ഇംഫാല്‍: മണിപ്പുരില്‍ ചലച്ചിത്രസംഘടനകള്‍ ആഹ്വാനംചെയ്ത അനിശ്ചിതകാല ബന്ദിനിടെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ മാധ്യമപ്രവര്ത്തകന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പോലീസുകാരെ സസ്പെന്‍ഡു ചെയ്തു. ഇംഫാലിനു സമീപം തങ്കമെയ്ബാന്ഡ് മേഖലയ്ക്കടുത്താണ് പോലീസ് നടത്തിയ വെടിവയ്പ്പില്‍ ‘പ്രൈം ന്യൂസ്’ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ നാനാവോ സിംഗ് കൊല്ലപ്പെട്ടത്. സംഭവത്തേക്കുറിച്ച് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷന് അന്വേഷണം നടത്തും. ഒരാഴ്ച്ചയ്ക്കകം കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മുഖ്യമന്ത്രി ഇബോബി സിംഗ് പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിനിമാ നടിയെ തീവ്രവാദി നേതാവ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് മണിപ്പൂര്‍ ചലച്ചിത്രസംഘടനകള്‍ അനിശ്ചിതകാല ബന്ദിനു ആഹ്വാനം ചെയ്തത്. അക്രമാസക്തരായ ജനക്കൂട്ടം പോലീസ് വാഹനത്തിനു തീവച്ചതോടെ പോലീസ് വെടിവയ്പ്പ് നടത്തുകയായിരുന്നു. ചാന്തലില് കഴിഞ്ഞ 18നു നടന്ന പാട്ടു മത്സരത്തിനിടെ മണിപ്പൂരി സിനിമാ താരം മൊമൊകയെ നാഷണല്‍ സോഷ്യലിസ്റ് കൗണ്‍സില്‍ ഓഫ് നാഗലിമിന്റെ സ്വയം പ്രഖ്യാപിത ലഫ്. കേണല്‍ ലിവിംഗ്സ്റ്റണ് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: