പുനലൂര്‍: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വരള്‍ച്ച രൂക്ഷമായതോടെ കുടിവെള്ളം കിട്ടാക്കനിയായി മാറി. നഗരസഭയുടെ ഉയര്‍ന്ന പ്രദേശങ്ങളായ കാഞ്ഞിമല, മുസാവരിക്കുന്ന്, പത്തേക്കര്‍, കോമളകുന്ന്, കേളന്‍കാവ്, മണിയാര്‍, കുരിയോട്ടുമല ഭാഗങ്ങളില്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. പ്ലാസ്റ്റിക് കുടങ്ങളിലും മറ്റും കിലോമീറ്ററുകള്‍ നടന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. എന്നാല്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും നഗരസഭ കുടിവെള്ളം എത്തിക്കാന്‍ യാതൊരു സംവിധാനങ്ങളും ചെയ്തിട്ടില്ല.
കോടികള്‍ ചെലവഴിച്ച് പുനലൂര്‍ പനംകുറ്റിമലയില് കൂറ്റന്‍ ജലസംഭരണികള്‍ പ്രവര്‍ത്തിക്കുമ്പോഴും താഴ്ന്ന പ്രദേശങ്ങളില്‍ ജലം എത്തിക്കാന്‍ യാതൊരു സംവിധാനങ്ങളും ഇവിടെ ചെയ്തിട്ടില്ല.
കല്ലടയാറ്റില്‍ നിന്നും ദിവസവും നല്ലതോതില്‍ പമ്പ്ചെയ്ത് വെള്ളം ശേഖരിക്കുമ്പോഴും ഇതിന്റെ ഗുണഭോക്താക്കള്‍ ചാത്തന്നൂര്‍, പറവൂര്‍ മേഖലകളില്‍ ഉള്ളവര്‍ ആണ്. ജലക്ഷാമം രൂക്ഷമായതോടെ തെന്മല ഡാമിലെ ജനറേറ്ററുകളുടെ പ്രര്‍ത്തനവും പൂര്‍ണമായി നിലച്ചു കഴിഞ്ഞു. ഉറുകുന്ന്, ഒറ്റക്കല്‍ മേഖലകളില്‍ താഴ്ന്ന ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. കല്ലടയാര്‍, കുളത്തൂപ്പുഴയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയും വറ്റിവരണ്ടു കഴിഞ്ഞു.
ഡാമിലെ ജലനിരപ്പ് ക്രമാധീതമായി താഴ്ന്നു കഴിഞ്ഞു. വരുംദിവസങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നും ചില യുവജനസംഘടനകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.അതേസമയം പുനലൂര്‍ മേഖലയില്‍ പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നതും പതിവാകുകയാണ്. ഇന്നലെ എസ്എന്‍ കോളേജ് ജംഗ്ഷനു സമീപം കുണ്ടറ ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പുപൊട്ടി സ്റ്റേഡിയത്തില്‍ വെള്ളം കയറി.
ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. എസ്എന്‍ കോളേജ് ജംഗ്ഷനു സമീപം പോലീസ് സ്റ്റേഷനിലേക്കു പോകുന്ന റോഡിന്റെ ഭാഗത്താണ് പൈപ്പുപൊട്ടിയത്. സംഭവത്തില്‍ റോഡിന്റെ ഭാഗം തകര്‍ന്നിട്ടുണ്ട്. ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കു വെള്ളം കയറുകയും ചെയ്തു.
സ്റ്റേഡിയത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ടയറുകള്‍ വെള്ളത്തില്‍ പുതയുകയും ചെയ്തു. സംഭവമറിഞ്ഞ് നഗരസഭാ ചെയര്‍പേഴ്സണ്‍ ഗ്രേസിജോണ് സ്ഥലത്തെത്തി ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് പമ്പിംഗ് നിര്‍ത്തിവച്ചു. പുനലൂരിലെ പല ഭാഗങ്ങളിലും പൈപ്പുപൊട്ടല്‍ പതിവായിരിക്കുകയാണ്. കൊടുംവേനലില്‍ കുടിവെള്ളം പാഴായത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: