ഇംഫാല്‍: മണിപ്പൂരില്‍ നടിയെ അപമാനിച്ച സംഭവത്തില്‍ എന്എസ്സിഎന്-ഐഎം ഭീകരനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരു മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ ബസ് കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് വെടിവെച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് മണിപ്പൂര്‍ ഫിലിം ഫോറം സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ 18ന് പൊതു ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് മൊമോകോ എന്ന നടിയെ ലിവിങ്ങ്ടണ് അനല്‍ എന്ന ഭീകരവാദി അപമാനിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് സഹപ്രവര്‍ത്തകര്‍ക്കുനേരെ ഇയാള്‍ വെടിയുതിര്‍ത്തു. നാഗാ ഭീകരവാദസംഘടനയില്പ്പെട്ടയാളാണ് അനല്‍.
ദല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായസംഭവം വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നതിനിടയിലാണ് മണിപ്പൂരില്‍ സമാനമായ സംഭവങ്ങള്‍ അരങ്ങേറുന്നത്. നടിയെ അപമാനിക്കാന്‍ ശ്രമിച്ച ഭീകരനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് ഇവിടെ ഉയരുന്നത്.
ഇന്നലെ രാവിലെ ആരംഭിച്ച ബന്ദ് ആദ്യഘട്ടത്തില്‍ സമാധാനമായിരുന്നു. എന്നാല്‍ ഉച്ചയോടെ അക്രമാസക്തരായ പ്രതിഷേധക്കാര്‍ പോലീസിനുനേരെ തിരിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പ്പിലാണ് പത്രപ്രവര്ത്തകന് കൊല്ലപ്പെട്ടത്. പ്രൈംന്യൂസ് എന്ന പത്രത്തിലെ റിപ്പോര്‍ട്ടറായ നാനോ സിംഗ്(29)ആണ് പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. വെടിയേറ്റയുടനെ നാനോയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് വെടിവെയ്പ്പില്‍ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ മണിപ്പൂരിലും വിവിധ പ്രദേശങ്ങളിലും പ്രതിഷേധം ശക്തമാകുകയായിരുന്നു. പ്രതിഷേധക്കാര്‍ നാലോളം വാഹനങ്ങള്‍ തീവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് പോലീസിനെ അധികമായി വിന്യസിച്ചിട്ടുണ്ട്.
മാധ്യമപ്രവര്ത്തകന് നാനോ സിംഗ് കൊല്ലപ്പെട്ട സംഭവത്തില്‍ ആഭ്യന്തരമന്ത്രി ഗൈകാങ്കം ദു:ഖം അറിയിച്ചു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കിയ ആഭ്യന്തരമന്ത്രി സമാധാനം പുനസ്ഥാപിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. സിംഗിന്റെ മരണത്തെത്തുടര്‍ന്ന് നൂറ് കണക്കിന് പത്രപ്രവര്‍ത്തകര്‍ ആശുപത്രിയലേക്ക് പ്രതിഷേധപ്രകടനം നടത്തി. തുടര്‍ന്ന് മണിപ്പൂര്‍ പ്രസ്ക്ലബിലേക്ക് സിംഗിന്റെ മൃതദേഹം കൊണ്ടുപോയി.
ഇംഫാലിലും പരിസരപ്രദേശങ്ങളിലും പ്രതിഷേധം നടത്തിയവര്‍ക്കുനേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. എന്നാല്‍ പ്രദേശത്ത് നിലയുറപ്പിച്ച പ്രതിഷേധക്കാര്‍ പോലീസിനുനേരെ കല്ലേറ് നടത്തി. പോലീസ് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കാനും ഒരു സംഘം ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റോഡില്‍ തടസം സൃഷ്ടിച്ചും ടയറ് കത്തിച്ചുമാണ് പോലീസ് പട്രോളിങ്ങിനെ പ്രതിഷേധകര്‍ നേരിട്ടത്. പ്രദേശത്തെ പ്രധാന പോലീസ് സ്റ്റേഷനുനേരെയും ഇന്നലെ കല്ലേറുണ്ടായി. നടിയെ അപമാനിച്ചയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അറസ്റ്റ് ഉണ്ടാവാതെ തങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മണിപ്പൂര്‍ ഫിലിം ഫോറത്തിന്റെ നേതൃത്വത്തിലാണ് ഇന്നലെ ബന്ദ് നടന്നത്. എന്നാല്‍ നടിയെ അപമാനിച്ചതില്‍ വന്‍ പ്രതിഷേധമാണ് മണിപ്പൂരില്‍ നിന്നും ഉയരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി മുഖ്യമന്ത്രി ഇബോബി സിംഗ് ഇതിനിടെ കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. കേന്ദ്രവുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് സംഘടനയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇന്നലെ മണിപ്പൂരിലും പരിസരപ്രദേശങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കവും നിലച്ചിരിക്കുകായണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: