ദമാസ്കസ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ ഞായറാഴ്ച്ചയുണ്ടായ വ്യോമാക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടു. ഭരണപക്ഷമായ ഹാമാ പ്രവിശ്യയിലെ ഹല്‍ഫായ പട്ടണത്തിലെ ബേക്കറിയിലാണ് വ്യോമാക്രമണം ഉണ്ടായത്. യുദ്ധമവസാനിപ്പിക്കുവാനുള്ള ചര്‍ച്ചകള്‍ക്കായി ഐക്യരാഷ്ട്രസഭയുടെ സമാധാന ദൂതന് ലഖ്ദര്‍ ബ്രാഹ്മി സിറിയയിലെത്തിയ വേളയിലാണ് ആക്രമണം ഉണ്ടായത്. നൂറ് പേര് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹല്‍ഫായ പട്ടണത്തില്‍ ഇതാദ്യമായാണ് ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഹല്‍ഫായ പ്രദേശം സിറിയന്‍ വിമതര്‍ കയ്യടക്കിയിരുന്നു. ഇതിന് തിരിച്ചടിയായാണ് സിറിയന്‍ സേന വ്യോമാക്രമണം നടത്തിയത്. നിരവധി കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
മരണസംഖ്യ എത്രയാണെന്ന് കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ബ്രിട്ടണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ കണക്കുകള്‍ പറയുന്നത് 60 പേര് കൊല്ലപ്പെട്ടുവെന്നാണ്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കാരണം 50ലധികം പേര് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. കഴിഞ്ഞയാഴ്ച്ച മുതല്‍ ഈ മേഖലയില്‍ വിമതര്‍ ആക്രമണം ആരംഭിച്ചിരുന്നു. ശനിയാഴ്ച്ച സിറിയന്‍ സേനയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
സിറിയയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുവാനുള്ള ശ്രമങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് അറബിളെഗ് സമാധാനദൂതന്‍ സിറിയ സന്ദര്‍ശിച്ചത്. അറബിളെഗ് സമാധാദൂതന് ലഖ്ദര്‍ ബ്രാഹ്മിയെ കഴിഞ്ഞ സപ്തംബറിലാണ് നിയമിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സിറിയയിലെത്തിയ അദ്ദേഹം ഔദ്യോഗികമായി ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. മൂന്നാം തവണയാണ് ബ്രാഹ്മി സിറിയ സന്ദര്‍ശിക്കുന്നത്. ഇതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
എന്നാല്‍ പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയോടെ സിറിയയ്ക്കെതിരെ ആക്രമണം നടത്തുന്ന ഭീകരരെ രാജ്യത്ത് നിന്നും ഇല്ലായ്മ ചെയ്യുകയാണ് സര്‍ക്കാരിന്റെ നിലപാടെന്നും ഇതില്‍ മാറ്റമുണ്ടായിരിക്കില്ലെന്നും ആക്രമണത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച മന്ത്രി ഒമ്രാന് അല്‍ സൂബി പറഞ്ഞു. വിമതസേനയുമായി അസദ് ഭരണകൂടം ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ വിമതരുടെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച്ചത്തെ ആക്രമണത്തിനുശേഷം സിറിയയിലെ സ്ഥിതിഗതികള്‍ വീണ്ടും വഷളായിരിക്കുകയാണ്.
അതേസമയം, ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ വിമതര്‍ക്കു നേരെ സൈന്യം രാസായുധം പ്രയോഗിച്ചേക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. തന്ത്രപ്രധാന മേഖലയിലേയ്ക്കുള്ള വിമതരുടെ മുന്നേറ്റം തടയാന്‍ ഒന്നോ രണ്ടോ ഇടങ്ങളില്‍ സൈന്യം രാസായുധം പ്രയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ് പറഞ്ഞു.
ആഭ്യന്തരകലാപം എത്ര രൂക്ഷമായാലും പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ് രാജ്യം വിടില്ലെന്നാണ് സൂചനയെന്നും ലവ്റോവ് പറഞ്ഞു. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ രാസായുധങ്ങള്‍ സിറിയയിലെ തീവ്രവാദികളുടെ കൈകളിലെത്തിയാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഊഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, രാസായുധത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് സിറിയന്‍ ഭരണകൂടം ആവര്‍ത്തിച്ചു വ്യക്തമാക്കി. കഴിഞ്ഞ 21 മാസമായി അസാദ് ഭരണകൂടത്തിനെതിരെ സിറിയയില്‍ ആഭ്യന്തര കലാപം നടന്നുവരികയാണ്. ഇതുവരെ 44,000 ഓളം പേര് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: