ലണ്ടന്‍: ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജെ വീണ്ടും രംഗത്തെത്തി. ലോകത്തിലെ പല രാജ്യങ്ങളെയും സംബന്ധിച്ചുള്ള രഹസ്യരേഖകള്‍ അടുത്ത വര്‍ഷം പുറത്തുവിടുമെന്ന് അസാഞ്ജെ മുന്നറിയിപ്പ് നല്കി. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാഞ്ജെ ഇന്നലെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ആറ് മാസമായി ലണ്ടനിലെ എംബസിയില്‍ കഴിയുന്ന അസാഞ്ജെ ലോകരാജ്യങ്ങള്‍ക്കുള്ള തന്റെ ക്രിസ്തുമസ് സന്ദേശമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്.
ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നുകിടക്കുകയാണ്. താന്‍ ഇപ്പോഴും അതിന് തയ്യാറാണ്. നൂറ് കണക്കിന് വരുന്ന ആളുകള്‍ക്കിടയിലാണ് അസാഞ്ജെ തന്റെ പ്രസംഗം നടത്തിയത്. 2012 എനിക്ക് വലിയ വര്‍ഷമായിരുന്നു. വിവിധ രാജ്യങ്ങളിലെ രഹസ്യ രേഖകള്‍ ഇക്കൊല്ലം വിക്കിലീക്ക്സ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ തന്നെ 2013 ഉം തനിക്ക് തിരക്കേറിയ വര്‍ഷമായിരിക്കുമെന്നും അസാഞ്ജെ പറഞ്ഞു. വിവിധ രാജ്യങ്ങളുടെ പത്ത് ലക്ഷത്തിലധിതം രഹസ്യ രേഖകളാണ് വിക്കിലീക്ക്സ് തയ്യറാക്കിയിരിക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന രേഖയായിരിക്കും ഇതെന്നും നിറഞ്ഞ കയ്യടിയോടെ അസാഞ്ജെ മുന്നറിയിപ്പ് നല്കി. സിറിയ അടക്കമുള്ള രാജ്യങ്ങളുടെ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും അസാഞ്ജെ ഓര്‍മ്മിപ്പിച്ചു.
അമേരിക്കയുടെ ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള രഹസ്യരേഖകള്‍ പുറത്തുകൊണ്ടുവന്ന വിക്കിലീക്ക്സ് എന്ന രഹസ്യ ഏജന്‍സിയുടെ സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെതിരെ ലൈംഗിക അപവാദക്കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അസാഞ്ജെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടുന്നത്.
യുഎസും മറ്റ് രാജ്യങ്ങളുടേയും വിലക്കുകള്‍ ലംഘിച്ച് തനിക്ക് അഭയം നല്കിയ ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കോറിയയക്ക് നന്ദി അറിയിച്ച അസാഞ്ജെ അമേരിക്കയേയും പാശ്ചാത്യ രാജ്യങ്ങളേയും വിമര്‍ശിക്കാന്‍ മറന്നില്ല. യഥാര്‍ത്ഥ ജനാധിപത്യം വൈറ്റ് ഹൗസും ക്യാമറകളുമല്ല. സത്യത്തെ ആയുധമാക്കി തഹ്രീര്‍ സ്ക്വയറിലും മറ്റും ജനങ്ങള്‍ നടത്തുന്ന പ്രതിഷേധമാണ് യഥാര്‍ത്ഥ ജനാധിപത്യമെന്നും അസാഞ്ജെ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ നടത്താന്‍ ഞാന്‍ തയ്യാറാണ്. ഇതിനുള്ള വാതില്‍ തുറന്ന് കിടക്കുകയാണ്. ഏത് സമയത്തും ഇതിന് നിങ്ങള്‍ക്ക് കടന്നുവരാമെന്നും പ്രസംഗത്തിന്റെ അവസാനം അസാഞ്ജെ ഓര്‍മ്മിപ്പിച്ചു.
അതേസമയം, തന്റെയും തന്റെ രാജ്യത്തിന്റെയും പിന്തുണ അസാഞ്ജിന് എപ്പോഴും ഉണ്ടായിരിക്കുമെന്ന് ഇക്വഡോര്‍ അംബാസിഡര്‍ പ്രസ്താവനയില്‍ അറിയിച്ചു. ആറ് മാസങ്ങള്‍ക്കുമുമ്പ് രാഷ്ട്രീയ അഭയം തേടിയാണ് അസാഞ്ജെ ഇവിടെ എത്തിയത്. സ്വതന്ത്രമായി ചിന്തിക്കുകയും അഭിപ്രായ പ്രകടനം നടത്തുകയും ചെയ്ത ഒരു വ്യക്തിമേല് നിയന്ത്രണം ഏര്‍പ്പെടുത്തിയതുകൊണ്ടാണ് തങ്ങള്‍ അദ്ദേഹത്തിന് അഭയം നല്‍കിയത്. ഇവിടെ അദ്ദേഹത്തിന് പൂര്‍ണ സ്വാതന്ത്യമുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
ആഗസ്റ്റ് 19ന് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് ജനങ്ങളെ അഭിസംബോധ ചെയ്തതിനുശേഷം ഇതാദ്യമായാണ് അസാഞ്ജെ ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്. അന്ന് അമേരിക്കയേയും പ്രസിഡന്റ് ബരാക് ഒബാമയുടെ നയങ്ങള്‍ക്കെതിരെയും അസാഞ്ജെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. 41 കാരനായ അസാഞ്ജെയുടെ ആരോഗ്യനില മോശമാണെന്ന് ചില വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അമേരിക്കയുടെ നയതന്ത്രഫയലുകള്‍ പുറത്തുവിട്ടത് വന്‍ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇക്കാരണത്താല്‍ തനിക്ക് തടവ് ശിക്ഷയോ വധശിക്ഷയോ വിധിക്കാനും അസാഞ്ജെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: