പെരുമ്പാവൂര്‍: കഴിഞ്ഞ ഒരാഴ്ചക്കാലമായി പെരുമ്പാവൂരിലെ മരവ്യവസായ ശാലകള്‍ അടച്ചിട്ടുകൊണ്ട് നടത്തിവരുന്ന അനിശ്ചിതകാല സമരം വര്ഗീയവത്കരിക്കുവാന് ശ്രമം നടക്കുന്നതായി ആക്ഷേപം ഉയരുന്നു. സമൂഹത്തിലുണ്ടാകുന്ന മുഴുവന്‍ പകര്‍ച്ചവ്യാധികളുടെയും മലിനീകരണത്തിന്റെയും ഉത്തരവാദിത്വം മരവ്യവസായികളുടെ മേല്കെട്ടിവയ്ക്കുവാനുള്ള ശ്രമം നടത്തുകയാണെന്ന് ആരോപിച്ചാണ് കഴിഞ്ഞ 17 മുതല്‍ വ്യവസായ ശാലകള്‍ അടച്ച് സമരം ആരംഭിച്ചത്. അനിശ്ചിതകാല സമരത്തിനെതിരെ മരവ്യവസായികളില് നിന്നുതന്നെ ഒരുവിഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ സമരത്തേയും ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെയും അനുകൂലിച്ചുകൊണ്ട് ചില വര്‍ഗീയ സംഘടനകള്‍ രംഗത്തെത്തിയതിനെതിരെ പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന സമരത്തെ എസ്ഡിപിഐ, പിഡിപി തുടങ്ങിയ സംഘടനകള്‍ അനുകൂലിച്ച് രംഗത്തെത്തിയതാണ് വിവാദമാകുന്നത്. ഈ സമരം ഒരു മതവിഭാഗത്തിന്റെ മാത്രം പ്രശ്നമാക്കി തീര്‍ക്കുവാനുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ആക്ഷേപമുണ്ട്. ഇത്തരം വര്‍ഗ്ഗീയ വല്‍ക്കരണ ശ്രമം കൊണ്ട് പലരും സമരത്തിനെതിരെ ചിന്തിക്കുവാന്‍ നിര്‍ബന്ധിതരാവുകയാണ്.
സമരം ഇത്രയും ദിവസമായിട്ടും മുഖ്യധാരരാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ടവര്‍ ആരും സമരക്കാര്‍ക്ക് അനുകൂലമായി രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് പെരുമ്പാവൂരിനെ ടിംബര്‍ സോണാക്കി മാറ്റുമെന്ന പ്രഖ്യാപനം നടന്നത്. എല്ഡിഎഫിന്റെതന്നെ എംഎല്‍എയാണ് പെരുമ്പാവൂരിലുള്ളതെങ്കിലും മരവ്യവസായികളുടെ സമരത്തെ ഇതുവരെയും അനുകുലിച്ചിട്ടില്ലെന്നാണറിയുന്നത്. യുഡിഎഫ് കണ്‍വീനര്‍ നാട്ടില്‍ നടന്നുവരുന്ന ഈ വിഷയത്തെ അദ്ദേഹം കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണെന്നും പറയുന്നു. ഈ വിഷയത്തില്‍ വര്‍ഗീയ സംഘടനകളുടെ കടന്നുകയറ്റമാണ് ഇതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എന്നാല്‍ മരവ്യവസായികള്‍ ഇന്ന് അഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനെ ഭൂരിഭാഗം സംഘടനകളും പ്രസ്ഥാനങ്ങളും എതിര്‍ക്കുകയാണ്. ക്രിസ്തുമസ് ആഘോഷക്കാലമായതിനാലും, ശബരിമല മണ്ഡലവ്രതകാലമായതിനാലും ഹര്‍ത്താല്‍ അനവസരത്തിലാണെന്ന് നാട്ടുകാര്‍ പറയുന്നു. മര്‍ച്ചന്റ് അസോസിയേഷനില്‍പ്പെട്ട മിക്ക സ്ഥാപനങ്ങളും ഹര്‍ത്താലിനെ അനുകൂലിക്കുന്നില്ല. ക്രിസ്തുമസിന്റെ കച്ചവടം നടക്കുന്ന സമയത്ത് ഹര്‍ത്താല്‍ നടത്തുന്നത് ജനദ്രോഹപരമാണെന്ന് ചില വ്യാപാരികള്‍ പറയുന്നു. മണ്ഡലകാലത്തെ അവസാന ശനിയാഴ്ചയായതിനാല്‍ ധാരാളം അയ്യപ്പന്മാര് ഇന്ന് ശബരി മലയാത്ര ചെയ്യുന്നുണ്ട്. ഹര്‍ത്താല്‍ കാരണം ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാക്കരുതെന്ന് ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ഇ.ജി.മനോജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: