിഷേധത്തിന്റേയും ദുഖത്തിന്റേയും അലയടികള്‍. അമാനത്,ദാമിനി ഇപ്പോള്‍ അതൊരു പേരുമാത്രമാണ്. അവളുടെ ദേഹം ഈ ലോകം വിട്ടുപോയി. പക്ഷേ അവളുടെ ആത്മാവ് എന്നും നമ്മുടെ ഹൃദയത്തെ ഉലച്ചുകൊണ്ടിരിക്കും. ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഇതിഹാസ നടന് അമിതാഭ് ബച്ചന് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്.
സ്ത്രീകള്‍ക്കെതിരെ വീട്ടിലും പൊതു സ്ഥലങ്ങളിലും നടക്കുന്ന അതിക്രമങ്ങളില്‍ നമ്മള് നിശബ്ദരായ കാഴ്ചക്കാരാണെന്നാണ് ഗാനരചയിതാവ് ജാവേദ് അക്തര്‍ അഭിപ്രായപ്പെട്ടത്. മനുഷ്യന്റെ മാന്യതയുടെ അന്ത്യമാണിതെന്നും ഇന്ത്യയുടെ ഹൃദയം തകര്‍ന്നതായും നടനും സാമൂഹിക പ്രവര്‍ത്തകനുമായ അനുപം ഖേര്‍ പറഞ്ഞു.
ധീരയായ സഹോദരിയുടെ വേര്‍പാടില്‍ അഗാധമായി ദുഖിക്കുന്നുവെന്ന് മാനവ വിഭവശേഷി സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. ജീവന് വേണ്ടി ധീരമായ പോരാട്ടമാണ് അവള് നടത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നമ്മള് എല്ലാവരും ആ പണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദികളാണെന്ന് അരവിന്ദ് കേജ്രിവാള് പറഞ്ഞു. ദൈവം അവളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെയെന്ന് പ്രമുഖ സംഗീത സംവിധായകനായ സലിം മര്‍ച്ചന്റ് അഭിപ്രായപ്പെട്ടു. നിയമത്തില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു മെഴുകുതിരി തെളിക്കുന്നതിനപ്പുറം ഒരു പ്രതിജ്ഞയും എടുക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യം എനിക്കിന്നില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വേദനയില്‍ നിശബ്ദമായി പങ്കുചേരുന്നുവെന്ന് വ്യവസായിയായ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. എല്ലാ പരിവര്‍ത്തനവും ആദ്യം ഉണ്ടാകേണ്ടത് അവനവന്റെ ഉള്ളിലാണ്. സ്ത്രീകളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്നുമാണ് കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: