പെരുമ്പാവൂര്‍: വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍പ്പെടുന്ന പൊങ്ങിന് ചുവട് ആദിവാസി കോളനിയില്‍ താമസിക്കുന്നവരെ ഭരണാധികാരികള്‍ എല്ലാ വിധത്തിലും അവഗണിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മോഹന വാഗ്ദാനങ്ങളുമായി രാഷ്ട്രീയക്കാര്‍ ഇവിടേക്ക് ചെല്ലുന്നതല്ലാതെ തെരഞ്ഞെടുപ്പിന് ശേഷം ഇവിടെയുള്ളവര്‍ എങ്ങിനെ ജീവിക്കുന്നുവെന്ന് ആരും തിരിഞ്ഞ് നോക്കാറില്ല. 109 കുടുംബങ്ങളാണ് ഈ ആദിവാസികോളനിയില്‍ താമസിക്കുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൗകര്യമില്ലാത്ത നിരവധികുടുംബങ്ങളാണ് പൊങ്ങിന്ചുവടിലുള്ളത്.
സര്ക്കാര്നല്കുന്ന റേഷന്‍ അരിപോലും വാങ്ങാന്‍ കഴിയാത്ത നിരവധി കുടുംബങ്ങള്‍ ഈ കോളനിയിലുണ്ട്. ഇതില്‍ പലര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകളോ, റോഷന്കാര്ഡുകളോ ഇല്ലാത്തവരാണ്. കാലങ്ങള്‍ ഏറെയായിട്ടും ഇവലഭ്യമാകുന്നതില് ഒരു രാഷ്ട്രീയക്കാരനും സഹായിച്ചിട്ടില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു. ഇവിടത്തെ പല ആദിവാസി കുടിലുകളിലും വൈദ്യുതി ലഭ്യമായിട്ടില്ല. നിരവധി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാട്ടുചോലയിലെ വെള്ളമാണ് ഇവര്‍ കുടിക്കാനായി ഉപയോഗിക്കുന്നത്. നിത്യരോഗികള്‍ മുതല്‍ മാനസികരോഗികള്‍ വരെയുള്ളവര്‍ ഇത്തരം കുടിലുകളില്‍ താമിക്കുന്നുണ്ട്. തൊട്ടടുത്തുള്ള പട്ടണമായ കോതമംഗലത്ത് എത്തിച്ചേരണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടണമെന്ന അവസ്ഥയാണുള്ളത്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ സഞ്ചാരയോഗ്യമല്ലാത്ത വഴികളുള്ള പൊങ്ങിന്‍ചുവട് കോളനിയിലേക്ക് വാഹന സൗകര്യം ഇല്ല. ആകെയുള്ളത് ട്രൈബല്‍ സൊസൈറ്റിയുടെ ഒരു ജീപ്പ്പ് മാത്രമാണ്. ഈ സാഹചര്യത്തില്‍ രോഗികളെയോ ഗര്‍ഭിണികളായ സ്ത്രീകളെയോ ആശുപത്രികളിലെത്തിക്കാന്‍ ഇവര്‍ ബുദ്ധിമുട്ടുകയാണ്.
മാസത്തിലൊരിക്കല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ആരോഗ്യകേന്ദ്രമാണ് പൊങ്ങിന്‍ചുവട് കോളനിയിലുള്ളത്. അതു പ്രഹസനമാണെന്ന് ഇവിടത്തുകാര്‍ പറയുന്നു. ആദിവാസി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന യുപി സ്കൂളിന്റെ അവസ്ഥയും ശോചനീയമാണ്. വര്‍ഷം തോറും പട്ടികജാതി വിഭാഗത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് തയ്യാറാക്കുന്നത്. എന്നാല്‍ അനുവദിക്കുന്ന ഫണ്ടുകള്‍ പാഴാവുകയോ, വക മാറ്റി ചെലവാക്കുകയോ അല്ലാതെ ആദിവാസികള്‍ക്ക് യാതൊരു പ്രയോജനവുമുണ്ടാകുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. സ്ഥലം എംഎല്‍എയുടെ സ്വന്തം പഞ്ചായത്തില്‍ കഴിയുന്ന ജനവിഭാഗത്തിലാണ് ഇത്തരത്തില്‍ അവഗണനയോടെ കഴിയുന്നതെങ്കിലും. പ്രസംഗങ്ങളില്‍ പൊങ്ങിന് ചുവടിലേക്ക് വൈദ്യുതിലൈന്‍ വലിച്ചകാര്യം പറയുന്നതല്ലാതെ ആരും തിരിഞ്ഞു നോക്കാറില്ലെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ കോളനിയിലേക്ക് വിവിധ പദ്ധിതികളില്പ്പെടുത്തി അഞ്ച് ലക്ഷത്തോളം രൂപ വകവച്ചെങ്കിലും ഒരു രൂപയുടെ വികസനം നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഇവിടെ വലിയ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ആദിവാസി വിഭാഗങ്ങളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാരും ജനപ്രതിനിധികളും പിന്തിരിയണമെന്നും, പൊങ്ങിന് ചുവട് കോളനിയില്‍ എത്രയും വേഗം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ദേശീയ ദ്രാവിഡ സാംസ്ക്കാരിക സഭ മധ്യമേഖല സെക്രട്ടറി കെ.സോമന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: