ഇസ്ലാമാബാദ്: പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്മാന് ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം വ്യാഴാഴ്ച നടക്കും. അമ്മ ബേനസീര്‍ ഭൂട്ടോയുടെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തിലാണ് മകന്റെ രാഷ്ട്രീയ പ്രവേശമെന്നത് ശ്രദ്ധേയമാണ്.
സിന്ധിലെ ഗാര്‍ഹി ഖുദ ബക്സില്‍ നടക്കുന്ന പിപിപിയുടെ യോഗത്തിലൂടെയാണ് ബിലാവല്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന പാക് പൊതുതെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രചാരണ ചുമതലയും ബിലാവലിനായിരിക്കുമെന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. സര്‍ദാരിയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
അടുത്ത പൊതുതെരഞ്ഞെടുപ്പ് തിയതിയും യോഗത്തില്‍ വച്ച് സര്‍ദാരി പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് സര്‍ദാരിയുടെ വിശ്വസ്തര്‍ പറയുന്നത്. എന്നാല്‍ 25 വയസ് തികയാതെ ബിലാവല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പാക് പാര്‍ലമെന്റിന്റെ കാലാവധി അടുത്ത മാര്‍ച്ചിലാണ് പൂര്‍ത്തിയാവുക. അടുത്ത പൊതുതെരഞ്ഞെടുപ്പ് ഏപ്രിലിലോ മെയിലോ ആയിരിക്കുമെന്നാണ് പിപിപി നേതാക്കള്‍ നല്കുന്ന സൂചന. നാല് പ്രവിശ്യ അസംബ്ലികളിലും ഒരേ സമയത്തായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
നാളത്തെ പാര്‍ട്ടിയോഗത്തില്‍ വച്ച് ബേനസീര്‍ ഭൂട്ടോ വധത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൊതു ജനമധ്യത്തില്‍ ബിലാവല്‍ അവതരിപ്പിക്കും എന്നാണ് കരുതുന്നത്. 2007 ല്‍ റാവല്‍പിണ്ടിയില്‍ വച്ചാണ് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബേനസീര്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പാക് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെ പിപിപിയുടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ നിരവധി പേര് ഈ തീരുമാനത്തിനെതിരാണ്. പാക് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക്, നിയമ മന്ത്രി ഫറൂഖ് നയീക് തുടങ്ങിയവര്‍ ഈ തീരുമാനത്തില്‍ എതിര്‍പ്പ് ഉന്നയിച്ചു കഴിഞ്ഞു.
പ്രസിഡന്റ് പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കണമെന്ന സുപ്രീം കോടതി വിധി വന്നതിനാല്‍ സര്‍ദാരി പിപിപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവ പങ്കാളിത്തം വഹിക്കില്ല. ഇക്കാര്യം പാക് മതകാര്യ മന്ത്രി ഖുര്‍ഷീദ് ഷായും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: