ലാഹോര്‍: കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പാക്കിസ്ഥാനില്‍ 33 പേര് കഫ്സിറപ്പ് കുടിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പാക് അധികൃതര്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് ഇത്തരത്തിലുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലാഹോറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഗുജ്റന്‍വാലയിലും സമീപഗ്രാമങ്ങളിലുമാണ് കഫ് സിറപ്പ് കഴിച്ചുള്ള മരണം. 20 മുതല്‍ 40 വയസ് വരെയുള്ളവരാണ് മരിച്ചത്.
ഇവരില്‍ മിക്കവരും ലഹരിക്ക് അടിമകളാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മരുന്നു കഴിച്ച് ഗുരുതരാവസ്ഥയിലായ 54 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.
തൊഴിലാളികളും ലഹരിക്ക് അടിമപ്പെട്ടവരുമാണ് കഫ് സിറപ്പ് അമിതമായി ഉപയോഗിച്ചതെന്ന് ഗുജര്ന്വാലയില് നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനായ അബ്ദുല്‍ ജബ്ബാര്‍ സാഹിന് പറഞ്ഞു. അമിതോപയോഗം മൂലം മാരകമാകുന്ന ഡെക്സ്ട്രോമെത്തോര്ഫന്റെ അംശം കഫ്സിറപ്പ് കഴിച്ചവരുടെ വയറില്‍ നിന്ന് ശേഖരിച്ച സാമ്പിളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കഫ് സിറപ്പ് അമിതമായി ഉപയോഗിച്ചതാണോ ഔഷധത്തിന്റെ പ്രശ്നമാണോ മരണകാരണമായത് എന്നതില്‍ അന്വേഷണം തുടങ്ങി. ലാഹോറില്‍ കഴിഞ്ഞ മാസം പഴകിയ കഫ് സിറപ്പ് കഴിച്ച് 19 പേര് മരിച്ചിരുന്നു. ലഹരിക്ക് വേണ്ടി കൂടുതല്‍ അളവില്‍ കഫ് സിറപ്പ് കഴിച്ചവരാണ് മരിച്ചത്. എന്നാല്‍ ഗുജ്റന്‍വാലയില്‍ ഏതെങ്കിലും ഒരു പ്രത്യേക കമ്പനി നിര്‍മ്മിക്കുന്ന കഫ് സിറപ്പ് കഴിച്ചവരല്ല മരിച്ചതെന്നും ലഹരിക്കടിമകളായവര്‍ക്ക് വേണ്ടി പ്രത്യേകം കഫ് സിറപ്പ് ഉണ്ടാക്കുന്നവര്‍ സിറ്റിയില്‍ ഉള്ളതായും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: