കൊച്ചി: മഹാരാജാസ് കോളേജിന്റെ സുവര്ണദശകത്തിലെ (1975-85) വിദ്യാര്‍ത്ഥികളുടെ സംഗമം യാദീന്‍-2012 ന്റെ സ്മരണിക ‘ഇത്രമേല്‍ സ്നേഹിച്ച ഇന്നലെ’യുടെ ലോഗോ പ്രകാശനം മഹാരാജാസ് പൂര്‍വവിദ്യാര്‍ത്ഥിനിയും റബ്ബര്‍ബോര്‍ഡ് അധ്യക്ഷയുമായ ഷീലാ തോമസ് നിര്‍വഹിച്ചു.
മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകൃതമാകുന്ന ദശകസ്മരണികയിലേക്ക് ഓര്‍മക്കുറിപ്പുകള്‍, സല്ലാപങ്ങള്‍, ലേഖനങ്ങള്‍, കഥ, കവിത, അനുഭവങ്ങള്‍, അപൂര്‍വചിത്രങ്ങള്‍ എന്നിവ ഉള്പ്പെട്ടതായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മഹാരാജാസിന്റെ സുവര്‍ണജൂബിലി ദശകത്തിലെ മഹാരഥന്മാരുടെയും പൂര്വവിദ്യാര്ത്ഥികളുടെയും മഹാസംഗമമായ യാദീന്‍-12 ഡിസംബര്‍ 30 ന് കാമ്പസിലും ക്ലാസുകളിലും സഭാഗൃഹത്തിലും ഒക്കെ വിസ്തൃതമായി നടക്കും. ക്ലാസുകള്‍ കട്ട് ചെയ്തും ചെയ്യാതെയും പാഠാവലികള്‍ അഭ്യസിച്ചവര്‍ ‘എന്റെ ക്ലാസ് മുറിയിലേക്ക്, ഒരുവട്ടം കൂടി’ പരിപാടിയില്‍ പങ്കെടുത്ത് പഴയ വിദ്യാര്‍ത്ഥികള്‍ ആകും. രാവിലെ 10 ന് ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് 11 നാണ് ക്ലാസ് മുറിയിലേക്ക് വീണ്ടും ഒരു കൗമാരത്തോടെ പൂര്‍വവിദ്യാര്‍ത്ഥികള്‍ എത്തുക. കൊച്ചി മഹാരാജാവിന്റെയും തിരുവിതാംകൂര്‍ മഹാരാജാവിന്റെയും പ്രതിനിധികള്‍ ഉദ്ഘാടനച്ചടങ്ങില്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. ഇരുമഹാരാജാക്കന്മാരുടെയും വീഡിയോസന്ദേശം ഉദ്ഘാടനസഭയില്‍ പ്രദര്‍ശിപ്പിച്ച് കേള്‍പ്പിക്കും. വിശിഷ്ടാതിഥികളായി പി.ടി. തോമസ് എംപി, മുന്‍മന്ത്രി ബിനോയ് വിശ്വം, രാഷ്ട്രപതിയുടെ സെക്രട്ടറി വേണു രാജാമണി, ഷീലാ തോമസ് എന്നിവര്‍ പങ്കെടുക്കും.
പൂര്‍വവിദ്യാര്‍ത്ഥികളെ 10 ഗ്രൂപ്പുകളായി തിരിച്ച് അതാത് ഡിപ്പാര്‍ട്ടുമെന്റുകളിലെ ക്ലാസ്മുറികളില്‍ ഇരുത്തി ഓര്‍മകള്‍ക്കായി ‘ഒരു അവര്‍’ ഒരുക്കുന്നു. മിസ്റ്റര്‍ മഹാരാജാസ്, മിസിസ് മഹാരാജാസ്, മികച്ച ദമ്പതിമാര്‍, പുഞ്ചിരി മത്സരം, ‘ബെസ്റ്റ് അറ്റയര്‍ ഓഫ് 70-80’ കവിതാ സമാഹാരം എന്നീ മത്സരങ്ങളും ഡിപ്പാര്‍ട്ടുമെന്റ് തലത്തില്‍ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനത്തില്‍വെച്ച് ഗുരുശ്രേഷ്ഠന്മാരായ ഡോ. മധുക്കര്‍ റാവു, ഡോ. എം. ലീലാവതി, സാനുമാസ്റ്റര്‍, പ്രൊഫ. എം.കെ. പ്രസാദ് എന്നിവര്‍ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
വൈകിട്ട് 5 മുതല്‍ ഡോ. സുരേഷ് മണിമല നയിക്കുന്ന മഹാരാജകീയ ഗാനമേളയില്‍ മഹാരാജാസിന്റെ പൂര്വസംഗീത പ്രതിഭകള്‍ ഒന്നടങ്കം ആലാപഹരിയില് അണിനിരക്കും. ഗാനമേളക്ക് ശേഷം രാജകീയ ദൃശ്യ വിസ്മയം ‘മള്‍ട്ടിമീഡിയ ഷോ’യും ഉണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. ജോര്‍ജ് തോമസ്, ഷീലാ തോമസ്, സജീവ് കരുണാകര്‍, ആര്.കെ. ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: