കെയ്റോ: ഈജിപ്തിലെ പുതിയ ഭരണഘടനയ്ക്ക് വോട്ടര്‍മാര്‍ അംഗീകാരം നല്‍കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ഇസ്ലാമിക ശരിയത്ത് അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഭരണഘടന. 2011 ല്‍ ഹോസ്നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം നിലവില്‍ വന്ന ഭരണഘടനാ നിര്‍മാണ സഭയാണ് പുതിയ ഭരണഘടനയ്ക്ക് കരട്രൂപം നല്‍കിയത്.
63.8 ശതമാനം വോട്ടര്‍മാരാണ് ഭരണഘടനയ്ക്ക് പിന്തുണ നല്‍കിയത്. ഭരണഘടന നിലവില്‍ വന്ന സാഹചര്യത്തില്‍ രണ്ട് മാസത്തിനകം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തും. അതുവരെ അധികാരം പ്രസിഡന്റ് മുര്സിയ്ക്കായിരിക്കും. അതേസമയം മുര്‍സിയെ എതിര്‍ക്കുന്ന പുരോഗമനവാദികളും ഇടതുപക്ഷവും ക്രിസ്ത്യന്‍ വിഭാഗക്കാരും പ്രതിഷേധവുമായി തെരുവിലിറങ്ങി. രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തിയുള്ള ഭരണഘടന അത്യന്തം അപകടകരമാണെന്നാണ് അവര്‍ ആരോപിക്കുന്നത്. എന്നാല്‍ മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന വ്യവസ്ഥകളും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മുര്‍സി പറയുന്നത്.
ഡിസംബര്‍ 15 നും 22 നുമാണ് ഈജിപ്തില്‍ ഹിതപരിശോധന നടന്നത്. എന്നാല്‍ ഹിതപരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇസ്ലാം സംഘനയായ മുസ്ലീം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള ഭരണഘടനാ നിര്‍മാണ സഭയാണ് ശരിയത്ത് അടിസ്ഥാനപ്പെടുത്തിയുള്ള ഭരണഘടനയ്ക്ക് രൂപം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: