പള്ളുരുത്തി: പശ്ചിമകൊച്ചിയിലെ സ്വകാര്യബസ്സുകളില്‍ ആര്‍ടി ഓഫീസര്‍മാര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമം തെറ്റിച്ച് ജോലിചെയ്തിരുന്ന നിരവധി പേര്‍കുടുങ്ങി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരം യൂണിഫോമിനൊപ്പം നെയിം ബോര്‍ഡും, ലൈസന്‍സ് നമ്പരും വെക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ഈ ഉത്തരവ് പാലിക്കാതെയും യൂണിഫോം ധരിക്കാതെയും, കണ്ടക്ടര്‍ ലൈസന്‍സ് കൈവശം വെക്കാതെയും ഡ്യൂട്ടിനോക്കിയവര്ക്കെതിരെയാണ് നടപടികള്‍ സ്വീകരിച്ചത്. പരിശോധനക്കിടെ കണ്ടക്ടറുടെ ബാഗും ടിക്കറ്റും കൈവശം സൂക്ഷിച്ച് അനധികൃതമായി ജോലിചെയ്ത ലൈസന്‍സില്ലാത്ത കണ്ടക്ടര്‍മാരും പിടിയിലായി. ഇവര്‍ക്കെതിരെ കേസെടുത്ത് നടപടിതുടങ്ങുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമയക്രമം ബസ്സുകളില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക, മുതിര്ന്നവനിതകള്, സീനിയര്‍ സിറ്റിസണ്‍, അന്ധര്‍, വികലാംഗര്‍ തുടങ്ങിയ വര്‍ക്കായി പ്രത്യേകം സീറ്റുകള്‍ നീക്കിവെക്കാതിരിക്കുക, ഓട്ടത്തിനിടയില്‍ സമയക്രമം പാലിക്കാതിരിക്കുക, മത്സര ഓട്ടം തുടങ്ങിയ കുറ്റങ്ങള്‍ക്കും കേസ്സുകള്ചുമത്തി. ഡോര്‍ ചെക്കര്‍ മാരായി സേവനം നടത്തുന്നവര്‍ക്ക് കടും നീലനിറത്തിലുള്ള യൂണിഫോം ശുപാര്‍ശ ചെയ്തിട്ടുള്ളതിനാല്‍ ബസ്സില്‍ ഈ യൂണീഫോം ധരിച്ച് മാത്രമേ ജീവനക്കാര്‍ ജോലിചെയ്യാവൂ എന്നും ആര്‍ടി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗ്രാമീണ മേഖലയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്ന സിറ്റി പെര്‍മിറ്റ് ഇല്ലാത്ത മോഫസല് സര്‍വ്വീസ് ബസ്സുകള്‍ക്ക് ഡോറുകളും നിര്‍ബ്ബന്ധമാണ്.
ഇരുപതോളം ബസ്സുകള്‍ക്കെതിരെ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചി ജോയിന്റ് ആര്‍ടിഒ സജിത്ത്.വി, റന്‍ഷീദ്.പി.ഇ, കെ.എക്സ്.ജോഷി, എന്നീ അസി.മോട്ടോര്‍ വെഹിക്കിള്‍ മാരും പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: