Categories: Kerala

ശബരിമല ബസുകള്‍ക്ക്‌ ചടയമംഗലം ഡിപ്പോയില്‍ വിലക്ക്‌

Published by

ചടയമംഗലം (കൊല്ലം): അയ്യപ്പഭക്തര്‍ സഞ്ചരിക്കുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക്‌ ചടയമംഗലം ഡിപ്പോയില്‍ വിലക്ക്‌. ശബരിമലയ്‌ക്ക്‌ തീര്‍ത്ഥാടകരെയും വഹിച്ച്‌ പോകുന്ന വാഹനങ്ങള്‍ ഡിപ്പോയില്‍ കയറരുതെന്ന എടിഒയുടെ നിര്‍ദേശമാണ്‌ വിവാദമാവുന്നത്‌. മറ്റ്‌ ഡിപ്പോകളില്‍ നിന്ന്‌ അലങ്കരിച്ചെത്തുന്ന വാഹനങ്ങളോടാണ്‌ എടിഒയ്‌ക്ക്‌ അലര്‍ജി. കഴിഞ്ഞദിവസം ശാര്‍ക്കര ക്ഷേത്രത്തില്‍ നിന്ന്‌ പമ്പയ്‌ക്ക്‌ പോകാന്‍ എത്തിയ ബസുകള്‍ക്കാണ്‌ ചടയമംഗലം എടിഒ ബഷീര്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്‌. എല്ലാ വര്‍ഷവും മണ്ഡലകാലത്ത്‌ ശബരിമലയിലേക്ക്‌ സ്പെഷ്യല്‍ സര്‍വീസ്‌ നടത്തിയിരുന്ന ഡിപ്പോയില്‍ നിന്ന്‌ ഇത്തവണ ഒരു ബസുപോലുമില്ല. അതിനും പുറമേയാണ്‌ ഇപ്പോള്‍ മറ്റ്‌ ഡിപ്പോകളില്‍ നിന്ന്‌ അയയ്‌ക്കുന്ന വാഹനങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഇടത്താവളങ്ങളായ ആര്യങ്കാവ്‌, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ മേഖലകളിലേക്ക്‌ നൂറുകണക്കിന്‌ തീര്‍ത്ഥാടകരാണ്‌ ചടയമംഗലം വഴി യാത്ര ചെയ്യുന്നത്‌. ഐതിഹ്യപ്പെരുമ പേറുന്ന ജടായുപ്പാറ തീര്‍ത്ഥാടനവും ചടയമംഗലത്തേക്ക്‌ ഭക്തരെ ആകര്‍ഷിക്കുന്നുണ്ട്‌. എടിഒ ബഷീറിന്റെ നടപടികള്‍ മൂലം തീര്‍ത്ഥാടനത്തിന്‌ ചടയമംഗലം ഡിപ്പോയെ ആശ്രയിക്കുന്നവര്‍ നട്ടം തിരിയുകയാണ്‌.

ജില്ലയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ കൂനമ്പായിക്കുളം ദേവീക്ഷേത്രത്തിലേക്ക്‌ ഈ ഡിപ്പോയില്‍ നിന്ന്‌ ആഴ്ചയിലൊരിക്കല്‍ സര്‍വീസ്‌ നടത്തിയിരുന്ന ബസും ഇദ്ദേഹം നിര്‍ത്തലാക്കിയിരുന്നു. ഇതിനെതിരെ സ്ത്രീകളടക്കമുള്ള ഭക്തജനങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്നാണ്‌ സര്‍വീസ്‌ പുനരാരംഭിച്ചത്‌.

അയ്യപ്പന്മാരെ അപമാനിക്കുന്ന എടിഒയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്‌. ഡിപ്പോയില്‍ നിന്ന്‌ പമ്പ സര്‍വീസ്‌ പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കുമെന്ന്‌ ഹിന്ദുസംഘടനകള്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by